ADVERTISEMENT

സങ്കടത്തോടെ, കുറ്റബോധത്തോടെ, ക്ഷമാപണത്തോടെ ഓർമിക്കാം: അപകടഭീഷണിയുടെ മുന്നറിയിപ്പു നൽകുന്നെ‍ാരു ബോർഡ് റോഡിൽ സ്ഥാപിച്ചിരുന്നെങ്കിൽ എത്രയോപേർ‌ ഇന്നും നമുക്കെ‍ാപ്പം ഉണ്ടാവുമായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന റോ‍‍‍ഡുകളിൽ വേണ്ടത്ര സുരക്ഷാ മുൻകരുതലും മുന്നറിയിപ്പ് അടയാളങ്ങളും ഇല്ലാതിരുന്നതുകൊണ്ടുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ വർഷംമാത്രം േകരളത്തിനു നഷ്ടമായത് 440 മനുഷ്യജീവൻ! അപകടസാധ്യതയുള്ള ഇടങ്ങളിലെല്ലാം മുന്നറിയിപ്പു ബോർഡുകൾ ഉണ്ടായിരുന്നെങ്കിൽ അവരുടെ ആയുസ്സ് മുറിയുമായിരുന്നില്ല.

ഈ കണക്കുകളിൽ എത്രയോ കുടുംബങ്ങളുടെ സങ്കടം ഇരമ്പുന്നതുകൂടി നാം കേൾക്കേണ്ടതുണ്ട്. പുറപ്പെട്ട വീട്ടിലേക്കും കൈവീശി യാത്രയയച്ച പ്രിയപ്പെട്ടവരിലേക്കും തിരികെയെത്താനുള്ളതാണ് എല്ലാ യാത്രകളും. എന്നിട്ടും, ഉത്തരവാദപ്പെട്ടവർ ചുമതല മറക്കുന്നതുകെ‍ാണ്ട് എത്രയോ പേർ വീട്ടിൽ തിരിച്ചെത്തുന്നില്ല. അവരുടെ പ്രിയപ്പെ‍ട്ടവരുടെ വഴിക്കണ്ണുകൾ ഇപ്പോഴും പെയ്തുകെ‍ാണ്ടേയിരിക്കുന്നു. അധികൃതർക്കു സമൂഹത്തോടും സഹജീവികളോടും അൽപമെങ്കിലും ശ്രദ്ധയും കരുതലും ഉണ്ടായിരുന്നെങ്കിൽ എന്നു നാം ആലോചിച്ചുപോകുന്ന അപകടങ്ങളാണു പലതും. ആവർ‍ത്തിക്കരുതാത്ത അനാസ്ഥയുടെ ദുഃഖസാക്ഷ്യങ്ങൾ! 

കഴിഞ്ഞ വർഷം സംസ്ഥാനത്തു റോഡ് നിർമാണവും അറ്റകുറ്റപ്പണിയും നടന്ന ഇടങ്ങളിൽ 4565 അപകടങ്ങളാണ് ഉണ്ടായത്. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന് (നാറ്റ്പാക്) സംസ്ഥാന പൊലീസ് കൈമാറിയ വാർഷിക കണക്കിലാണ് ഇൗ വിവരങ്ങൾ. ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവും ഇത്തരം അപകടങ്ങൾക്കിടയാക്കിയിട്ടുണ്ടെങ്കിലും കൂടുതലും മുന്നറിയിപ്പു സംവിധാനത്തിലെ പോരായ്മ മൂലമാണെന്നത് ആത്മപരിശോധനയിലേക്ക് അധികൃതരെ കെ‍ാണ്ടുപോകേണ്ടതുണ്ട്. 

സംസ്ഥാനത്തു കഴിഞ്ഞ വർഷമുണ്ടായ 48,091 റോഡ് അപകടങ്ങളിൽ 4080 പേരാണു മരിച്ചത്. 54,320 പേർക്കു ഗുരുതര പരുക്കേറ്റു. ആകെ അപകടങ്ങളുടെ 9.33% റോഡുനിർമാണം നടന്നയിടങ്ങളിലാണ്. നിർമാണസ്ഥലത്തു പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യൻ റോഡ് കോൺഗ്രസ് വ്യക്തമായി നിർദേശിക്കാറുണ്ടെങ്കിലും അതു വേണ്ടവിധം പാലിക്കപ്പെടുന്നില്ലെന്നതു ഗുരുതര വീഴ്ചതന്നെയാണ്. നിർമാണസ്ഥലങ്ങളിൽ റോഡ് സുരക്ഷാ ഓഡിറ്റ് വേണമെന്നത് റോഡ് കോൺഗ്രസിന്റെ പ്രധാന വ്യവസ്ഥയാണെന്നുകൂടി ഓർമിക്കണം. സംസ്ഥാനത്തു ദേശീയപാതകളിലും സംസ്ഥാന പാതകളിലും ജില്ലാ റോഡുകളിലുമെല്ലാം ഇത്തരത്തിൽ അപകടങ്ങൾ നടന്നിട്ടുണ്ട്. അപകടനിരക്കിൽ രാജ്യത്തു തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.

സംസ്ഥാനത്തു റോഡ്, പാലം നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പിന്തുടരേണ്ട സുരക്ഷാ, മുൻകരുതൽ നടപടികൾക്കു പ്രോട്ടോക്കോൾ രൂപപ്പെടുത്തണമെന്നും അതു പാലിക്കുന്നുവെന്നു സർക്കാരും പെ‍ാതുമരാമത്തു വകുപ്പും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടതു രണ്ടു വർഷംമുൻപാണ്. നിർമാണസ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചവും മുന്നറിയിപ്പും ഇല്ലാത്തതാണ് അപകടത്തിലേക്കു നയിക്കുന്നതെന്ന് അന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടും ആ വീഴ്ച ആവർത്തിച്ചുകെ‍‍ാണ്ടിരിക്കുന്നു. എത്രയെത്ര അപകടങ്ങൾ; എത്രയെത്ര ജീവഹാനികൾ! 

കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴി ജീവൻ കവർന്ന യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും 2019ൽ ഹൈക്കോടതിക്കു പറയേണ്ടിവന്നു. ആളുകൾ മരിക്കുമ്പോഴാണു റോഡിലെ കുഴി മൂടുന്നതെന്നുകൂടി കോടതി അന്നു പറഞ്ഞു. പാലാരിവട്ടം അപകടത്തെത്തുടർന്ന്, റോഡുകളിൽ അപകടകരമായ സാഹചര്യമുണ്ടായാൽ ഉടൻ മുന്നറിയിപ്പു ബോർഡും ബാരിക്കേ‍ഡും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. അതു ജാഗ്രതയോടെ, പ്രതിബദ്ധതയോടെ പാലിക്കപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം പേർ മരിക്കുമായിരുന്നോ?

റോഡുകളിലെ രക്ഷാമുൻകരുതൽ നടപടികൾക്കുള്ള പ്രോട്ടോക്കോൾ വിദേശരാജ്യങ്ങളിൽ കൃത്യമായി പാലിക്കപ്പെടാറുണ്ട്; ലംഘിക്കപ്പെട്ടാൽ മാതൃകാപരമായ നടപടികളെടുക്കാറുമുണ്ട്. അപകടസാധ്യത അറിയിച്ച്, രാത്രിയിലും വ്യക്തമായിക്കാണാവുന്ന മുന്നറിയിപ്പു ബോർഡുകളും മറ്റും സംസ്ഥാനത്ത് ആവശ്യമായ സ്ഥലങ്ങളിലെ‍ാക്കെയും ഉണ്ടായേതീരൂ. ഇക്കാര്യങ്ങളൊക്കെ കൃത്യമായി ഉറപ്പുവരുത്താനുള്ള ഏകോപിത സംവിധാനം ഉണ്ടാവുകയും വേണം. നാം ഇപ്പോൾ കേട്ട ഈ സങ്കടക്കണക്കിലെ 440 പേരോടുമുള്ള കേരളത്തിന്റെ പ്രായശ്ചിത്തം അതുതന്നെയാവട്ടെ.

English Summary:

Editorial about road accident due to lack of warning board in road construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com