ADVERTISEMENT

രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ മൂന്നു വർഷംകൊണ്ടു നിറവേറ്റിയ വാഗ്ദാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സുതാര്യതയും വിശ്വാസ്യതയും ജനകീയതയും കെ‍ാണ്ടെഴുതേണ്ടതാണ് ഏതു സർക്കാരിന്റെയും പ്രോഗ്രസ് റിപ്പോർട്ട് എന്നിരിക്കെ, ഈ നിർണായക രേഖയിലും ഇതെ‍ാക്കെ തിരയുകയാണ് ഈ നാട്.

  ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ മാതൃകാപെരുമാറ്റച്ചട്ട കാലാവധി കഴിയാനായി കാത്തിരിക്കുകയായിരുന്നു സർക്കാർ. പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെ, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ രണ്ടു വർഷവും ചെയ്തതുപോലെ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ചപ്പോൾ വായിക്കാനാവാത്ത ആ ചോദ്യം അതിൽ ബാക്കിയാവുന്നു: സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങളുടെ ഈ സമാഹാരത്തിൽ കേരളത്തിലെ ജനങ്ങൾ അംഗീകാരത്തിന്റെ മേലെ‍ാപ്പ് ചാർത്തുമെന്നാണോ മുഖ്യമന്ത്രിയും കൂട്ടരും കരുതുന്നത്? 

ഈ തിരഞ്ഞെടുപ്പിൽ ജനം നൽകിയ പാഠങ്ങളല്ലേ യഥാർഥത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ? മത്സരിച്ച 20 സീറ്റിൽ ഒരു സീറ്റ് മാത്രം നേടി എൽഡിഎഫ് ദയനീയ തോൽവി ഏറ്റുവാങ്ങിയിട്ടും പ്രോഗ്രസ് റിപ്പോർട്ട് അച്ചടിച്ചു ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ കാട്ടിയ ‘ധൈര്യ’ത്തെ അഭിനന്ദിച്ചേ മതിയാകൂ. കാരണം, കഴിഞ്ഞ മൂന്നു വർഷത്തെ ഭരണത്തിനു വോട്ടർമാർ സമ്മാനിച്ച ‘പ്രോഗ്രസ് റിപ്പോർട്ട് ’ ആണല്ലോ ഇപ്പോൾ സർക്കാരിന്റെ കയ്യിലുള്ളത്. 

സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം സകല മേഖലയിലെയും ജനങ്ങൾ പൊറുതിമുട്ടിയ ഒരു അധികാരവർഷം കൂടിയാണ് കടന്നുപോയത്. ഗുണ്ടാവിളയാട്ടം, സപ്ലൈകോയിലെയും പൊതുവിപണിയിലെയും വിലക്കയറ്റം, ക്ഷേമപെൻഷൻ മുടങ്ങൽ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളുടെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ സർക്കാർ നോക്കുകുത്തിയായ വർഷങ്ങൾ കടന്നുപോവുന്നത് ഈ നാടിനെ സാക്ഷിയാക്കിയാണ്. 

ജനകീയപ്രശ്നങ്ങൾ പരിഹരിക്കാതെ, തിരഞ്ഞെടുപ്പിനുമുൻപ് മന്ത്രിസഭ ഒന്നാകെ നിയമസഭാ മണ്ഡലങ്ങളിലേക്കു വീണ്ടുമെ‍ാരു യാത്ര നടത്തിയാൽ ജനമനസ്സിൽ ഇടംനേടാം എന്നാവുമോ ഭരണകർത്താക്കൾ കരുതുന്നത്? പ്രശ്നപരിഹാരത്തിനു പകരം, കേരളത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം കേന്ദ്ര സർക്കാരാണെന്നു കഴിയുന്നത്ര വേദികളിൽ കുറ്റപ്പെടുത്താനാണു സർക്കാർ ഉത്സാഹിച്ചുപോരുന്നതെന്നതു മറ്റെ‍ാരു യാഥാർഥ്യം.

ദരിദ്രരായ ജനങ്ങൾക്കു മാസങ്ങളോളം ക്ഷേമപെൻഷൻ നൽകുന്നില്ല. മറുവശത്ത്, കോടികൾ മുടക്കി ‘കേരളീയം’ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇല്ലായ്മയും ധൂർത്തും എങ്ങനെയാണ് ഒരേസമയം കെ‍ാടിയടയാളമാക്കി ഒരു സർക്കാരിനു മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത്? പ്രോഗ്രസ് റിപ്പോർട്ട്  പുറത്തിറക്കിക്കൊണ്ടുള്ള പരിപാടിയിൽ, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻ‌ഷൻകാരുടെ ക്ഷാമാശ്വാസവും ക്ഷേമപെൻഷൻകാരുടെ കുടിശികയും ഉടൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധി കാരണം ഇവയൊന്നും നൽകാൻ കഴിയില്ലെന്നായിരുന്നു ഇതുവരെ സർക്കാർ പറഞ്ഞിരുന്നത്. അതു മാറ്റിപ്പറയാൻ വോട്ടെടുപ്പു ഫലം വേണ്ടിവന്നു! 

സർക്കാരിന്റെ മൂന്നാം വർഷത്തെ പുരോഗതി വ്യക്തമാക്കാൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിലെ പല കാര്യങ്ങളും കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലെ തനിപ്പകർപ്പാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ഓർക്കേണ്ട ഒരു കാര്യമുണ്ട്: വാഗ്ദാനങ്ങൾ വെറുതേ വാരിക്കോരി നൽകാൻ മാത്രമുള്ളതല്ല, പാലിക്കാൻ കൂടിയുള്ളതാണ്. ഏറെ ആലോചനകൾക്കുശേഷം തയാറാക്കുന്ന പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതും അതിന്റെ കാരണവും കൂടി പ്രോഗ്രസ് റിപ്പോർട്ടിൽ തുറന്നുപറയാൻ സർക്കാർ തയാറാകണം. അല്ലാതെ, നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ളതല്ല ഈ രേഖ. 

കഴിഞ്ഞ മൂന്നു വർഷം ഇൗ സർക്കാർ എന്തു ചെയ്തെന്നും എന്തു ചെയ്തില്ലെന്നും ജനങ്ങൾക്കറിയാം. അവർക്കിപ്പോൾ വേണ്ടതു മറ്റൊന്നാണ്: ധവളപത്രം; ഇൗ സർക്കാരിന്റെ സാമ്പത്തികനിലയും ഭരണനിർവഹണ പുരോഗതിയും വ്യക്തമാക്കുന്ന ധവളപത്രം.

English Summary:

Editorial about kerala government Progress Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com