ADVERTISEMENT

ജനങ്ങളിൽനിന്ന് അകന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ദയനീയ തോൽവിക്കു കാരണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്ര കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പാർട്ടിയുടെ വിദ്യാർഥി, യുവജനസംഘടനകൾ ഈ നിർദേശം എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗുരുദേവ കോളജിൽ കണ്ടത്. പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതിനു പിന്നാലെ, വേണ്ടിവന്നാൽ പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന ഡിവൈഎഫ്ഐയുടെ ഭീഷണികൂടിയായപ്പോൾ കേരളത്തിന് ഉറപ്പായി: സംസ്ഥാനത്തെ സിപിഎമ്മും അതിന്റെ പോഷകഘടകങ്ങളും ജനങ്ങളിലേക്കു തുടർന്നും ‘ഇറങ്ങിച്ചെല്ലാൻ’ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. 

മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ മുദ്രാവാക്യമാക്കിയ ഒരു വിദ്യാർഥിസംഘടനയുടെ പ്രവർത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗുരുദേവ കോളജിലേത്. കേരളം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ സാഹചര്യത്തെക്കുറിച്ചു പൊതുസമൂഹത്തെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ഈ സംഭവം.

എസ്എഫ്ഐയിൽ ഒരു വിഭാഗമെങ്കിലും പുലർത്തിപ്പോരുന്ന അസഹിഷ്ണുതയുടെയും അരാജകത്വത്തിന്റെയും പല ഉദാഹരണങ്ങളും ഇതിനകം നാം കണ്ടിട്ടുണ്ട്. അവയുടെ തുടർച്ചയായിവേണം ഈ സംഭവത്തെയും കാണാൻ. ആ കോളജിൽ ബിരുദ പ്രവേശനത്തിനു ഹെൽപ് ഡെസ്ക് സ്ഥാപിക്കാൻ എസ്എഫ്ഐ ശ്രമിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണു കഴിഞ്ഞദിവസം സംഘർഷത്തിലെത്തിയത്. പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. പരുക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻപോലും അനുവദിച്ചില്ലെന്നും മറ്റ് അധ്യാപകർ ഇടപെട്ടാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നും പറയുന്നു. 

ഗുരുനിന്ദയുടെ എത്രയോ കടുത്ത ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ 2016ൽ വനിതാ പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടം ഒരുക്കിയത്, എറണാകുളം മഹാരാജാസ് കോളജിൽ 2017ൽ വിദ്യാർഥിസംഘടനാ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്, 2018ൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു ക്യാംപസിൽ പോസ്റ്റർ പതിച്ചത് തുടങ്ങിയ സംഭവങ്ങളുടെ തുടർച്ചയായിത്തന്നെവേണം കെ‍ായിലാണ്ടി കോളജിലെ കാടത്തത്തെയും കാണാൻ.

പഠനനിലവാരവും കലാലയത്തിന്റെ സുഗമപ്രവർത്തനവും വിദ്യാർഥിക്ഷേമവുമെ‍ാക്കെ ഉറപ്പാക്കാനുള്ള ചുമതലയാണ് പ്രിൻസിപ്പൽമാർക്കുള്ളതെങ്കിലും ഭരിക്കുന്ന പാർട്ടിയോടു മുതൽ അവരുടെ വിദ്യാർഥിസംഘടനയോടുവരെ വിധേയത്വമുള്ള പ്രിൻസിപ്പൽമാർ ചില കോളജുകളിലെങ്കിലുമുണ്ട്. കോളജുകളിൽ നടക്കുന്ന അന്യായപ്രവർത്തനങ്ങളെ അങ്ങനെ ചിലർ ശരിവച്ചതിൽനിന്ന് അതു വ്യക്തവുമാണ്. പാർട്ടിപ്പേടിയില്ലാത്ത പ്രിൻസിപ്പൽമാർക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികളും അപമാനങ്ങളും കേരളം കണ്ടുകെ‍ാണ്ടിരിക്കുകയുമാണ്. ഇക്കൂട്ടത്തിൽ ഗുരുദേവ കോളജ് പ്രിൻസിപ്പലിനെയും ഉൾപ്പെടുത്താം. 

പ്രിൻസിപ്പലിനെ തല്ലുന്നതുമുതൽ കരിഓയിൽ പ്രയോഗവും ചാപ്പകുത്തലും പൊതുമുതൽ നശിപ്പിക്കലുമൊക്കെ പ്രവർത്തനശൈലിയാക്കിയ വിദ്യാർഥി സംഘടനകളിൽ നിന്നാണോ ഈ നാടിനെ നയിക്കാൻ യോഗ്യരായ നേതാക്കൾ പിറവികൊള്ളേണ്ടത്? അധികാര രാഷ്ട്രീയത്തിന്റെ കൈത്താങ്ങിൽ എന്തു തോന്ന്യാസവും കാണിക്കുന്ന വിദ്യാർഥി സംഘടനാപ്രവർത്തകർ സമൂഹത്തിനു മുന്നിലുയർത്തുന്ന അപായഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. 

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ ജീവിതം പെ‍ാലിഞ്ഞതിൽ എസ്എഫ്െഎ വഹിച്ച പങ്ക് പെ‍ാതുസമൂഹത്തിനു മുന്നിൽ ഗൗരവമുള്ള ചോദ്യങ്ങളാണുയർത്തുന്നത്. എസ്എഫ്ഐ ക്രിമിനൽ സംഘത്തെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ആ സംഘടനയെ വേണ്ടവിധം നിയന്ത്രിക്കാൻ സിപിഎമ്മിനു കഴിയുന്നില്ലെന്നും സിപിഐ തന്നെ കഴിഞ്ഞ വർഷം ജൂണിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. സിപിഎമ്മും എസ്‌എഫ്‌ഐയുമെ‍ാക്കെ അവരുടെ ജനവിരുദ്ധ രാഷ്ട്രീയശൈലി ഉപേക്ഷിക്കാൻ തയാറായില്ലെങ്കിൽ കേരളത്തിന്റെ നാളെകൾ അതിന്റെ അവകാശികൾക്കു പിന്നെയും ദുസ്സഹമായിരിക്കും.  

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് അടിസ്ഥാന മൂല്യങ്ങളുടെയും മാനവികതയുടെയും കൈപിടിച്ചാവണമെന്നുകൂടി കേരളത്തിലെ സിപിഎമ്മിനും പോഷകഘടകങ്ങൾക്കും കേന്ദ്ര കമ്മിറ്റി നിർദേശം നൽകേണ്ടിവരുമെന്നു തോന്നുന്നു; അവരത് അനുസരിക്കുമെങ്കിൽ!

English Summary:

Editorial about violence in Koyilandy Gurudeva College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com