മദർഷിപ്പിന്റെ ‘ഫാദർഷിപ്’
Mail This Article
വിഴിഞ്ഞം തുറമുഖത്ത് മദർഷിപ് അടുത്തതിന്റെ ‘ഫാദർഷിപ്പി’നെച്ചൊല്ലിയാണ് തർക്കം. പിതൃത്വം ആര് ക്ലെയിം ചെയ്താലും മാതൃത്വം ഉമ്മൻ ചാണ്ടിക്കു മാത്രം അവകാശപ്പെട്ടതാണെന്നാണു ശശി തരൂരിന്റെ കണ്ടെത്തൽ. തൽക്കാലം രക്ഷാകർതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലാണ്. സോമാലിയയിലെ കടൽക്കൊള്ളക്കാർ കപ്പൽ പിടിക്കുമ്പോൾ ഇവിടെ തുറമുഖം തന്നെ റാഞ്ചുകയാണ് എന്നൊക്കെ വിരോധികൾ പറഞ്ഞേക്കും. ആർത്തിയുള്ളപ്പോൾ വായിൽ കപ്പലോടിത്തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.
‘നവ കെ–രള’ചരിത്രത്തിൽ തന്റെ പേരിനൊപ്പം വെള്ളിത്തിളക്കത്തിൽ ‘സിൽവർലൈൻ’ എഴുതിച്ചേർക്കാമെന്നൊരു സ്വപ്നം പിണറായിക്കുണ്ടായിരുന്നു എന്നു കരുതിപ്പോയെങ്കിൽ തെറ്റുപറയാനില്ല. ഇടുക്കി ഡാം അച്യുതമേനോന്റെയും നെടുമ്പാശേരി വിമാനത്താവളം കെ.കരുണാകരന്റെയും വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെയും പേരിനൊപ്പം കൂട്ടിവായിക്കപ്പെടുന്ന സാഹചര്യത്തിൽ അതൊരു അത്യാഗ്രഹമാണെന്നു കരുതാനും വയ്യ. പക്ഷേ, നിർഭാഗ്യം. അനുമതി ആവശ്യപ്പെട്ട് കെ.എൻ.ബാലഗോപാൽ ഇടയ്ക്കിടെ കേന്ദ്രത്തിനു കത്തെഴുതുമ്പോൾ മാത്രമാണ് കെ–റെയിൽ, സിൽവർലൈൻ തുടങ്ങിയ പേരുകൾ പലരും ഓർക്കുന്നതു തന്നെ.
‘ആശാൻ’ ഓടിത്തുടങ്ങിയിട്ടു വേണം അതിൽക്കയറി അപ്പം വിറ്റ് സഖാക്കൾക്കു വയറുനിറച്ച് കഞ്ഞികുടിക്കാനെന്ന ചിന്ത എം.വി. ഗോവിന്ദനുപോലും ഇപ്പോഴുണ്ടോ എന്നും സംശയം. സ്വപ്നം തന്നെ പാളം തെറ്റിയതുകൊണ്ടാണ് വിഴിഞ്ഞത്തിന്റെ പിതൃത്വത്തിനായി പിണറായി ആഞ്ഞുപിടിക്കുന്നതിൽ വലിയ തെറ്റു തോന്നാത്തത്. ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്നാണ് ചൊല്ല്. ‘അത്യാവശ്യമാണ് സൃഷ്ടിയുടെ പിതാവ്’ എന്നു തിരുത്തുന്നതു വലിയ അപരാധമല്ല. അല്ലെങ്കിൽത്തന്നെ ‘കേരളത്തിന്റെ മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ച ഭരണാധികാരി സി.അച്യുതമേനോനാണെന്നു’ ബിനോയ് വിശ്വം കഴിഞ്ഞദിവസവും ചൊറിഞ്ഞിട്ടുണ്ട്. മേനോന്റെ പ്രതിമയുമായി സിപിഐക്കാരുടെ ഘോഷയാത്ര നടക്കാനിരിക്കുന്നതേയുള്ളൂ. അതു തിരുവനന്തപുരത്ത് എത്തുന്നതുവരെ ഇനി എന്തെല്ലാം പറയുമെന്നു കണ്ടുതന്നെ അറിയണം
വിഴിഞ്ഞത്ത് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഒരുവട്ടം പോലും ഉമ്മൻ ചാണ്ടിയുടെ പേര് പിണറായി ഉരിയാടിയില്ല പോലും. എങ്കിലും നിർമാണത്തിൽ കാട്ടിയ പ്രതിബദ്ധതയ്ക്ക് ‘അദാനി മുതലാളി’യെ മുക്തകണ്ഠം സ്തുതിക്കാൻ മറന്നതുമില്ല. മുതലാളിത്തം വരുത്തുന്ന അപകടം ലോകത്തോടു വിളിച്ചുപറയാനാണ് കാൾ മാർക്സ് പാടുപെട്ട് പല വാല്യങ്ങളായി ‘ദസ് ക്യാപ്പിറ്റൽ’ രചിച്ചത്. താൻ രാജാവല്ല, ദാസനാണെന്നാണ് ഈയിടെ പിണറായി തിരുത്തിയത്. ‘ദസ് ക്യാപ്പിറ്റൽ’ വായിച്ചു വായിച്ച് ‘ക്യാപ്പിറ്റൽ ദാസൻ’ ആകാനാണോ നവകേരള മാർക്സിസ്റ്റിന്റെ വിധി എന്നറിയില്ല. പ്രത്യയശാസ്ത്ര ഓഹരികൾ രാഷ്ട്രീയത്തിന്റെ മാർക്കറ്റിൽ എപ്പോൾ വിൽക്കണമെന്ന തിരിച്ചറിവാണ് നല്ല ട്രേഡിങ് ഏജന്റിന്റെ ലക്ഷണം. അദാനിയുടെ ഓഹരി സാധാരണ മാർക്കറ്റിൽ വാങ്ങുന്നതിന്റെയും വിൽക്കുന്നതിന്റെയും നല്ല സമയം തിരിച്ചറിയാൻ സാധാരണക്കാരന് അത്രയും ബുദ്ധി വേണ്ട.
വ്യവസായവകുപ്പിന്റെ 11 പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല എന്നാണ് കഴിഞ്ഞദിവസം മന്ത്രി പി.രാജീവ് പരിതപിച്ചത്. ശമ്പളവും പെൻഷനും മുടക്കിയും ഗഡുക്കളാക്കിയും ലോകചരിത്രത്തിൽ തന്നെ ഇടംപിടിക്കാനുള്ള ഭാഗ്യം ഇപ്പോൾത്തന്നെ കെഎസ്ആർടിസിക്കുണ്ട്. ‘ഇടതു സർക്കാർ ഭരിക്കുമ്പോൾ ശമ്പളം കൊടുക്കുന്നതും സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചു കൊടുക്കുന്നതും വലിയ വാർത്തയാകുന്ന കലികാല’മെന്നാണ് സി.ദിവാകരൻ കുറച്ചുദിവസം മുൻപു പ്രതികരിച്ചത്.
സർക്കാർ ഓഫിസുകളിലെ ഹാപ്പിനസ് ഇൻഡക്സ് കൂട്ടുന്നതിന്റെ അനന്തസാധ്യത മന്ത്രി എം.ബി.രാജേഷും ഈയിടെ വിവരിച്ചിരുന്നു. ‘മോൾക്ക് ആരാകാനാണ് ആഗ്രഹം’ എന്നു ചോദിച്ച അച്ഛനോട് ‘എനിക്കു കൃത്യമായി ഫീസ് കൊടുക്കുന്ന സ്കൂൾ കുട്ടിയായാൽ മതി’ എന്ന് ഒരു സിനിമയിൽ മകൾ മറുപടി പറയുന്നുണ്ട്. ‘തങ്ങൾക്കു കൃത്യമായി ശമ്പളം കിട്ടുന്ന സർക്കാർ ജീവനക്കാരായാൽ മതി’ എന്നായിരിക്കും ഉദ്യോഗസ്ഥരുടെയും ചിന്ത. പോക്കറ്റിൽ കാശില്ലാതെ ഹാപ്പിനസ് ഇൻഡക്സ് കൂട്ടാൻ പറ്റിയ സാങ്കേതികവിദ്യ ഭൂമി മലയാളത്തിൽ ഇതുവരെ കണ്ടുപിടിച്ചതായി അറിവില്ല.
രാജ്‌ഭവനിൽ പരിപ്പ് വേവുന്നുണ്ടോ?
ചാൻസലറായ തനിക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവിട്ട ഒരു കോടിയിലേറെ രൂപ ഉടൻ തിരിച്ചടയ്ക്കാൻ ഉത്തരവിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. പ്രിൻസിപ്പലിന്റെ കരണത്തടിച്ചും കെഎസ്‌യുക്കാരനെ ഇടിമുറിയിൽ ഇടിച്ചും എസ്എഫ്ഐ പഴയ പ്രതാപത്തിലേക്കു തിരിച്ചുവന്നെങ്കിലും, ഉറ്റചങ്ങാതിയായ ആരിഫിന്റെ നിസ്സംഗഭാവവും മട്ടും കണ്ട് കക്ഷി കളി മതിയാക്കി കളം വിടാൻ ഒരുങ്ങുന്നു എന്നൊരു നിരാശ കാണികൾക്കു തോന്നിയിരുന്നു. സെപ്റ്റംബർ അഞ്ചിനു കട്ടിൽ ഒഴിയുന്നതായി സംസ്ഥാന സർക്കാരും സുന്ദരസ്വപ്നം കണ്ടിരുന്നു. അപ്പോഴാണ് ഉറക്കംവിട്ട് സടകുടഞ്ഞ് ഖാൻ വീണ്ടും ഇറങ്ങുന്നത്.
പിണറായിക്കെതിരെ ഒരുവട്ടംകൂടി ഗ്രൗണ്ടിൽ ഇറങ്ങാൻ പറ്റിയാൽ കളി മോശമാവില്ല എന്ന് ആരിഫിനു തോന്നാതിരിക്കേണ്ട കാര്യമില്ല. ടിക്കറ്റ് എടുക്കാതെ കളി കാണാൻ കാത്തിരിക്കുന്ന കോൺഗ്രസുകാരും ഹാപ്പിയാവും. സെപ്റ്റംബർ 5 അധ്യാപകദിനമാണ്. കേരളത്തിൽ കുറച്ചു പാഠംകൂടി പഠിപ്പിക്കാൻ ബാക്കിയുണ്ട് എന്നായിരിക്കുമോ കേന്ദ്രത്തിന്റെ ചിന്ത? ‘യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ’ എന്നെഴുതിയാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ പണ്ടു സ്വീകരിച്ചത്. തുടർഭരണത്തിന്റെ പരിപ്പ് രാജ്ഭവന്റെ അടുക്കളയിലും സ്റ്റോക്ക് ഉണ്ടെന്നാണു കരക്കമ്പി. ‘ദാൽ കുക്ക്’ ചെയ്യുന്നതിൽ ഉത്തരേന്ത്യക്കാരാണ് പണ്ടേ കേമന്മാർ.
കള ആവശ്യത്തിന് സ്റ്റോക്കുണ്ടോ?
സിപിഎമ്മിലെ ‘കള’ ആരായാലും പറിച്ചുനീക്കും എന്ന് ഉച്ചത്തിലും ‘ആലപ്പുഴയിലേത്’ എന്നു പതുക്കെയും സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതായാണു കേൾവി. പിണറായിയിലെ കള പറിക്കാൻ ധൈര്യമുണ്ടോ എന്നാണ് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ ഗോവിന്ദനെ വെല്ലുവിളിച്ചത്. ഏതാണ് കള, ഏതാണ് വിള എന്നു തീരുമാനിക്കാൻ പാർട്ടിക്കു സ്വന്തമായി രീതികളുണ്ട്.
പാർട്ടിയിൽ ആവശ്യത്തിനു കള ഇല്ലാതെ സെക്രട്ടറി കഷ്ടപ്പെടരുതെന്ന നല്ല ഉദ്ദേശ്യം മന്ത്രി വീണാ ജോർജിന് ഉണ്ടാവണം. മറ്റു പാർട്ടിയിൽ കാപ്പ കേസിൽ ഉള്ളവരെയടക്കം ഇൻക്വിലാബ് വിളിച്ചും രക്തഹാരം അണിയിച്ചും സിപിഎമ്മിലേക്ക് ആനയിക്കാൻ പകർച്ചവ്യാധിയുടെ ഈ ഗതികേടുകാലത്തും മന്ത്രി മുന്നിട്ടിറങ്ങിയത് അതുകൊണ്ടാവണം. സ്വീകരിച്ചയാൾ കഞ്ചാവുകേസിൽ പിടിയിലായതോടെ മന്ത്രിയുടെ ആവേശം ഇരട്ടിച്ചെന്നു തോന്നുന്നു. ചില നാട്ടിൽ ചില രോഗങ്ങൾക്കു കഞ്ചാവാണു പോലും മരുന്ന്. കാൽക്കാശിന്റെ മരുന്ന് കയ്യിലില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെയും ഗതികേട്.
സ്റ്റോപ് പ്രസ്
തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐക്കാരെ മർദിച്ച ഒൻപത് യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ.
രാവിലെ ‘സ്നേഹത്തിന്റെ കട’ തുറന്ന ഉടൻ പോയി കടം പറഞ്ഞിട്ടുണ്ടാവും.