ADVERTISEMENT

ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രം എക്കാലത്തും അതേപടി നിലനിൽക്കേണ്ടതു ഭാവിയുടെ കൂടി ആവശ്യമായിവേണം കാണാൻ. അതുകെ‍ാണ്ടുതന്നെ, മഹനീയമായ ആ ആധാരശിലയിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കേണ്ടതും ഭാവിതലമുറകൾക്കു വേണ്ടിയാണ്. വേർതിരിവുകളോ അസഹിഷ്ണുതയോ വിവേചനമോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല. എന്നാൽ, ഇന്ത്യ കാലങ്ങളായി നിധിപോലെ കാത്തുവയ്ക്കുന്ന അടിസ്‌ഥാനമൂല്യങ്ങളായ മതനിരപേക്ഷതയും ബഹുസ്വരതയും സഹിഷ്ണുതയും കൈമോശം വരികയാണോ എന്ന ആശങ്ക പെരുകുകയാണിപ്പോൾ. ഈ നിർഭാഗ്യ സാഹചര്യമുണ്ടാക്കുന്നതിൽ വിദ്വേഷപ്രസംഗങ്ങൾക്കു കാര്യമായ പങ്കുണ്ടുതാനും.

രാഷ്ട്രീയ നേതാക്കൾമാത്രമല്ല, ഉത്തരവാദപ്പെട്ട ഭരണസ്ഥാനങ്ങൾ വഹിക്കുന്നവർപോലും വിദ്വേഷ പ്രസംഗങ്ങൾ നടത്തിവരുന്നത് മൂല്യങ്ങളുടെ അനുപമമായ ശോഭകെ‍ാണ്ട് തലയുയർത്തിനിൽക്കുന്ന ഈ രാഷ്ട്രത്തിനുതന്നെ നാണക്കേടാണെന്നതിൽ സംശയമില്ല. പൊതുരംഗത്തുള്ളവർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സമീപകാലത്തായി സുപ്രീം കോടതി കർശന ഇടപെടലുകൾ നടത്തിവരികയാണ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളർത്താമെന്നതു മാത്രമാണ് ഇത്തരം പ്രസംഗങ്ങൾകൊണ്ടുള്ള പ്രയോജനമെന്നു കോടതി പറഞ്ഞതു നാലു വർഷംമുൻപാണ്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യസംവിധാനത്തിൽ തുല്യത നിഷേധിക്കലാണ് വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഭവിക്കുന്നതെന്നും അന്നു കോടതി ഓർമിപ്പിച്ചിരുന്നു. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കു സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ സാഹോദര്യം സാധ്യമാകില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചതാവട്ടെ രണ്ടു വർഷംമുൻപും.

ഈ പെ‍ാതുതിരഞ്ഞെടുപ്പുകാലത്ത് അങ്ങേയറ്റം കടുത്ത വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിനു കേൾക്കേണ്ടിവന്നു. എന്നാൽ, അതു കേൾക്കാത്തമട്ടിലായിരുന്നു മിക്കപ്പോഴും തിരഞ്ഞെടുപ്പു കമ്മിഷന്റെയും പെ‌ാലീസിന്റെയും നിലപാട്. നിന്ദ്യമായ വിദ്വേഷ പരാമർശങ്ങളിലൂടെ അതിന് ഇരകളാകുന്നവർമാത്രമല്ല, നാം പെരുമ കെ‍ാള്ളുന്ന ജനാധിപത്യവും ബഹുസ്വരതയും മതനിരപേക്ഷ ഭാരതവും കൂടിയാണ് അപമാനിക്കപ്പെടുന്നത് എന്നതു തിരിച്ചറിഞ്ഞുള്ള ഉചിത നടപടികളാണു വേണ്ടിയിരുന്നതെങ്കിലും അതല്ല സംഭവിച്ചത്. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ എന്തു നടപടി സ്വീകരിച്ചെന്നു ഡൽഹി കോടതി ആരാഞ്ഞതിന് ഈ സാഹചര്യത്തിൽ മുഴക്കമേറുന്നു. രാജസ്ഥാനിൽ ഏപ്രിൽ 21നു മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മതസ്പർധ വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 

പരാതി ലഭിച്ചിരുന്നോ, അതിൽ എന്തു നടപടി സ്വീകരിച്ചു, അന്വേഷണം നടത്തിയോ, അന്വേഷണത്തിൽ തെറ്റായി എന്തെങ്കിലും കണ്ടെത്തിയോ, കണ്ടെത്തിയെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തോ എന്നീ വിഷയങ്ങളിലാണു പൊലീസ് മറുപടി നൽകേണ്ടത്. വിഷയം ജൂൺ അഞ്ചിനു കോടതി വീണ്ടും പരിഗണിക്കും. അധികാരസ്ഥാനത്തുള്ളവർ പുലർത്തേണ്ട മാതൃകാപരമായ നിലപാടുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽക്കൂടിയായി ഡൽഹി കോടതിയുടെ ഇടപെടലിനെ കാണാം. 

ഈ തിരഞ്ഞെടുപ്പുകാലത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ പുലർത്തിവരുന്ന നിരുത്തരവാദിത്തംകൂടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സമൂഹത്തിൽ ഭിന്നിപ്പിനു കാരണമാകുന്ന പരാമർശങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയുമുൾപ്പെടെ ലംഘനമാണെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ നിഷ്പക്ഷ സമീപനമല്ല പുലർത്തുന്നതെന്നാണു പരാതി. കമ്മിഷന്റെ ഇപ്പോഴത്തെ സമീപനം, പല കാലങ്ങളിൽ അതിന്റെ പ്രവർത്തനത്തെക്കുറിച്ചു സുപ്രീം കോടതിയിൽനിന്നുൾപ്പെടെ ഉണ്ടായ വിമർശനങ്ങളോടു ചേർത്തുവയ്ക്കുകയുംവേണം. ഈ സാഹചര്യത്തിലാണു ഡൽഹി കോടതിയിൽനിന്നുണ്ടായ ഇടപെടലിനു പ്രസക്തിയേറുന്നതും.

മതാടിസ്ഥാനത്തിലുള്ള വേർതിരിവിന്റെ രാഷ്ട്രീയവും അതു പ്രകടമാക്കുന്ന വാക്കുകളും തിരഞ്ഞെടുപ്പു കാലത്തുമാത്രമല്ല, ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്‌ട്രമാണെന്ന വസ്തുത സൗകര്യപൂർവം മറക്കാനുള്ളതല്ല, ഏതു കാലത്തും ഏതു സാഹചര്യത്തിലും അഭിമാനത്തോടെ ഓർമിക്കാനുള്ളതാണ്. ഈ അഭിമാനത്തിനു കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്‌താവനകളും വിദ്വേഷപ്രസംഗങ്ങളും എവിടെനിന്നും ഉണ്ടായിക്കൂടാ.

English Summary:

Editorial about the concern raised by hate speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com