പട്ടം ഇടനിലനിന്ന വിവാഹം; ചെലവ് ഒന്നേകാൽ രൂപ
Mail This Article
തിരുവനന്തപുരം ∙ ഡോ.എം.എസ്.വല്യത്താന്റെയും ഡോ.അഷിമയുടെയും വിവാഹത്തിന് ഇടനിലക്കാരനായത് പഞ്ചാബ് മുൻ ഗവർണറും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പട്ടം താണുപിള്ള. 1964 ൽ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർജനായി ജോലി ചെയ്യുമ്പോൾ. അവിടെ ഡെന്റൽ സർജനായിരുന്നു അഷിമ. ലൈബ്രറിയിൽ വച്ച് ഇരുവരും കാണും. അന്നു 30 വയസ്സായിരുന്നു വല്യത്താന്. അഷിമയോടു പ്രണയമായിരുന്നു.
വിഭജനകാലത്തു ലഹോർ വിട്ട് ഇന്ത്യയിലേക്കു വന്നതായിരുന്നു അഷിമയുടെ കുടുംബം. അവർക്കു ഡൽഹിക്കു തെക്കോട്ടുള്ള പ്രദേശങ്ങളെക്കുറിച്ച് അറിയില്ല. വല്യത്താന്റെ കുടുംബപശ്ചാത്തലം അറിയാതെ വിവാഹത്തിന് അനുവദിക്കില്ലെന്നായിരുന്നു അഷിമയുടെ അച്ഛന്റെ നിലപാട്.
പഞ്ചാബിൽ അറിയപ്പെടുന്ന ഒരു മലയാളിയെക്കൊണ്ടു തന്നെ പരിചയപ്പെടുത്തിക്കാമെന്നു വല്യത്താൻ തീരുമാനിച്ചു. പട്ടത്തെ ആന്ധ്ര ഗവർണറായി മാറ്റിയെങ്കിലും അദ്ദേഹം പഞ്ചാബിൽ ഉണ്ട്. വിവരങ്ങളെല്ലാം കേട്ട പട്ടം അഷിമയുടെ അച്ഛനു കത്തെഴുതി. അതോടെ വിവാഹം നിശ്ചയിച്ചു.
വിവാഹച്ചെലവ് ആകെ ഒന്നേകാൽ രൂപയിൽ നിർത്തി. ആര്യസമാജം വിശ്വാസികളായിരുന്നു അഷിമയുടെ കുടുംബം. പുടവ കൊടുത്തില്ല. താലി ചാർത്തിയില്ല. ഫോട്ടോയെടുപ്പും ഉണ്ടായിരുന്നില്ല. ഒരു ഹോമം മാത്രമായിരുന്നു ചടങ്ങ്.