വാചകമേള
Mail This Article
1960കൾ മുതൽ നമ്മൾ ഒരു സമരസമൂഹം ആണല്ലോ. ഒരു സിവിൽ സമൂഹം എന്നതിനു പകരം സമ്മർദഗ്രൂപ്പുകളുടെ ഒരു കൂട്ടമായി നമ്മൾ മാറിക്കഴിഞ്ഞു. നമ്മുടെ വിദ്യാലയങ്ങളിൽ അച്ചടക്കം ഇല്ലാതായിട്ട് എത്രയോ പതിറ്റാണ്ടുകളായി. അവിടെനിന്നു പഠിച്ചിറങ്ങിയവരുടെ അച്ചടക്കരാഹിത്യമാണ് സംരംഭകസംസ്കാരം കേരളത്തിനു നഷ്ടപ്പെടുത്തിയത്. അച്ചടക്കവും വ്യവസ്ഥകളും ഒക്കെയുള്ള സമൂഹങ്ങളിലേ സംരംഭങ്ങൾ വളരുകയുള്ളൂ.
ഡോ. ജോസ് സെബാസ്റ്റ്യൻ
എനിക്കു കാഴ്ച കിട്ടിയെന്നു പറഞ്ഞ് വാർത്തകൾ പ്രചരിച്ചിരുന്നു. അതുകണ്ട് പലരും മുൻപിൽ വന്നുനിന്ന് ആരെന്നു പറയാമോ എന്നൊക്കെ ചോദിച്ചു ബുദ്ധിമുട്ടിച്ചു. എന്തിനാണ് അതൊക്കെ? എനിക്ക് ഒരു ചെറിയ പ്രകാശം മാത്രമേ കാണാൻ കഴിയൂ. രാത്രിയും പകലും തിരിച്ചറിയാനാകും. അല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല.
വൈക്കം വിജയലക്ഷ്മി
ലോകത്ത് ഒരാൾക്കും ‘എന്തിനു ജീവിക്കണം’ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തതുപോലെ ‘എന്തിന് എഴുതണം, എന്തിനു വായിക്കണം’ എന്നതിനും ഒരുത്തരമില്ല. എന്നാൽ, ചില ചരിത്രസംഭവങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില പുസ്തകങ്ങൾ നമ്മുടെ മുന്നിലേക്കുവരും. ഇന്ത്യൻ സാഹചര്യത്തിൽ അതു നമ്മുടെ ഭരണഘടനയുടെ രൂപത്തിലാണ് എത്തിയത്. ഇവിടെ ഭരണഘടനയെന്നത് ഒരു രക്ഷാമാർഗമാകുന്നു. ഇവിടെ വായനയെന്നത് തീർത്തും വ്യത്യസ്തമായൊരു അതിജീവനത്തിനുള്ള ശ്വസനപ്രക്രിയയാവുന്നു.
ഉണ്ണി ആർ
രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ട്; പക്ഷേ, വെളിപ്പെടുത്തില്ല. പണ്ട് ഇന്നസന്റ് ചേട്ടന് അപകടം പറ്റി. അതിന്റെ ഷോക്കിൽ അദ്ദേഹം പരസ്പരബന്ധമില്ലാതെ സംസാരിക്കാൻ തുടങ്ങി. പലതും രഹസ്യങ്ങൾ. സിനിമാലോകത്തെ പലരും ഇതറിഞ്ഞു. അതുപോലെ എനിക്കു ബോധം പോകാതിരിക്കാൻ പലരും പ്രാർഥിക്കുന്നതു നല്ലതാണ്.
ഇടവേള ബാബു
കോൺഗ്രസിന്റെ വേദിയിൽചെന്ന് കമ്യൂണിസ്റ്റുകാരെയും കമ്യൂണിസത്തിന്റെ വേദിയിൽചെന്ന് കോൺഗ്രസുകാരെയും കുറ്റം പറയുന്നത് എവിടത്തെ രാഷ്ട്രീയപ്രവർത്തനമാണ്? ആ വഴിക്കു കയ്യടി നേടുകയാണോ സാംസ്കാരിക പ്രവർത്തകന്റെ പണി? കോൺഗ്രസിന്റെ വേദിയിൽ കോൺഗ്രസിനെയും കമ്യൂണിസ്റ്റിന്റെ വേദിയിൽ കമ്യൂണിസ്റ്റിനെയും വിമർശിക്കുന്നതാണ് വിമർശനം. അല്ലാത്തതൊക്കെ വെറും സേവപറച്ചിലാണ്.
എം.എൻ.കാരശ്ശേരി