ADVERTISEMENT

റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, കേരളത്തിന്റെ താൽപര്യങ്ങൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ സംരക്ഷിക്കപ്പെട്ടില്ല. പാത ഇരട്ടിപ്പിക്കലല്ലാതെ കാര്യമായ പുതിയ പദ്ധതികളൊന്നും കേരളത്തിനില്ല. 30 വർഷത്തിനിടെ യാത്രാ ട്രെയിനുകൾക്കായി ഒരു കിലോമീറ്റർ പാതപോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണു കേരളമെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം ഈ അവഗണനയെ കാണാൻ. 

കേരളത്തിനു വാരിക്കോരി നൽകിയെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചി‌ല്ലെന്നു മാത്രമല്ല, കുറവു വിഹിതം കിട്ടിയവരിൽ മൂന്നാമതാണു കേരളത്തിന്റെ സ്ഥാനം. ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും 15,000 കോടിക്കു മുകളിൽ ലഭിക്കുമ്പോഴാണു കേരളത്തിനു നൽകിയ 3011 കോടി രൂപ വലിയ വിഹിതമായി കെ‍ാട്ടിഘോഷിക്കുന്നത്. 

പാത ഇരട്ടിപ്പിക്കലിന് 1085 കോടി രൂപ ലഭിച്ചുവെന്നു മേനിനടിക്കാമെങ്കിലും അതിൽ 500 കോടി രൂപയും എസ്റ്റിമേറ്റിന് അനുമതി കിട്ടാത്ത തുറവൂർ–അമ്പലപ്പുഴ രണ്ടാം പാതയ്ക്കാണ്.  ഈ 500 കോടി രൂപ അയൽസംസ്ഥാനങ്ങളിലെ പദ്ധതികളിലേക്കു വൈകാതെ വഴിമാറിപ്പോകുമെന്ന് ഉറപ്പാണ്. അങ്കമാലി– ശബരിമല പാതയ്ക്കു 100 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്. 26 വർഷം മുൻപ് അനുവദിക്കുകയും 7 കിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേ പാലവും നിർമിക്കുകയും ചെയ്തെങ്കിലും ശബരി റെയിൽവേയുടെ നടപടികളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ശബരിപാതയുടെ പകുതി ചെലവു വഹിക്കുന്ന കാര്യത്തിൽ കേരളം കൃത്യമായ മറുപടി നൽകാത്തതിനാലാണു കേന്ദ്ര തീരുമാനം വൈകുന്നത്. പദ്ധതി 2019 മുതൽ മരവിപ്പിച്ചതിനാൽ ബജറ്റിൽ തുക അനുവദിച്ചാലും ഉപയോഗപ്പെടുത്താൻ സാധിക്കാത്ത സാഹചര്യമാണ്. 

കേരളം കാണുന്ന ദീർഘകാല സ്വപ്നമാണ് ശബരി റെയിൽപാത; രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്‌തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാൽ വിശേഷിച്ചും. ഇതു യാഥാർഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വികസനത്തിന്റെ പുതുവെളിച്ചമാണെത്തുക. അതുകെ‍ാണ്ടുതന്നെ, പദ്ധതിച്ചെലവിലെ സംസ്‌ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വത്തിന് എത്രയുംവേഗം കുരുക്കഴിയുകതന്നെ വേണം. 

സംസ്ഥാനത്തിന്റെ റെയിൽ വികസനത്തിൽ മൂന്നും നാലും പാതകളുടെ അനിവാര്യത നാം എത്രത്തോളം തിരിച്ചറിയുന്നുണ്ട് എന്ന ചോദ്യംകൂടി ഇതോടെ‍ാപ്പം ഉയരുന്നു. ഇവ യാഥാർഥ്യമായാൽ അതു േകരളത്തിനു നൽകുന്ന വേഗം അദ്ഭുതകരമാവുമെന്ന മുൻനോട്ടം സംസ്ഥാന സർക്കാരിന് ഇതുവരെ ഉണ്ടായിട്ടില്ല. നാഗർകോവിൽ – മംഗളൂരു മൂന്നാം പാതയ്ക്കൊപ്പംതന്നെ നാലാം പാതയ്ക്കുള്ള നടപടികളും റെയിൽവേ ആരംഭിക്കാതെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമാകില്ല. നിലവിലെ പാതയിൽ വേഗം കൂട്ടാനുള്ള ശ്രമങ്ങൾ കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വേഗം 110 കിലോമീറ്ററായി ഉയർത്തിയ സ്ഥലങ്ങളിലെ അനുഭവം. 

എറണാകുളം– ഷൊർണൂർ മൂന്നാം പാതയുടെ ലൊക്കേഷൻ സർവേ തീർന്നിട്ടില്ല. നിലവിലെ പാതയിൽനിന്ന് ഏറെ മാറിയാണു മൂന്നാം പാതയുടെ സർവേ നടക്കുന്നത്. സർവേ റിപ്പോർട്ട് ലഭിച്ച് റെയിൽവേ ബോർ‍ഡ് തീരുമാനമെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. അത്രയും കാത്തിരിക്കാൻ കേരളത്തിനു കഴിയില്ലെന്നിരിക്കെ മൂന്നും നാലും പാതകളുടെ പണി എത്രയുംവേഗം തുടങ്ങാനുള്ള നടപടികൾക്കായി സംസ്ഥാന സർക്കാർ സമ്മർദം ശക്തമാക്കേണ്ടതുണ്ട്. എന്നാൽ, സിൽവർലൈൻ പോലെ ഈ പാതകൾ തങ്ങളുടെ നേട്ടമായി പറയാൻ കഴിയാത്തതുകെ‍ാണ്ട് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ താൽപര്യമില്ലെന്നതാണ് സ്ഥിതി.

English Summary:

Kerala will not get deserving consideration in Union budget for railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com