ADVERTISEMENT

സുദീർഘമായ നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയയിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 57 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പു നടക്കും. അതെക്കുറിച്ചുള്ള വാ‍ർത്തകൾ സമൂഹമാധ്യമങ്ങളിൽ സ്ക്രോൾ ചെയ്തു പോകുമ്പോഴാണ് ഈ സംശയം മനസ്സിൽ കയറിക്കൂടിയത്: ഇന്നു പോളിങ് ബൂത്തിലേക്കു പോകുന്ന സ്ത്രീകളിൽ വിരലിൽ നെയിൽപോളിഷ് ഇട്ടവർക്കു വോട്ടു ചെയ്യാൻ കഴിയുമോ?

രണ്ടാംഘട്ടത്തിൽ കേരളത്തിൽ വോട്ടു ചെയ്ത, നെയിൽപോളിഷിട്ട ചില വനിതകളോടു ചോദിച്ചപ്പോൾ അവർക്കു വോട്ടു ചെയ്യാൻ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അപ്പോൾപ്പിന്നെ? തിരഞ്ഞെടുപ്പുകാലത്ത് വാട്സാപ്പിലും മറ്റും വ്യാപകമായി പ്രചരിച്ച സന്ദേശമാണു കൺഫ്യൂഷനുണ്ടാക്കിയത്. ‘സ്ത്രീകളേ, കയ്യിലെ നെയിൽപോളിഷ് മാറ്റിക്കോളൂ, അല്ലെങ്കിൽ നിങ്ങളെ വോട്ടു ചെയ്യാൻ അനുവദിക്കില്ല’ എന്നാണ് സന്ദേശം. അങ്ങനെയൊരു പ്രശ്നമേയില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ആരോ പടച്ചുവിട്ട ഒരു തമാശ മെസേജാണ് രാജ്യമെങ്ങും കറങ്ങിയത്.

ഇതു കണ്ട് ശരിക്കും നെയിൽപോളിഷ് മായ്ച്ചുകളഞ്ഞ സ്ത്രീകൾ ആരെങ്കിലുമുണ്ടാകുമോ ആവോ!

നമുക്കൊക്കെ അത്യാവശ്യം കുഴപ്പമില്ലാതെ ശുദ്ധജലം കിട്ടുന്നതുകൊണ്ട് അതിന്റെ വിലയറിയില്ലെന്നു പറയാറുണ്ടല്ലോ. ശരിക്കും വെള്ളത്തിന് എന്തു വിലയുണ്ട്? കഴിഞ്ഞ ദിവസം വാട്സാപ്പിൽ കിട്ടിയ ചിത്രത്തിന്റെ അടിക്കുറിപ്പിലാണ് ഏറ്റവും വിലകൂടിയ കുടിവെള്ളത്തെക്കുറിച്ചൊരു ധാരണ കിട്ടിയത്. ചിത്രത്തിൽ കാണുന്ന വനിത കുടിക്കുന്ന കുപ്പിവെള്ളത്തിന്റെ വില 50 ലക്ഷം രൂപയാണത്രേ! ആ വനിത ആരെന്നല്ലേ? സാക്ഷാൽ നിത അംബാനി. റിലയൻസിലെ മുകേഷ് അംബാനിയുടെ ഭാര്യ, ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമ.

കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎൽ ടൂർണമെന്റിൽ മുംബൈ ടീമിന്റെ കളി കണ്ടുകൊണ്ടിരിക്കെ നിത അംബാനി സ്വർണനിറമുള്ള കുപ്പിയിൽനിന്നു വെള്ളം കുടിക്കുന്നതാണു ചിത്രം. നിതയുടെ കയ്യിലിരിക്കുന്ന സ്വർണക്കുപ്പി’യെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിനോക്കിയപ്പോൾ ഒരു കാര്യം വ്യക്തമായി: വെള്ളത്തിനു മാത്രമല്ല, ആ കുപ്പിക്കുമുണ്ട് വില.  കുപ്പിയുടെ പേര് ‘അക്വ ദ് ക്രിസ്റ്റലോ ട്രിബൂട്ടോ അ മോദിലിയാനി’ എന്നാണ്. 750 മില്ലിലീറ്റർ വെള്ളം മാത്രം കൊള്ളുന്ന കുപ്പിയുടെ വില ഏതാണ്ട് 50 ലക്ഷം രൂപ. 24 കാരറ്റ് സ്വർണത്തിൽ പ്രത്യേക ഡിസൈനിൽ ഇതു തയാറാക്കിയത് ലോകപ്രശസ്ത കുപ്പി ഡിസൈനർ (അതെ, അങ്ങനെയുമുണ്ട് ഒരു കലാമേഖല) ഫെർണാണ്ടോ അൽറ്റമിറാനോ. കുപ്പിക്കു മാത്രമല്ല അതിലുള്ള വെള്ളത്തിലുമുണ്ട് 5 ഗ്രാം സ്വർണം. ഐസ്‌ലൻഡ്, ഫിജി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ പർവതശിഖരങ്ങളിൽനിന്നു ശേഖരിച്ച ലോകത്തിലെ ഏറ്റവും ശുദ്ധമായ വെള്ളമാണ് സ്വർണം കലക്കി കുപ്പിയിലാക്കുന്നത്. 50 ലക്ഷം കൊടുത്തു കുടിച്ചാലും കുഴപ്പമില്ലെന്നർഥം!


‘അക്വ ദ് ക്രിസ്റ്റലോ ട്രിബൂട്ടോ അ മോദിലിയാനി’ സ്വർണക്കുപ്പി
‘അക്വ ദ് ക്രിസ്റ്റലോ ട്രിബൂട്ടോ അ മോദിലിയാനി’ സ്വർണക്കുപ്പി

അതിരിക്കട്ടെ, നമ്മുടെ വിഷയം കുപ്പിയല്ലല്ലോ, നിത അംബാനി ഐപിഎൽ കളിക്കിടെ ശരിക്കും സ്വർണക്കുപ്പിയിൽ സ്വർണവെള്ളം കുടിച്ചോ? ഇന്റർനെറ്റിൽ വീണ്ടും തിരയുമ്പോൾ മറ്റൊരു ചിത്രം കിട്ടി. അതിൽ നിത അംബാനി സാധാരണ പ്ലാസ്റ്റിക് കുപ്പിയിൽനിന്നു വെള്ളം കുടിക്കുന്നു. രണ്ടു ചിത്രത്തിലും നിതയുടെ വസ്ത്രം, കണ്ണട, വാച്ച്, കയ്യിലെ കെട്ട് എല്ലാം ഒന്നുതന്നെ!

സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കാര്യം വ്യക്തമായി. യഥാർഥ ചിത്രം പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നതാണ്. അതിലെ പ്ലാസ്റ്റിക് കുപ്പി മാറ്റി സ്വർണക്കുപ്പി ചേർത്തുണ്ടാക്കിയ കൃത്രിമ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കംപ്യൂട്ടറിലും ഫോണിലുമൊക്കെ ഇത്തരം കൃത്രിമപ്പണി എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന ഇഷ്ടം പോലെ ആപ്പുകളും പ്രോഗ്രാമുകളുമുണ്ടല്ലോ. അതുതന്നെ സംഗതി, മോർഫിങ്!

ഇനി, നിത അംബാനി എപ്പോഴെങ്കിലും ഇൗ സ്വർണക്കുപ്പിവെള്ളം കുടിച്ചിട്ടുണ്ടാകുമോ? അതു നമുക്കറിയില്ല, പക്ഷേ, 50 ലക്ഷത്തിന്റെ വെള്ളം കുടിക്കണമെന്നു വച്ചാൽ അവർക്കതിനു യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് എല്ലാവർക്കുമറിയാം!

ലോകത്തെ മറ്റൊരു മഹാധനികനായ ബിൽ ഗേറ്റ്സിന്റെ വിഡിയോ വാട്സാപ്പിലെത്തി. ബിൽ ഗേറ്റ്സിനെ ചോദ്യങ്ങൾകൊണ്ട് ഇരുത്തിപ്പൊരിക്കുകയാണ് മാധ്യമപ്രവർത്തക. പ്രകോപനപരമായ ചോദ്യങ്ങളുടെ ചില സാംപിളുകൾ കേട്ടോളൂ: ‘നിങ്ങൾ ലോകത്തിന് എന്തു സംഭാവന നൽകിയെന്നാണ്?’, ‘നിങ്ങളല്ല മൈക്രോസോഫ്റ്റ് കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം കണ്ടുപിടിച്ചത്. അതുണ്ടാക്കിയ ആളിൽനിന്ന് നിങ്ങൾ ചുളുവിലയ്ക്ക് അടിച്ചുമാറ്റുകയല്ലേ ചെയ്തത്?’, ‘നിങ്ങൾ കോവിഡ് വാക്സീന്റെ വലിയ പ്രമോട്ടർ ആയിരുന്നല്ലോ. വാക്സീൻ മൂലം ആളുകൾ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. മനുഷ്യരെ കൊലയ്ക്കു കൊടുത്തു നിങ്ങൾ കൊള്ളലാഭം ഉണ്ടാക്കുകയായിരുന്നില്ലേ?’

ഗേറ്റ്സിന് മറുപടി പറയാൻ സാവകാശം പോലും കൊടുക്കാതെ ചറപറ ചോദ്യങ്ങൾ ചോദിക്കുകയാണ് അഭിമുഖകാരി. ഒടുവിൽ സഹികെട്ട് ഗേറ്റ്സ് അഭിമുഖം ഇവിടെ അവസാനിക്കുകയാണ് എന്നു പറയുന്നു.

ഇത്തരത്തിൽ ഒരു അഭിമുഖമുണ്ടാകാൻ സാധ്യത കുറവാണല്ലോ എന്ന സംശയത്തിൽ നെറ്റിൽ തിരഞ്ഞപ്പോൾ യഥാർഥ സംഗതി പുറത്തുവന്നു. ഒരു വർഷം മുൻപ് സാറാ ഫെർഗൂസൻ എന്ന മാധ്യമപ്രവർത്തക ഗേറ്റ്സുമായി നടത്തുന്ന സംഭാഷണത്തിന്റെ വിഡിയോ എബിസി ന്യൂസ്–ഓസ്ട്രേലിയയുടെ യുട്യൂബ് ചാനലിൽ കിടപ്പുണ്ട്. നമ്മൾ നേരത്തേ വാട്സാപ്പിൽ കണ്ട അതേ അഭിമുഖം. ദൃശ്യം ഒന്നുതന്നെ, ചോദ്യങ്ങളും മറുപടിയും മാത്രം വ്യത്യസ്തം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകൾ ഉപയോഗിച്ചു സാറായുടെയും ഗേറ്റ്സിന്റെയും ശബ്ദം കൃത്രിമമായി കൂട്ടിച്ചേർത്തു പ്രചരിപ്പിച്ചതാണ് വാട്സാപ് ക്ലിപ്.

English Summary:

Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com