ബുദ്ധിജീവിയായ മുഖ്യമന്ത്രി; നടപ്പാക്കിയത് പാർട്ടിനയം
Mail This Article
ബംഗാളിലെ സിപിഎമ്മിന്റെ രണ്ടാം തലമുറ നേതാക്കളിലൊരാളായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയും ബിമൻ ബോസും സീതാറാം യച്ചൂരിയും ഞാനും മറ്റും ഒരുമിച്ചാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്; 1985ൽ. എന്നാൽ, ബുദ്ധദേവും ഞാനുമായുള്ള ബന്ധം 1974ൽ തുടങ്ങിയതാണ്. അദ്ദേഹമന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. ബുദ്ധദേവ് ബംഗാളിലെ പ്രതീക്ഷ നൽകുന്ന നേതാക്കളിലൊരാളായി വളരുന്നതാണ് പിന്നീടു കണ്ടത്.
സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ബുദ്ധദേവും ആദ്യ ഇടതുമുന്നണി മന്ത്രിസഭയിൽ വേണമെന്നു തീരുമാനമുണ്ടായി, 1977ൽ. അന്നു മുതൽ അദ്ദേഹത്തിന്റെ പ്രവർത്തനമേറെയും സർക്കാരിന്റെ ഭാഗമെന്നോണമായിരുന്നു. ബംഗാളിൽ 34 വർഷം ഇടതു മുന്നണി ഭരിച്ചു. രണ്ടാം തവണയൊഴികെ, 29 വർഷം ബുദ്ധദേവ് മന്ത്രിയായിരുന്നു. പരിമിത അധികാരങ്ങളുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും സമീപനരീതിയും സംബന്ധിച്ച് ഞങ്ങളുടെ ആദ്യ അനുഭവം കേരളത്തിലായിരുന്നു, 1957ൽ. കേരളത്തിലേതുപോലെയല്ല; ബംഗാളിൽ 1977ൽ ഭരണം ലഭിച്ചപ്പോൾ കുറെക്കാലം അതുണ്ടാവുമെന്നു മനസ്സിലായി. കാരണം, ഞങ്ങൾക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്നു; മന്ത്രിസഭയെ പുറത്താക്കുമെന്ന ഭീഷണിയില്ലായിരുന്നു. സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നയസമീപനങ്ങൾ രൂപീകരിക്കുന്നതിൽ ബുദ്ധദേവും കാര്യമായ പങ്കുവഹിച്ചു.
സിപിഎമ്മിന്റെ മറ്റു പല നേതാക്കളിലുംനിന്നു വ്യത്യസ്തനായിരുന്നു ബുദ്ധദേവ്. സാഹിത്യത്തിൽ ഏറെ തൽപരൻ; കവിതകളും നാടകങ്ങളുമെഴുതി; ബംഗാളിലെ എഴുത്തുകാർ, സാംസ്കാരിക– കലാരംഗങ്ങളിലുള്ളവർ തുടങ്ങിയവരുമായി നല്ല ബന്ധം പുലർത്തി. സർക്കാരിൽ അദ്ദേഹം സാംസ്കാരിക വകുപ്പാണ് കൈകാര്യം ചെയ്തത്. കൊൽക്കത്തയിലെ സാംസ്കാരിക കേന്ദ്രമായ നന്ദനിൽ സമയം ചെലവിടാനാണ് ബുദ്ധദേവിനു കൂടുതൽ താൽപര്യമെന്നു ഞങ്ങൾ തമാശയായി പറയുമായിരുന്നു. ദിവസവും വൈകുന്നേരം ഒരു മണിക്കൂറെങ്കിലും അദ്ദേഹം നന്ദനിലായിരിക്കും. അവിടെ ബുദ്ധിജീവികൾക്കും എഴുത്തുകാർക്കുമൊപ്പം സമയം ചെലവിടുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതൽ സന്തോഷകരം. അവിടെ ചർച്ചകളുണ്ടാവും, സിനിമകളും കാണാം.
പാർട്ടി നേതൃത്വത്തിൽ, സാഹിത്യത്തിലെ പുതിയ കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെക്കുറിച്ചു നല്ല ധാരണയുള്ള ചുരുക്കം പേരിലൊരാളായിരുന്നു ബുദ്ധദേവ്. ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ രണ്ടു ചെറുനോവലുകൾ അദ്ദേഹം ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തി. പോർച്ചുഗീസ് എഴുത്തുകാരൻ ഷൂസേ സാരാമാഗുവിന്റെ നോവലുകൾ എനിക്കു പരിചയപ്പെടുത്തിയതു ബുദ്ധദേവാണ്. ‘ബ്ലൈൻഡ്നെസ്’ എന്ന നോവൽ വായിക്കാനായിരുന്നു നിർദേശം. മറ്റൊന്നു ഞാൻ വായിച്ചു.
ബംഗാളിൽ വ്യവസായവൽക്കരണത്തിനു ഞങ്ങൾ ശ്രമിച്ചപ്പോഴുണ്ടായ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി ബുദ്ധദേവാണെന്നു പലരും പറയാറുണ്ട്. വസ്തുത അതല്ല. പാർട്ടി തയാറാക്കിയ നയം നടപ്പാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അപ്പോൾ ചില പിഴവുകളോ പോരായ്മകളോ ഉണ്ടായെന്നതു ശരിയാണ്. ഭൂപരിഷ്കരണശേഷം, ബംഗാളിന്റെ വികസനത്തിനു വ്യവസായം വേണം, അതില്ലാതെ ഭാവിതലമുറയ്ക്കു ജോലി ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനെടുത്ത നടപടികളിൽ തെറ്റുകളും രാഷ്ട്രീയമായുൾപ്പെടെ പ്രശ്നങ്ങളും ഉണ്ടായെന്നതു വസ്തുതയാണ്. ക്രമേണ അത് ഇടതുമുന്നണിയുടെ പരാജയത്തിലെത്തിച്ചു, 2011ൽ. ബംഗാളിൽ അന്നുണ്ടായ തീരുമാനങ്ങൾ മിക്കതും അദ്ദേഹം തനിച്ചെടുത്തതല്ല. പുതിയ വ്യവസായനയംതന്നെ ജ്യോതി ബസുവിന്റെ കാലത്ത് തയാറാക്കിയതായിരുന്നു. നടപ്പാക്കലിലെ പ്രശ്നങ്ങൾ സർക്കാരിനു പറ്റിയ പിഴവായാണു ഞങ്ങൾ വിലയിരുത്തിയത്. എല്ലാം തന്റെ പിഴവെന്ന് അദ്ദേഹം പറഞ്ഞില്ല, ബുദ്ധദേവിനാണ് ഉത്തരവാദിത്തമെന്നു പാർട്ടിയും പറഞ്ഞില്ല. ബംഗാളിലെ പാർട്ടിയുടെ തകർച്ച ഒരാളുടെ ചുമലിൽ വയ്ക്കാനാവില്ല.
ബംഗാളിലെ ഇടതുസർക്കാരിനു രണ്ടു ഘട്ടങ്ങളാണുണ്ടായിരുന്നത്. ആദ്യത്തേത് 1977 മുതൽ 1990വരെ. അന്നു കേന്ദ്രനയങ്ങൾ വ്യത്യസ്തമായിരുന്നു. നേരത്തേ ഞങ്ങൾ ബംഗാളിൽ പൊതുമേഖലയുടെ സംരക്ഷണത്തിനായി പോരാടി. പിന്നീടാണ് ഉദാരവൽക്കരണം വരുന്നത്. വ്യവസായം വേണമെങ്കിൽ സ്വകാര്യമേഖല വേണമെന്നായി. അതോടെ ബംഗാളിലെ പ്രശ്നങ്ങൾ വർധിച്ചു; പുതിയ സാഹചര്യം അതിന്റേതായ പ്രശ്നങ്ങൾ സൃഷ്ടിച്ചു.