ജനങ്ങൾക്കുവേണ്ടി, ജനാധിപത്യത്തിനും
Mail This Article
നിയമലംഘനങ്ങൾ ആരോപിച്ചുള്ള കേസുകളിൽ അന്വേഷണ നടപടികളും തികച്ചും നിയമപരമായിരിക്കണം. അല്ലാതെവരുമ്പോൾ അന്വേഷണ ഏജൻസികളുടെയും അവരെ ന്യായീകരിക്കുന്ന സർക്കാരിന്റെയും ഉദ്ദേശ്യശുദ്ധിയാവും ചോദ്യം ചെയ്യപ്പെടുക’ – ന്യൂസ്ക്ലിക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബർ ആറിനു മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇങ്ങനെയാണു തുടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പ്രബീർ പുർകായസ്ഥയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ വ്യക്തമാക്കിയതും അതുതന്നെ: കൃത്യമായ കാരണം ഉടനടി രേഖാമൂലം അറിയിക്കാതെയുള്ള അറസ്റ്റും റിമാൻഡ് നടപടികളും നിയമവിരുദ്ധമാണ്.
പ്രബീറിന്റെ കേസിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ രാജ്യത്തെ പരമോന്നത നീതിപീഠം ജനങ്ങൾക്കൊപ്പമെന്നും ജനാധിപത്യവും ഭരണഘടനയും അതിന്റെ അടിസ്ഥാനമൂല്യങ്ങളും സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നുവെന്നുമുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു.
നിയമവിരുദ്ധ പ്രവൃത്തികൾ തടയാനുള്ള നിയമം (യുഎപിഎ), കള്ളപ്പണ നിരോധന നിയമം (പിഎംഎൽഎ) എന്നിവ ഭരണകൂടത്തിന്റെ താൽപര്യത്തിനനുസരിച്ച് ഉപയോഗിക്കപ്പെടുന്നതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അമിതാധികാരം പ്രയോഗിക്കുന്നതും കേന്ദ്ര സർക്കാർ സിബിഐയെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നതുമെല്ലാം ജനാധിപത്യവിരുദ്ധമെന്നു വിമർശിക്കപ്പെടുന്ന കാലത്ത് കോടതിയുടെ സമീപനത്തിനു നിർണായകസ്വഭാവം കൈവരുന്നു.
ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനയുടെ 20,21,22 വകുപ്പുകൾ നൽകുന്ന ഏറ്റവും പവിത്രമായ മൗലികാവകാശമാണെന്നു നിരീക്ഷിച്ചാണു കോടതി പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ റദ്ദാക്കിയത്. യുഎപിഎയിലേതുൾപ്പെടെ ഏതു വകുപ്പു ചുമത്തി അറസ്റ്റ് ചെയ്താലും, നടപടി നേരിടുന്ന വ്യക്തിക്ക് അതിന്റെ കാരണം രേഖാമൂലം അറിയാൻ മൗലികവും നിയമപരവുമായ അവകാശമുണ്ടെന്നാണു കോടതി വ്യക്തമാക്കിയത്.
കാരണം അറിയിക്കൽ താമസംവിനാ ഉണ്ടാകണം; അഭിഭാഷകരെ വിവരമറിയിക്കാനും പൊലീസ് കസ്റ്റഡിയെ എതിർത്തു ജാമ്യം തേടാനും ഇത് ആവശ്യമാണ്. അറസ്റ്റിന്റെ കാരണം അറിയാനുള്ള മൗലികാവകാശം നിഷേധിക്കുന്നത് ഭരണഘടനാലംഘനമാകുമെന്നും അതു കർശനമായി നേരിടേണ്ടതുണ്ടെന്നും കോടതി മുന്നറിയിപ്പിന്റെ ഭാഷയിൽ വ്യക്തമാക്കുകയുണ്ടായി.
പിഎംഎൽഎ കേസുകളിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം യഥേഷ്ടം വിനിയോഗിക്കാൻ ഇ.ഡിക്കു കഴിയില്ലെന്നു സുപ്രീം കോടതി വ്യാഴാഴ്ച വ്യക്തമാക്കിയത് ഇതിന്റെ തുടർച്ചയായിവേണം കാണാൻ. ഇത്തരം കേസുകളിൽ കുറ്റാരോപിതരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നാണ്, മുൻകൂർ ജാമ്യം നിഷേധിച്ച പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെതിരായ കേസിൽ സുപ്രീം കോടതി വിധിച്ചത്.
യുഎപിഎ നിയമപ്രകാരം അറസ്റ്റിലാകുന്നവർ വിചാരണകാത്ത് വർഷങ്ങളോളം ജാമ്യം കിട്ടാതെ ജയിലിൽ കഴിയുകയെന്നതാണു നിലവിലെ സ്ഥിതി. മിക്ക യുഎപിഎ കേസുകളും വിചാരണയ്ക്കുശേഷം തള്ളിപ്പോകാറുമുണ്ട്. യുഎപിഎ പ്രകാരം അറസ്റ്റിലായ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ അന്ത്യം ഇതോടു ചേർത്ത് ഓർക്കേണ്ടതാണ്.
താഴെത്തട്ടിലുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ്ബന്ധം ആരോപിച്ച് അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിച്ചു ജയിലിലിട്ടു. പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും അതൊക്കെ നിരാകരിക്കപ്പെട്ടതിനാൽ ഒടുവിൽ ജാമ്യം ലഭിക്കാതെതന്നെ ആ എൺപത്തിനാലുകാരന് അന്ത്യയാത്രയാകേണ്ടിവന്നു.
ഡൽഹി സർവകലാശാലാ മുൻ പ്രഫസർ ജി.എൻ.സായ്ബാബയെ 2014ൽ ആണ് മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പോളിയോ ബാധിച്ചു ശരീരത്തിന്റെ 90 ശതമാനവും തളർന്നതിന്റെ അവശതകളോടെ നാഗ്പുർ സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്ന അദ്ദേഹത്തെ ബോംബെ ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ കുറ്റവിമുക്തനാക്കി. ഒരു പതിറ്റാണ്ടുകാലം അദ്ദേഹവും കുടുംബവും അനുഭവിച്ച ദുരിതത്തിന് എന്ത് ഉത്തരമാണ് അധികൃതർക്കു പറയാനുള്ളത് ?
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം ഇ.ഡി ഇതിനകം അറസ്റ്റ് ചെയ്ത പ്രതിപക്ഷനേതാക്കൾ കുറച്ചൊന്നുമല്ല. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പല നടപടികളും ജനാധിപത്യവിരുദ്ധമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, കേജ്‌രിവാളിനു സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യത്തിനു പ്രാധാന്യമേറെയാണ്. മദ്യനയക്കേസിൽ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ച് അഞ്ചു ദിവസം കഴിഞ്ഞാണ്. തുടർന്ന്, 50–ാം ദിവസമാണ് ഇ.ഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കോടതി കേജ്‌രിവാളിനു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനെന്നോണം ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.
സ്വേച്ഛാധിപത്യ നിലപാടും പ്രതികാരരാഷ്ട്രീയവുമാണ് പല നടപടികൾക്കും പിന്നിലെന്ന ആക്ഷേപം ഈ ജനാധിപത്യ രാഷ്ട്രത്തെ കളങ്കപ്പെടുത്തുന്നു. ഏറ്റവും പവിത്രമായ മൗലികാവകാശത്തെക്കുറിച്ചു സുപ്രീം കോടതി ഇപ്പോൾ വീണ്ടും ഓർമിപ്പിച്ചിരിക്കുകയാണ്. ഇനിയെങ്കിലും അതു ബന്ധപ്പെട്ടവരുടെ മനസ്സിൽ മായാതെനിൽക്കുമെന്നു പ്രതീക്ഷിക്കാം.