വാചകമേള
Mail This Article
വിഴിഞ്ഞം പദ്ധതിയിലൂടെ 5000 പേർക്കു നേരിട്ടുള്ള തൊഴിലാണ് പ്രതീക്ഷിക്കുന്നത്. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെങ്കിൽ ഈ അവകാശങ്ങൾ ഗൗരവത്തിലെടുക്കണം. അല്ലെങ്കിൽ മറ്റു പല പദ്ധതികളിലെന്ന പോലെ ഇതും ജലരേഖയായാൽ അദ്ഭുതപ്പെടരുത്. 31,000 കോടി ചെലവാക്കുന്ന പദ്ധതിക്ക് 5000 തൊഴിൽ സൃഷ്ടി എന്നു പറഞ്ഞാൽ ഓരോ തൊഴിലിനും വേണ്ട മുതൽമുടക്ക് 6.2 കോടി രൂപയാണ്.
ഡോ. കെ.പി.കണ്ണൻ
ലോകത്തിലെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ് പാർട്ടികളും ജനാധിപത്യപാർട്ടികളായി സ്വയം മാറുകയും തൊഴിലാളിവർഗ സർവാധിപത്യം കയ്യൊഴിയുകയും ചെയ്തു. ഇന്ത്യയിൽ അൽപം വൈകിയാണെങ്കിലും സിപിഐ അങ്ങനെ ചെയ്തു. എന്നാൽ സിപിഎം തൊഴിലാളിവർഗ സർവാധിപത്യ ലക്ഷ്യം നിലനിർത്തുന്നു. പാർട്ടിയാണ് പരമപ്രധാനമെന്നും പാർട്ടിയെ സംരക്ഷിക്കാൻ എന്തും ചെയ്യാം എന്നുമുള്ള അന്ധമായ പാർട്ടി ബോധം പ്രവർത്തകരിൽ വേരൂന്നുകയും ചെയ്യുന്നു. 51 വെട്ടും അതുപോലുള്ള ക്രൂരതകളും ചെയ്യാൻ കരുത്തുനൽകുന്നത് ഈ അന്ധമായ പാർട്ടി ബോധമാണ്.
കെ.വേണു
എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ഹ്യൂമറസ് എന്നു പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഒന്നാമതു മലയാളികൾ തമാശ പറയുന്ന മനുഷ്യരാണ്. അതു സ്ത്രീകൾക്കും ഉള്ളതു തന്നെയാണ്. ഫിലോമിന, മീന, ഉർവശി , കൽപന, കെപിഎസി ലളിത, സുകുമാരി ഇവർക്കൊക്കെ പെർഫോമൻസ് സാധ്യതകൾ ഒരുപാടു കൊടുത്ത ഒരുപാടു സിനിമകൾ ഉണ്ട്. ഇപ്പോഴത്തെ അഭിനേതാക്കൾക്ക് അതു കിട്ടുന്നില്ലല്ലോ എന്നു തോന്നിയിട്ടുണ്ട്.
കനി കുസൃതി
പെണ്ണുങ്ങൾ മാത്രമുള്ള സിനിമകൾ ഉണ്ടാക്കുന്നതുതന്നെ ചില ആണുങ്ങൾ ആയിരിക്കും. പെൺ എഴുത്തുകൾ വരുന്നില്ല, സംവിധായകർ വരുന്നില്ല. പക്ഷേ, അതിന് അവരെയല്ല കുറ്റം പറയേണ്ടത്. പെണ്ണുങ്ങളെ ഇങ്ങോട്ടു വിടാത്തത് ആരാണ്?
ജിയോ ബേബി
പാർട്ടിയോട് ഒട്ടിനിൽക്കുന്ന ധിഷണാശാലികളായി നടക്കുന്ന ഒരു വിഭാഗം ബുദ്ധിജീവികളുണ്ട്. ക്വട്ടേഷൻ കൊലകളും ബോംബുനിർമാണവും ഒരുവശത്തു പുരോഗമിക്കുമ്പോൾ മറുവശത്ത് ഗാന്ധിക്കും ശ്രീനാരായണ ഗുരുവിനും വിവേകാനന്ദനും സ്തുതിപാടിക്കൊണ്ട് അവർ ഗിരിപ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കും. അതാണ് ഈ പാർട്ടി പുരോഹിത ബുദ്ധിജീവികളുടെ പണി. ഈ തരം ബുദ്ധിജീവികൾക്കെല്ലാമുള്ള സംരക്ഷണകവചമാണ് അവരുടെ നരേന്ദ്ര മോദി വിമർശനം.
ബി.രാജീവൻ
നമ്മൾ ഒരു സിനിമയുണ്ടാക്കുമ്പോൾ അറിയുന്നില്ലല്ലോ അതു കാലത്തെ അതിജീവിക്കുന്നതാണോ അല്ലയോ എന്ന്. എനിക്കു തന്നെ അദ്ഭുതം തോന്നിയ ഒരു സിനിമയാണ് ദേവദൂതൻ. ഏതെങ്കിലും ചാനലിൽ ഇതു വന്നാൽ എനിക്ക് ആളുകൾ മെസേജ് അയയ്ക്കും, അപ്പോൾ സങ്കടവും വരും ഉള്ളിൽ. ഇത്തരത്തിൽ ഒരു രീതിയിൽ ഈ സിനിമയ്ക്ക് ഒരു പുനർജന്മം ഉണ്ടാകുമെന്നു ഞാൻ കരുതിയിട്ടില്ല.
രഘുനാഥ് പലേരി