10 വയസ്സു മുതൽ ഹൃദയത്തിൽ
Mail This Article
കൊല്ലം ∙ 10 വയസ്സുള്ള കുട്ടിയെ ചികിത്സിച്ച ഡോക്ടർ ആ ബന്ധം 48 വർഷം ഹൃദയത്തിൽ സൂക്ഷിച്ച അപൂർവത! ഡോ. വല്യത്താന് അഞ്ചാലുംമൂട് സ്വദേശിനി മേഴ്സി ഗോമസിനോടുള്ള അടുപ്പം അതായിരുന്നു. ഡോക്ടർ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1976 ൽ 10 വയസ്സുള്ള മേഴ്സിക്കായിരുന്നു. ശ്രീചിത്രയിലെ ആദ്യത്തെ ശസ്ത്രക്രിയയും അതുതന്നെ.
2023 ൽ വല്യത്താന്റെ പിറന്നാൾ ആഘോഷത്തിൽ വരെ പങ്കെടുത്ത കുപ്പണ പുതുവയലിൽ മേഴ്സിക്ക് (58) അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ‘ഹൃദയത്തിലെ ദ്വാരത്തിനാണ് അന്നു കേട്ടുകേൾവി പോലുമില്ലാത്ത ശസ്ത്രക്രിയ നടത്തുന്നത്. പിന്നീട് ആദ്യത്തെ കൺമണിയോടെന്ന പോലെ സ്നേഹമായിരുന്നു എന്നോട്. മണിപ്പാലിൽ കഴിഞ്ഞ വർഷം നടന്ന പിറന്നാളാഘോഷത്തിലേക്കു വണ്ടിക്കൂലി വരെ അയച്ചുതന്നാണ് എന്നെ ക്ഷണിച്ചത്’ – ദുഃഖമടക്കി മേഴ്സി പറഞ്ഞു.
മത്സ്യത്തൊഴിലാളികളായ ഹെൻറിയുടെയും ജനോവയുടെയും മകളായ മേഴ്സി വിട്ടുമാറാത്ത പനിയെത്തുടർന്നാണ് ശ്രീചിത്രയിലേക്ക് എത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം നടക്കുന്ന കാലമാണ്. നിർമാണം പൂർത്തിയായശേഷം 1976 ഒക്ടോബർ 26നു കേരളത്തിന്റെ വൈദ്യശാസ്‌ത്ര രംഗത്തു ചരിത്രം കുറിച്ച ശസ്ത്രക്രിയ നടന്നു. ഡോ. വല്യത്താൻ, ഡോ. കെ.മോഹൻദാസ്, ഡോ. നന്ദകുമാർ എന്നിവരാണു നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്കുശേഷം കുറച്ചുദിവസം ഓർമ നഷ്ടമായതടക്കമുള്ള സങ്കീർണതകൾ മേഴ്സി നേരിട്ടെങ്കിലും വല്യത്താന്റെ തുടർപരിചരണം രോഗം പൂർണമായും ഭേദമാക്കി.