കൈകൂപ്പുക നമ്മൾ
Mail This Article
വയനാട്ടിൽ ഉരുൾപൊട്ടിയ ഭൂമിയിൽനിന്നു ജീവിതവും മരണവും കണ്ടെടുക്കുകയാണ് ഒരാഴ്ചയോളമായി ഇവർ; കഠിനസങ്കടം അനുഭവിക്കേണ്ടിവന്നവരെ ചേർത്തുനിർത്തി നിങ്ങൾ ഒറ്റയ്ക്കല്ലെന്നും ഞങ്ങൾ കൂടെയുണ്ടെന്നും ഹൃദയസ്വരത്തിൽ പറയുന്നവർ.
രക്ഷാപ്രവർത്തനം കുറ്റമറ്റതാക്കാനുള്ള സമർപ്പിതമനസ്സുമായി ദുരന്തമുഖങ്ങളിൽ രാപകലില്ലാതെ ജോലി ചെയ്യുന്നവരെ കേരളം അഭിവാദ്യം ചെയ്യുകയാണിപ്പോൾ. സഹജീവിസ്‌നേഹം നിറഞ്ഞ, നിസ്വാർഥതയുടെ കൈകൾ കോർക്കുന്ന ഈ കൂട്ടായ്മയിൽ നാട് പ്രത്യാശയർപ്പിക്കുന്നു – ഈ മണ്ണിൽനിന്നു സ്നേഹവും കരുണയും ഒരുകാലത്തും വറ്റിപ്പോകുന്നില്ല.
രാജ്യത്തെത്തന്നെ ഞെട്ടിച്ച വയനാട്ടിലെ ഉരുൾപൊട്ടലിനെ സൈന്യത്തോടൊപ്പം ആവുന്ന വിധത്തിലൊക്കെ നേരിടുകയാണു നൂറുകണക്കിന് എൻഡിആർഎഫ് – അഗ്നിരക്ഷാ– വനം വകുപ്പ് – പൊലീസ് സേനാംഗങ്ങളും സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും. ഏറ്റവും പ്രതികൂലവും അങ്ങേയറ്റം ക്ലേശകരവുമായ സാഹചര്യങ്ങളിൽ, ലക്ഷ്യബോധവും ഇച്ഛാശക്തിയും മുറുകെപ്പിടിച്ച് രക്ഷാപ്രവർത്തനം നടത്തുകയും അവിരാമം തിരച്ചിൽ തുടരുകയും ചെയ്യുന്ന ഇവരുടെയൊക്കെയും സേവനം എക്കാലവും കേരളം നന്ദിപൂർവം ഓർമിക്കും.
അതിജീവനത്തിലേക്കു നിർമിച്ച ആ ബെയ്‌ലി പാലം സമർപ്പണത്തിന്റെയും ഇച്ഛാശക്തിയുടെയുംകൂടി പ്രതീകമാണ്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പാലത്തിനു പകരം സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് മഴയും പുഴയുടെ ഒഴുക്കും വകവയ്ക്കാതെ, ഒരു രാത്രിയും പകലുംകൊണ്ടു നിർമിച്ച ബെയ്‌ലി പാലമാണു മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിനു ഗതിവേഗം പകർന്നത്. ദുരന്തമുണ്ടായെന്ന് അറിഞ്ഞ ഉടൻ സൈന്യം ഇവിടെയെത്തി. നിർമാണം അതീവ ദുഷ്കരമായ ഭൂമിയിലാണു പാലം പണിയേണ്ടതെന്ന് ആദ്യദിവസംതന്നെ മനസ്സിലാക്കുകയും ചെയ്തു. ഉറപ്പില്ലാത്ത മണ്ണ്; അപകടസാധ്യത. എല്ലാവരും ഒരു മനസ്സോടെ, തുടർച്ചയായി 40 മണിക്കൂറിലേറെ ജോലി ചെയ്താണ് എത്രയും വേഗം പാലംപണി പൂർത്തിയാക്കിയത്.
ചാലിയാറിലെ കുത്തൊഴുക്കു വകവയ്ക്കാതെ, സേനാംഗങ്ങൾക്കു കൂട്ടായി എത്രയോ നാട്ടുകാരും തിരച്ചിലിൽ പങ്കാളികളാവുന്നു. ആദ്യം ജീവന്റെ തുടിപ്പു തേടിയുള്ള തിരച്ചിലായിരുന്നെങ്കിൽ പിന്നീടതു മൃതശരീരങ്ങൾക്കു വേണ്ടിയുള്ളതായി. ഈ ക്ലേശദൗത്യത്തിൽ പങ്കുചേരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേരാണു ചാലിയാറിന്റെ തീരങ്ങളിലെത്തിയത്. ഉരുൾപൊട്ടി പുഴയിലൂടെ ജീവനറ്റ് ഒഴുകിയെത്തിയവരുടെ അന്ത്യയാത്രയെങ്കിലും അന്തസ്സുള്ളതാക്കാനുള്ള മഹനീയ ശ്രമം. നാടിനെ നടുക്കുന്ന ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കു സന്മനസ്സോടെ സ്വയം സന്നദ്ധരാവുന്നത് എത്രയോ ശ്ലാഘനീയം. സാമൂഹിക പ്രതിബദ്ധതയുടെയും മാനവികതയുടെയും മാനിക്കപ്പെടേണ്ട അടയാളം.
ഇതിനിടെ പ്രജീഷ് എന്ന യുവാവിന്റെ ജീവത്യാഗം സമർപ്പണത്തിന്റെ വിളംബരമായി മാറിയതും സങ്കടത്തോടെ നാം കേട്ടു. ഉരുൾപൊട്ടിയ രാത്രിയിൽ, സ്വന്തം ജീവൻ പോലും മറന്ന് ആളുകളെ രക്ഷപ്പെടുത്താൻ ജീപ്പുമായി മൂന്നാം തവണയും മല കയറുകയായിരുന്നു മുണ്ടക്കൈ സ്വദേശി പ്രജീഷ്. കൂടെ, സുഹൃത്ത് ശരത് ബാബുവും. പക്ഷേ, അവർക്കു ചൂരൽമല പാലത്തിനടുത്ത് എത്താനായില്ല. ഉരുൾപ്രവാഹം പ്രജീഷിന്റെ ജീവൻ കവർന്നു. ശരത് ഇപ്പോഴും കാണാമറയത്താണ്...
ഉരുൾപൊട്ടലിൽ അമ്മമാരെ നഷ്ടമായ പിഞ്ചോമനകൾക്കു മുലയൂട്ടാൻ തയാറായവരുടെ സ്നേഹവായ്പിനു മുന്നിൽ കൈകൂപ്പണം. ഭയന്നുവിറച്ച് ഉൾക്കാട്ടിലെ പാറയിടുക്കിൽ അഭയംതേടിയ ആദിവാസി കുടുംബത്തിലെ കുഞ്ഞുങ്ങളെ നെഞ്ചിൽ ചേർത്തുകെട്ടി സുരക്ഷിതസ്ഥാനത്തെത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരിലും ഉരുൾവെള്ളത്തിന്റെ കുത്തൊഴുക്കിനുമീതെ റോപ്‌വേയിലൂടെ കൈക്കുഞ്ഞിനെ രക്ഷയുടെ കരയിലെത്തിച്ച അഗ്നിരക്ഷാസേനാംഗത്തിലുമുണ്ട് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക.
അപകടമുണ്ടായ നേരംതൊട്ട് വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും പോസ്റ്റ്മോർട്ടത്തിനും മൃതദേഹ സംസ്കാരത്തിനും മുന്നിട്ടിറങ്ങിയവരും ആരോരുമില്ലാത്തവർക്കായി ആശുപത്രികളിൽ കൂട്ടിരിക്കാൻ തയാറാവുന്നവരും കയ്യിലുള്ളതെല്ലാം ദുരിതബാധിതർക്കായി നൽകുന്നവരും വയനാടിന്റെ വിലാപത്തിൽ ദൂരെയിരുന്നു സാന്ത്വനമാകുന്നവരും ...ഇവരെയൊക്കെയും സ്നേഹം കൊണ്ടല്ലാതെ എങ്ങനെ ആദരിക്കാൻ?
മനുഷ്യത്വത്തിന്റെ വില തിരിച്ചറിയുന്നവർ ഏതൊരു സമൂഹത്തിന്റെയും സൗഭാഗ്യമാകുന്നു. ഈ സൗഭാഗ്യം, നാടൊരുമയുടെ ഈ അതിജീവനമന്ത്രം നമ്മോടുകൂടി എന്നുമുണ്ടായിരിക്കട്ടെ.