വോട്ടർക്ക് സലാം
Mail This Article
അപ്രതീക്ഷിതം എന്ന വാക്കിലാണ് തിരഞ്ഞെടുപ്പു പരീക്ഷയുടെ സൗന്ദര്യം. ലോക്സഭാ ഫലങ്ങളിൽ തെളിയുന്നതും ഇതുതന്നെ. വോട്ടറുടെ ചൂണ്ടുവിരലിൽ പതിഞ്ഞ മഷിയടയാളത്തിന്റെ വിധി കൃത്യവും നിശിതവുമാണെന്ന് അറിയിക്കുന്ന ജനവിധിയാണു രാജ്യം കണ്ടത്.
ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായി മൂന്നാം തവണ അധികാരത്തിനുള്ള ഭൂരിപക്ഷം നേടുമ്പോഴും ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കാതെ പോകുന്നതാണ് നാം കാണുന്നത്. മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് പോർക്കളത്തിൽ എൻഡിഎക്ക് ഇന്ത്യാസഖ്യം കനത്ത വെല്ലുവിളിയുയർത്തുന്നതും രാജ്യം കണ്ടു. സുരേഷ് ഗോപി കേരളത്തിലെ ബിജെപിക്കു ചരിത്രത്തിലെ ആദ്യവിജയം നേടിക്കൊടുത്തതിലുള്ളതും അതേ അപ്രതീക്ഷിത ഭംഗിതന്നെ.
മൂന്നാം തവണയും എൻഡിഎ ഭൂരിപക്ഷം നേടുന്നു എന്നതു വളരെ വലിയ കാര്യംതന്നെ. എന്നാൽ, ഉറപ്പായും നാനൂറിലേറെ സീറ്റ് കിട്ടുമെന്ന അവകാശവാദത്തിന്റെ തിളക്കം നഷ്ടപ്പെടുത്തി അതിൽ നൂറു സീറ്റിലേറെ കിട്ടാതെ വരുമ്പോൾ, പലയിടത്തും ഇന്ത്യാസഖ്യത്തിനു പിന്നിൽ കിതച്ചപ്പോൾ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ മഹാവിജയം പഴങ്കഥയാവുന്നു; 370 എന്ന പ്രഖ്യാപിതലക്ഷ്യത്തിന് അടുത്തെങ്ങുമെത്താൻ ബിജെപിക്കു സാധിച്ചില്ല എന്നുതന്നെയല്ല, കഴിഞ്ഞ തവണ പാർട്ടിക്കു മാത്രമായി കിട്ടിയ 303 സീറ്റിൽനിന്ന് ഏറെ പിന്നാക്കം പോകുകയും ചെയ്തു. ബിജെപിക്കുവേണ്ടി ഒറ്റയാൻ പ്രചാരണം നടത്തിയതിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് എന്നതുപോലെതന്നെ പാർട്ടിക്കുണ്ടായ ക്ഷീണത്തിന്റെ ഭാരം വഹിക്കേണ്ടിവരുന്നതും അദ്ദേഹംതന്നെ.
അസഹിഷ്ണുതയും വർഗീയ വിഭജനവുമല്ല, തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള അടിസ്ഥാനപ്രശ്നങ്ങൾക്കുള്ള പരിഹാരമാണു വേണ്ടതെന്ന വോട്ടറുടെ മനസ്സ് ഈ ജനവിധിയിൽ എളുപ്പത്തിൽ കണ്ടെത്താം. ഒറ്റ വ്യക്തിയിലേക്കും ഒറ്റ പാർട്ടിയിലേക്കും അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെ ജനാധിപത്യബോധമുള്ളവരുടെ ജനവിധിയാണ് ഇന്ത്യാസഖ്യത്തിന് എൻഡിഎയുടെ തൊട്ടുപിന്നിൽ ബലമുള്ള ഇടം നേടിക്കൊടുത്തതെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഭരണഘടനയ്ക്കുവേണ്ടിയും ഭരണഘടനാ സ്ഥാപനങ്ങൾക്കു വേണ്ടിയുമുള്ള ജനവിധിയായും ഇതു വിലയിരുത്തപ്പെടുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽരാഷ്ട്രീയത്തിന് ഇനി ഒരളവോളം അറുതിവന്നേക്കാമെന്നു കരുതുന്നവരുമുണ്ട്.
അടിയന്തരാവസ്ഥയ്ക്കൊടുവിലായിരുന്നു 1977ൽ തിരഞ്ഞെടുപ്പ്. ഇന്ദിരാഗാന്ധിയുടെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഒന്നിച്ചപ്പോൾ ‘ഏകാധിപത്യം അവസാനിപ്പിക്കുക; ജനാധിപത്യം പുനഃസ്ഥാപിക്കുക’ എന്നതായിരുന്നു അന്നത്തെ പ്രധാന മുദ്രാവാക്യം. 2024ൽ തിരഞ്ഞെടുപ്പു നേരിടുമ്പോൾ, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണു പ്രതിപക്ഷം ആരോപിച്ചത്.
കഴിഞ്ഞ തവണത്തേതിൽനിന്നു വിഭിന്നമായി കരുത്തുള്ള ഒരു പ്രതിപക്ഷത്തെയാവും ഈ തിരഞ്ഞെടുപ്പ് ലോക്സഭയിൽ എത്തിക്കുന്നത്. സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. ജനാധിപത്യത്തിൽ വിയോജിപ്പിനും ചോദ്യംചെയ്യലിനുമൊക്കെ ഇടമുണ്ടെന്നാണു സങ്കൽപം. പക്ഷേ, അതിനിർണായകമായ ചോദ്യങ്ങൾക്കു മറുപടിനൽകാതെ സർക്കാർ സഭയ്ക്കുള്ളിൽ മൗനം പാലിച്ചതും ചോദ്യങ്ങൾ ഉന്നയിക്കാൻ ജനം തിരഞ്ഞെടുത്തവരെ സഭയ്ക്കു പുറത്താക്കിയതും ചർച്ച കൂടാതെ ബില്ലുകൾ പാസാക്കിയെടുത്തതുമൊക്കെയാണ് കഴിഞ്ഞ ലോക്സഭയിൽ കണ്ടത്. ഡപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സഭയെന്നതുമൊരു പ്രത്യേകതയായിരുന്നു.
പ്രതിപക്ഷത്തിന്റേതാണ് പാർലമെന്റ് എന്നു ഭരണഘടനാസഭയിൽ ഡോ. ബി.ആർ.അംബേദ്കർ പറഞ്ഞത് അംഗബലത്തിലെ ഭൂരിപക്ഷംകൊണ്ടു ജനാധിപത്യം പ്രാവർത്തികവും അർഥവത്തും ആവില്ലെന്ന മുന്നറിയിപ്പുകൂടിയായിരുന്നു. അംഗസഖ്യയിൽ ദുർബലമായ പ്രതിപക്ഷത്തിനുപകരം ഒട്ടേറെ അംഗങ്ങളുടെ കരുത്തിൽ ആത്മവിശ്വാസമുള്ള പ്രതിപക്ഷമാവും ഇത്തവണ ലോക്സഭയിലിരിക്കുക. പ്രതിപക്ഷത്തിന്റെ വിജയം പക്ഷേ, അവരുടെ െഎക്യത്തിലാവുമെന്നു മാത്രം.
ബിജെപിക്കു സമഗ്രാധിപത്യമുണ്ടായിരുന്ന പലയിടത്തും ഇന്ത്യാസഖ്യം മികച്ച വിജയം നേടി. കളിയാക്കലുകളും ചെറുതാക്കലുകളും വകവയ്ക്കാതെ, തികഞ്ഞ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറിയ രാഹുൽ ഗാന്ധി തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ നേട്ടത്തിനു മുഖ്യ കാരണക്കാരൻ. രണ്ടുമാസം നീണ്ട ഭാരത് ജോഡോ ന്യായ് പര്യടനത്തിന്റെ ഫലശ്രുതി മറ്റാരെക്കാളും നന്നായി അറിയാവുന്നതു രാഹുലിനുതന്നെയായിരുന്നു. ഗോത്രവിഭാഗങ്ങൾ, സ്ത്രീകൾ, കർഷകർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്കു വെവ്വേറെ ക്ഷേമപദ്ധതികൾ യാത്രയുടെ പല ഘട്ടങ്ങളിൽ രാഹുൽ പ്രഖ്യാപിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യയിൽ ഒബിസി വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണ് അദ്ദേഹം ഊന്നൽനൽകിയത്.
രാഹുലിനോടൊപ്പം കൈകോർത്തുനിന്ന്, ഇന്ത്യാസഖ്യത്തെ നയിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃഗുണവും ഈ നേട്ടത്തിനു കാരണമായി. അധികാരം നിലനിർത്താൻ ബിജെപി ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ച ഉത്തർപ്രദേശിൽ അവരുടെ സീറ്റ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവിന്റെയും സഖ്യത്തിന്റെ കരുത്തുറ്റ മുഖങ്ങളിലൊന്നായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെയും പങ്കും എടുത്തുപറയണം.
ബിജെപിക്കു ലോക്സഭയിലേക്ക് ആദ്യമായി ഒരംഗം എത്തുന്നുവെന്ന പുതുചരിത്രമാണ് ഈ തിരഞ്ഞെടുപ്പിനെ കേരളത്തിൽ വേറിട്ടുനിർത്തുന്നത്. 18 സീറ്റ് നേടി യുഡിഎഫ് ആധിപത്യം തുടർന്നപ്പോൾ സിപിഎം രണ്ടാം തവണയും ഒറ്റ സീറ്റിലൊതുങ്ങി. യുഡിഎഫ് നേടിയ ഉജ്വല വിജയത്തിലും എൽഡിഎഫിന്റെ ദയനീയ തോൽവിയിലും പിണറായി സർക്കാരിനോടുള്ള ജനവികാരം പ്രതിഫലിക്കുന്നു. ജനം എല്ലാം കാണുന്നുവെന്ന പാഠം തന്നെയാണ് കേരളത്തിൽനിന്നുള്ള ഫലങ്ങളിലും തെളിയുന്നത്.