ADVERTISEMENT

അങ്ങനെയിരിക്കെ നമ്മുടെ വാട്സാപ്പിൽ ഒരു മെസേജ് വരുന്നു: ‘നിങ്ങളുടെ വാഹനം ട്രാഫിക് നിയമലംഘനം  നടത്തിയിരിക്കുന്നു. ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാഹൻ പരിവാഹൻ എന്ന ആപ് ഫോണിൽ ഡൗൺ ലോഡ് ചെയ്യണം. അവിടെ വിശദാംശങ്ങളുണ്ട്. അതിലെ നിർദേശങ്ങളനുസരിച്ച് ഫൈൻ അടയ്ക്കണം.’ 

ഫൈൻ സംബന്ധിച്ച ചലാൻ നമ്പറൊക്കെ മെസേജിലുണ്ടാകും. സന്ദേശം കണ്ടാൽ സർക്കാർ സംവിധാനത്തിൽനിന്നുള്ള ഒറിജിനൽ തന്നെയെന്നു തോന്നുകയും ചെയ്യും. ഈ ആപ് വഴി എളുപ്പത്തിൽ ഫൈനടയ്ക്കാം, അല്ലെങ്കിൽ ആർടിഒ ഓഫിസിൽ പോയി നേരിട്ട് അടച്ചോളൂ എന്നൊക്കെ കരുതലോടെ അതിൽ പറയുന്നുണ്ടാവും! മിക്കവരും വിശ്വസിച്ചുപോകും. 

എങ്കിൽപിന്നെ ആർടിഒ ഓഫിസിൽ പോയി അടച്ചുകളയാം എന്നു നിങ്ങൾ തീരുമാനിച്ചാൽ രക്ഷപ്പെട്ടു. പക്ഷേ, അങ്ങനെ തീരുമാനിക്കാത്ത  ആയിരക്കണക്കിനു പേർക്ക് ഇതിനകം ‘പണി’ കിട്ടിക്കഴിഞ്ഞു. നമ്മളോടു ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്ന ആ ആപ് ഗതാഗതവകുപ്പിന്റെ ഒറിജിനൽ അല്ല; നല്ല ഒന്നാന്തരം വ്യാജനാണ്. മാൽവെയർ എന്നു സാങ്കേതികഭാഷയിൽ പറയും. ആപ് ഫോണിൽ ഡൗൺലോഡായാൽ അവർ കൊട്ടക്കണക്കിന് അനുമതികൾ (ആക്സസ്)  നമ്മളോടു ചോദിക്കും – ഫോണിലെ കോണ്ടാക്ടുകൾ, എസ്എംഎസ് സന്ദേശങ്ങൾ, കോളുകൾ... തുടങ്ങി പലതും വ്യാജ ആപ്പിനു പരിശോധിക്കാനുള്ള അനുമതിയാണു ചോദിക്കുന്നത്. നമ്മുടെ സ്വന്തം സർക്കാരിന്റെ ആപ് ആണല്ലോ എന്ന നിഷ്കളങ്കവിചാരം കൊണ്ടും എത്രയും പെട്ടെന്നു പിഴയടച്ചു രക്ഷപ്പെടണമെന്ന ആധികൊണ്ടും എല്ലാ അനുമതിയും നമ്മൾ കയ്യോടെ കൊടുക്കും. അതോടെ, നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപികൾ, സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന ഇ കൊമേഴ്സ് സൈറ്റുകളിലെ വിവരങ്ങൾ തുടങ്ങി സകലതും ആപ് ആവശ്യാനുസരണം കട്ടെടുത്തുകൊണ്ടു പോകും, അതുപയോഗിച്ച് സുഖമായി പണം തട്ടുകയും ചെയ്യും. 

വിയറ്റ്നാമിൽനിന്നുള്ള ഹാക്കർമാരാണ് ഈ തട്ടിപ്പിനു പിന്നിലെന്നാണ് സൈബർ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള ക്ലൗഡ്സെക് എന്ന സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ ഗുജറാത്തിലും കർണാടകയിലുമാണ് ഈ തട്ടിപ്പ് ഏറ്റവും കൂടുതൽ നടന്നിട്ടുള്ളതത്രേ. 4451 മൊബൈൽ ഫോണുകളെ ഈ വിയറ്റ്നാമീസ് മാൽവെയർ ബാധിച്ചെന്നാണ് ക്ലൗഡ്സെക് റിപ്പോർട്ടിലുള്ളത്; 16 ലക്ഷത്തിലേറെ രൂപ ഇതിലൂടെ തട്ടിച്ചെടുത്തിട്ടുണ്ടെന്നും. 

നമ്മുടെ ഫോണിനെ മാത്രമല്ല, ഇന്റർനെറ്റ് കണക്‌ഷനു വേണ്ടി ഉപയോഗിക്കുന്ന വൈഫൈ നെറ്റ്‌വർക്കിനെയും അതിലൂടെ ആ നെറ്റ്‌വർക് ഉപയോഗിക്കുന്ന മറ്റു ഫോണുകളെയും വരെ ‘ബാധിക്കാനുള്ള’ ശേഷി ഈ മാൽവെയറിനുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. 

ഗുജറാത്തിലും കർണാടകയിലുമല്ലേ പ്രശ്നം, ഇവിടെ സേഫാണല്ലോ എന്നു കരുതിയിരിക്കാൻ വരട്ടെ. കേരളത്തിലും പലർക്കും ഇപ്പോൾത്തന്നെ ഈ സന്ദേശം ലഭിച്ചെന്നു റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട്, സൂക്ഷിച്ചാ‍ൽ ദുഃഖിക്കേണ്ട. 

സൂക്ഷിക്കേണ്ടത് ഇങ്ങനെയൊക്കെ:

∙ നിയമലംഘനം നടത്തിയെന്നു മെസേജ് വന്നാ‍ൽ, അതിലെ വാഹന നമ്പർ നമ്മുടേതു തന്നെയോ എന്ന് ആദ്യം ഉറപ്പാക്കുക ∙ മെസേജിലെ ലിങ്കിൽ പറയുന്ന ആപ് ഡൗൺ ലോഡ് ചെയ്യരുത്, പകരം ഗതാഗതവകുപ്പിന്റെ വെബ്സൈറ്റിൽ (parivahan.gov.in) പോയി പരിശോധിക്കുക ∙ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകളെല്ലാം തന്നെ gov.in  എന്ന വിലാസത്തിലായിരിക്കും. ∙ അപരിചിതമായ നമ്പറുകളിൽനിന്നു വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക ∙ ആപ്പുകൾ ലിങ്കുകൾ വഴിയല്ല, പകരം അതതു പ്ലേ/ആപ് സ്റ്റോറുകളിൽനിന്നു മാത്രം ഡൗൺലോഡ് ചെയ്യുക. ∙ ആപ് ഉപയോഗിക്കുമ്പോൾ അവർ ചോദിക്കുന്ന അനുമതികളിൽ ആവശ്യമുള്ളവ മാത്രം നൽകുക ∙ പിന്നെ, പിഴയടയ്ക്കണം എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ ചാടിക്കയറി അടയ്ക്കാൻ പോകരുത്, എല്ലാ വിശദാംശങ്ങളും പരിശോധിക്കുക. ∙ സാമാന്യബുദ്ധി ആവോളം ഉപയോഗിക്കുക! 

ഇല്ലാത്ത പാഴ്സൽ 

മുകളിൽപ്പറഞ്ഞത് ഗതാഗതവകുപ്പിന്റെ പേരിലുള്ള  വാട്സാപ് – വ്യാജ ആപ് തട്ടിപ്പിന്റെ കാര്യമാണെങ്കിൽ ഇതാ തപാൽ വകുപ്പിന്റെ പേരിലും ഒരു തട്ടിപ്പ്. 

സംഭവം എസ്എംഎസിലാണ്. നിങ്ങളുടെ ഫോണിൽ വരുന്ന മെസേജ് ഇങ്ങനെയായിരിക്കും: താങ്കളുടെ പേരിൽ വന്ന ഒരു പാഴ്സൽ വെയർഹൗസിൽ ഇരിക്കുന്നു. പലതവണ അതു  ഡെലിവർ ചെയ്യാൻ ശ്രമിച്ചെങ്കിലും താങ്കളുടെ മേൽവിലാസം അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് സാധിച്ചില്ല. 48 മണിക്കൂറിനുള്ളിൽ ഈ ലിങ്കിലുള്ള വെബ്സൈറ്റിൽ പോയി വിലാസം അപ്ഡേറ്റ് ചെയ്യണം. ലിങ്കിൽ പോകുമ്പോൾ വിലാസം മാത്രമല്ല, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വരെ ചോദിച്ചു കയ്യിലാക്കും. വെബ്സൈറ്റ് ഒക്കെ കണ്ടാൽ തപാൽ വകുപ്പിന്റേതാണെന്നു തോന്നുമെങ്കിലും സംഗതി തട്ടിപ്പാണ്.  ഇത്തരം മെസേജുകളോടു പ്രതികരിക്കരുതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ നിർദേശിച്ചിരുന്നു.

English Summary:

Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com