‘ഭാരതീയ’ നിയമങ്ങളും സംശയ ന്യായങ്ങളും
Mail This Article
ആശങ്കകൾക്കൊപ്പം അവ്യക്തതയും ബാക്കിയാക്കി പുതിയ ക്രിമിനൽ, തെളിവു നിയമങ്ങൾ ഇന്നലെ പ്രാബല്യത്തിലായി. പാർലമെന്റിലും പുറത്തും വിശദമായ ചർച്ചയില്ലാതെയാണ് വലിയതോതിലുള്ള നിയമപരിഷ്കാരങ്ങൾ നടപ്പാക്കിയതെന്ന ഗൗരവമുള്ള പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, വേണ്ടത്ര ചർച്ചയുണ്ടായെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അവകാശപ്പെട്ടത്.
ഇന്ത്യൻ ശിക്ഷാനിയമം (1860), ക്രിമിനൽ നടപടിച്ചട്ടം (1973), ഇന്ത്യൻ തെളിവു നിയമം (1872) എന്നിവയെ വകുപ്പുകൾ പലതും സമഗ്രമായി പരിഷ്കരിച്ചും യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിങ്ങനെ പേരുമാറ്റിയുമാണു നടപ്പാക്കിയിരിക്കുന്നത്. മാറ്റങ്ങൾ ചരിത്രപരമാണെന്നും കാലതാമസം ഒഴിവാക്കി, വിചാരണയും നീതിയും ഇനി വേഗത്തിൽ നടപ്പാക്കാനാകുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഇരകളുടെ താൽപര്യം സംരക്ഷിക്കാനും കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണനടപടികളും കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും നിയമപരിഷ്കാരം സഹായിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പ്രകീർത്തിക്കുന്നു.
ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത നിയമങ്ങൾക്കായി പരിശീലനപരിപാടികൾ നടത്തിയെങ്കിലും നിയമ, പൊലീസ് സംവിധാനത്തിലേക്ക് അത് എത്തിയിട്ടില്ലെന്നാണു വിമർശനം. ആശയക്കുഴപ്പത്തോടൊപ്പം പൊലീസ്, നിയമസംവിധാനങ്ങളിലെ ഒരുക്കക്കുറവുകൂടി പ്രതിസന്ധിയുണ്ടാക്കിയാൽ കാര്യങ്ങൾ ആദ്യഘട്ടത്തിലെങ്കിലും കുഴഞ്ഞുമറിയുമെന്ന ആശങ്കയുണ്ട്. ജൂലൈ ഒന്നിനു മുൻപു റജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരുമെന്നതിനാൽ, പുതിയതും പഴയതുമായ നിയമം ഒരേസമയം നിലനിൽക്കുമെന്ന അസ്വാഭാവിക സാഹചര്യവുമുണ്ട്.
പഴയ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം (124എ) ഒഴിവാക്കിയെന്നു സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനു സമാനമോ കൂടുതൽ ശക്തമോ ആയ വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിലുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ഇതു ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയുമുണ്ട്. ഒന്നര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമായിരുന്ന 124എ വകുപ്പ് കൂടുതൽ പ്രഹരശേഷിയോടെയാണു രൂപം മാറിയെത്തിയതെങ്കിൽ അതു വിമർശനങ്ങളേറെ ക്ഷണിച്ചുവരുത്തുമെന്നു തീർച്ച. രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദക്കുറ്റവും ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും ഗൗരവമുള്ളതാണ്.
ഏഴു വർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഫൊറൻസിക് പരിശോധന നിർദേശിച്ചിട്ടുണ്ടെങ്കിലും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ അതുടനെ നടപ്പാവില്ല. ഫൊറൻസിക് ലാബുകളും സംവിധാനവും മെച്ചപ്പെടുത്താൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടത് അംഗീകരിച്ചിട്ടുണ്ട്. പുതുക്കിയ നിയമത്തിൽ ഡിജിറ്റൽ വിവരങ്ങൾ പ്രധാന തെളിവാകുകയാണ്. പൊലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വിഡിയോ റിക്കോർഡിങ് ഇനി നടത്തും. ഇ–സാക്ഷി എന്ന മൊബൈൽ ആപ് വഴി നടത്തുന്ന റിക്കോർഡിങ്ങിലെ ദൃശ്യങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കോടതിക്കും എപ്പോൾ വേണമെങ്കിലും കാണാനാകും. എന്നാൽ, ഡിജിറ്റൽ തെളിവായി ലാപ്ടോപ്, ഫോൺ എന്നിവ വിളിച്ചുവരുത്താനും പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് സ്വകാര്യതാലംഘനത്തിനു വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്.
പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത വേളയിൽ, പാർലമെന്റിൽ വിശദമായി ചർച്ചചെയ്യാതെയാണ് ബില്ലുകൾ പാസാക്കിയത്. ചർച്ചയ്ക്കു പ്രതിപക്ഷത്തിനു താൽപര്യമില്ലായിരുന്നുവെന്നാണ് അമിത് ഷാ ഇന്നലെ പറഞ്ഞത്. രാജ്യത്തെ നീതിസംവിധാനത്തെ സംബന്ധിച്ച സുപ്രധാന വിഷയത്തിൽ അത്തരം ആരോപണങ്ങൾക്കൊണ്ട് വിമർശനത്തെ നേരിടുന്നത് ഉചിതമല്ല. പ്രതിപക്ഷവും ഭരണഘടന–നിയമ വിദഗ്ധരും ഉന്നയിച്ചിരിക്കുന്ന പോരായ്മകൾ പരിഹരിക്കുകതന്നെ വേണം.
നിയമങ്ങൾ ഒരു ദിവസത്തേക്കുള്ളതല്ല, ഭാവിയെക്കൂടി കരുതിയുള്ളതാണ്. അവ ആശയക്കുഴപ്പങ്ങളുടെ സംഹിതയാവരുത്; പരമാവധി കുറ്റമറ്റതാവണം. ഈ തിരിച്ചറിവോടെയുള്ള സമീപനമാണു വേണ്ടത്. ആവശ്യപ്പെടുന്നതു പ്രതിപക്ഷമാണ് എന്നതുകൊണ്ട് അംഗീകരിക്കാനാവില്ല എന്ന സമീപനമുണ്ടാവരുത്. പുതിയ നിയമങ്ങൾ പാർലമെന്റിന്റെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിർദേശത്തെ തുറന്ന മനസ്സോടെ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം.