ADVERTISEMENT

ഒരാൾ ‘ശശിയായി’ എന്നത് ആളെ കളിയാക്കലാണ് എന്നൊരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ, ഒരാൾ ശശിയായി എന്നു പറയുന്നതുപോലെ നിസ്സാരവും നിഷ്‌കളങ്കവുമല്ല ‘ഒരാൾ പി.കെ.ശശിയായി’ എന്നു പറയുന്നത്. വിശേഷിച്ചും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് സിപിഎമ്മിന്റെ പുലിയായ  പി.കെ.ശശി വീണ്ടും ഒരു തട്ടുകേടിൽപെട്ടു നിൽക്കുന്ന കാലത്ത്. 

ഇത്തവണ ഫണ്ട് പിരിവിലെ ഗുലുമാലിന്റെ പേരിലാണ് മുന്തിയ നേതാവായ ശശിയെ പാർട്ടി നിഷ്കരുണം ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയത്. പണ്ടും ശശിക്കെതിരെ വശക്കേടായ ആരോപണവും അന്വേഷണവും സസ്പെൻഷനും ഉണ്ടായിട്ടുണ്ട്. ഇത്തവണ ആരും തുണയ്ക്കാനില്ലാതെ ശശി നട്ടം തിരിയുമ്പോഴാണ് ‘ആള് എന്നെപ്പോലെ ഡീസന്റാണ്’ എന്ന സത്യവാങ്മൂലവുമായി മന്ത്രി കെ.ബി.ഗണേഷ്കുമാർ തിരുവനന്തപുരത്തുനിന്നു പാലക്കാട്ട് ഓടിയെത്തിയത്. 

ശശിക്കെതിരെ വനിതാസഖാവ് ‍പീഡനപരാതി പറഞ്ഞ ചരിത്രമുണ്ട്. പാർട്ടി സംഗതി സത്യമെന്നു കണ്ടെത്തിയെങ്കിലും തീവ്രത കുറഞ്ഞ പീഡനമേ  നടന്നുള്ളൂ എന്നു വനിത ഉൾപ്പെട്ട അന്വേഷണ കമ്മിഷൻ അളന്നു തിരിച്ചറിഞ്ഞു. ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിലാണ് അളക്കാറ്. പീഡനത്തിന്റെ തീവ്രത അളക്കുന്ന സ്കെയിൽ പക്ഷേ, സിപിഎം പുറത്തുകാണിച്ചിട്ടില്ല. സമിതിയുടെ ന്യായീകരണത്തിൽ സ്ത്രീവിരുദ്ധതയൊന്നും  എണ്ണം പറഞ്ഞ ഫെമിനിസ്റ്റുകൾ അന്നു കണ്ടില്ല, കമാന്നു മിണ്ടിയതുമില്ല. പക്ഷാഘാതം മൂലമുള്ള സംസാരതടസ്സം ചികിത്സിച്ചു മാറ്റാം. ഇടതുപക്ഷാഘാതം കൊണ്ടുള്ളതിനു മരുന്നില്ല.

തട്ടുകേടില്ലാതെ ജീവിച്ചുപോകാനുള്ള പേരും പേരുദോഷവുമേ ശശിയുടെ സമ്പാദ്യത്തിലുള്ളൂ. രണ്ടിലും ഗണേശനെപ്പോലെ മുതലാളി അല്ലെന്നർഥം. മുൻ എംഎൽഎയും നിലവിൽ കെടിഡിസി അധ്യക്ഷനുമൊക്കെയാണെങ്കിലും ശശിയെ വലിയ പിടിയില്ലാത്തവരും കേരളത്തിലുണ്ട്. പക്ഷേ, അതുപോലാണോ ഗണേശൻ. ആബാലവൃദ്ധം സകലർക്കും സുപരിചിതം. അതുകൊണ്ടുതന്നെ സൽസ്വഭാവ സർട്ടിഫിക്കറ്റ് നൽകാനുള്ള ഗണേശന്റെ ആധികാരികതയിൽ ആർക്കുമില്ല സംശയം. ശശിയുടെ കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അത് ഇതോടെ തീർത്തും മാറുകയും ചെയ്തു.

തന്നെയും ശശിയെയും ആകാശത്തോളം ഉയർത്താനുള്ള വെപ്രാളത്തിനിടയിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനെക്കൂടി ഗണേശൻ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല. അടിസ്ഥാനമില്ലാത്ത വാർത്തകളുടെ കാര്യത്തിൽ തനിക്കും ശശിക്കും ഉണ്ടായ അനുഭവമാണ് നമ്പിക്കുമെന്നു പറഞ്ഞു കളഞ്ഞു. മാനനഷ്ടക്കേസിൽ പുലിയാണ് നമ്പി നാരായണൻ. ‘ഞാനും പുലിയമ്മാവനും കൂടി’ എന്നു ഗതികേടുമറയ്ക്കാൻ പൂച്ച മേനി പറയുമെങ്കിലും പുലി സമ്മതിച്ചുകൊടുത്ത ചരിത്രമില്ല. നമ്പി കേസിനു പോകാതിരുന്നാൽ ഗണേശന്റെ ഭാഗ്യം.

മൂപ്പുള്ള തർക്കം

കമ്യൂണിസ്റ്റ് പാർട്ടികൾ മൂപ്പിളമത്തർക്കം അവസാനിപ്പിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ആലപ്പുഴയിൽ കഴിഞ്ഞ ദിവസം വെളിപാടുണ്ടായത് എന്തുകൊണ്ടാണെന്നു പിടിയില്ല. ഇളമ സിപിഐയും മൂപ്പ് സിപിഎമ്മും സ്വമേധയാ കാലാകാലങ്ങളായി അംഗീകരിച്ചിട്ടുള്ളതു പണ്ടേ ശീലമായതിനാൽ ഇനിയൊരു തർക്കത്തിനു വിദൂരസാധ്യതപോലും ആരും കണ്ടിരുന്നില്ല. ഒരുവേള പുതിയതൊന്നു തുടങ്ങാൻ പറ്റിയ സമയമാണെന്ന് ആരെങ്കിലും ബിനോയിയെ ഉപദേശിച്ചിട്ടുണ്ടാവാം. യുഡിഎഫിലേക്കു കുറച്ചുകാലം മുൻപു കൺവീനർ എം.എം.ഹസൻ ഒരാവേശത്തിനു സിപിഐയെ ക്ഷണിച്ചിരുന്നു. കക്ഷിപോലും ഇപ്പോഴത് ഓർക്കുന്നുണ്ടോ എന്നു സംശയം.

മുതിർന്ന നേതാക്കളും കമ്യൂണിസത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കേണ്ടിവരുമെന്ന് ‘നവയുഗ’ത്തിൽ കഴിഞ്ഞദിവസം ബിനോയ് ഭീഷണിപ്പെടുത്തിയത് എന്തിനും മുതിർന്നുനിൽക്കുന്ന കെ.ഇ.ഇസ്മായിലിനെ ഉദ്ദേശിച്ചാണെന്നു പലരും പറയുന്നു. ‘കമ്യൂണിസ്റ്റ് പാർട്ടി എന്ത്, എന്തിന്’ എന്നു സഖാക്കളെ പഠിപ്പിക്കാൻ സിപിഐ നിർവാഹകസമിതി തീരുമാനിച്ചിട്ടുണ്ടുപോലും. ‘സംഗതി’ എന്താണെന്നും എന്തിനാണെന്നും പുറത്തുള്ള‍വർക്കു പണ്ടേ സംശയമുണ്ടെങ്കിലും പാർട്ടിക്കാരും ഇതേ ഗതികേടിലാണെന്നു പുറംലോകം അറിഞ്ഞത് ഇപ്പോഴാണ്.

കെ.ഇ.ഇസ്മായിലിനെ ഉദ്ദേശിച്ചാണ് ലേഖനമെങ്കിൽ പേരു പച്ചയ്ക്കെഴുതി കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു എന്നു കരുതുന്നവരുണ്ട്. ഒരുവേള പേര് ഒഴിവാക്കിയേ ലേഖനം പ്രസിദ്ധീകരിക്കാവൂ എന്നു വിവരാവകാശ കമ്മിഷൻ ബിനോയിയോടും പറഞ്ഞിട്ടുണ്ടാവാം. പരമാവധി വിവരം ജനത്തെ അറിയിക്കാനാണ് വിവരാവകാശ കമ്മിഷനെന്നു ജനം ധരിച്ചതു വിവരക്കേടായെന്നു സംശയമുണ്ട്. ചില വിവരങ്ങൾ പുറത്തറിയരുതെന്ന് ഉറപ്പുവരുത്താനുംകൂടിയാണ് കമ്മിഷൻ. അതു പിടികിട്ടാൻ സിനിമാക്കമ്മിറ്റി റിപ്പോർട്ട് വരേണ്ടിവന്നു. 

ചില സിനിമകൾ ഒന്നിലേറെ ക്ലൈമാക്സ് ഷൂട്ട് ചെയ്തശേഷം ഏതു തിയറ്ററിൽ പ്രദർശിപ്പിക്കണമെന്ന് ഒടുവിൽ തർക്കമുണ്ടായതായി കേട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടും ഏതാണ്ട് അതേ അവസ്ഥയിലാണ്. എരിവും പുളിയും കൂടിയ മറ്റൊരു അടിപൊളി ക്ലൈമാക്സ് ഹൈക്കോടതി റിലീസ് ചെയ്യുമെന്ന പ്രതീക്ഷ പ്രേക്ഷകർ കൈവിട്ടിട്ടില്ല. അടിയൊന്നുമായിട്ടില്ല, വടിവെട്ടാൻ പോയിട്ടേയുള്ളൂ എന്നു വിമൻ ഇൻ സിനിമ കലക്ടീവും. 

നിഷ്കാമ കർമികൾ

കോൺ‍ഗ്രസിൽ നിഷ്‌കാമകർമത്തിന്റെയും മിതവാദത്തിന്റെയും കാലമാണെന്നു കരുതണം. ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്കു മുഴുവൻസമയ പ്രവർത്തകർ മാത്രം മതി തങ്ങളുടെ പാർട്ടിയിലെന്നാണ് സിപിഎമ്മിന്റെ കടുംപിടിത്തം. എന്നാലോ, പാർട്ടി പരിപാടികളിലും കമ്മിറ്റികളിലും 70% ഹാജർ വേണമെന്ന ലളിതമായ നിബന്ധനയേയുള്ളൂ കോൺഗ്രസിന്. ഇതിനായി ഹാജർ പുസ്തകവും വയ്ക്കുമത്രേ. ഒപ്പു വച്ചശേഷം നേരത്തേ മുങ്ങാൻ  അനുവദിക്കുമെന്നു കരുതണം. ഉദാരതയാണ് എക്കാലത്തും കോൺഗ്രസിന്റെ ആണിക്കല്ല്.

തൃശൂരിൽ ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റായ വി.കെ.ശ്രീകണ്ഠനു ‘ജില്ലയിൽ അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കുറഞ്ഞത് അഞ്ചു സീറ്റ്  ജയിക്കുമെന്ന’ മിതവാദമേയുള്ളൂ. ബാക്കിയിൽ മറ്റുള്ളവർക്കു ശ്രമിക്കാം എന്നർഥം. നിർബന്ധിച്ചാൽ അവ ഏതൊക്കെ മണ്ഡലങ്ങളാണെന്നുകൂടി മറ്റു  മുന്നണിക്കാർക്കു പറഞ്ഞുകൊടുക്കാനും ശ്രീകണ്ഠൻ മടിക്കില്ല. ഇതിനൊക്കെപ്പുറമേയാണ് പണ്ടില്ലാത്തവിധം ഉന്നതനേതാക്കളിലെ മോഹമുക്തി.   മുഖ്യമന്ത്രിസ്ഥാനാർഥിയാകാൻ താനില്ലെന്നു കെ.സി.വേണുഗോപാൽ ഉറപ്പിച്ചുപറയുന്നു. അർഥിക്കാൻ ഇല്ല, സ്ഥാനം ഉറപ്പായിക്കഴിഞ്ഞേ വരൂ എന്നായിരിക്കുമോ ഉദ്ദേശിച്ചത് എന്നു ചിലർക്കു സംശയം മാറിയിട്ടില്ല എന്നുമാത്രം.

യുഡിഎഫിനെ അധികാരത്തിലെത്തിക്കൽ എന്ന ഒറ്റലക്ഷ്യമേയുള്ളൂ എന്നും അതിനുശേഷം തന്നോടു കാശിക്കു പോകാൻ പറഞ്ഞാൽ അതിനും തയാറാണ് എന്നുമാണ് ഷഷ്ടിപൂർത്തിവേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കടത്തിപ്പറഞ്ഞത്. വരൻ കല്യാണത്തിനു തൊട്ടുമുൻപു കാശിക്കു പോകുന്ന ചടങ്ങ് ചിലയിടത്തുണ്ട്. ബന്ധുക്കൾ നിർബന്ധിച്ചു തിരിച്ചുവിളിക്കുമെന്ന ഉത്തമവിശ്വാസത്തിലാണ് ആ പോക്ക്. സംഗതി കോൺഗ്രസായതു കൊണ്ട് സതീശൻ അത്ര കണ്ണടച്ചു വിശ്വസിക്കരുത്.

നേതാക്കളെല്ലാം ഇങ്ങനെ കണ്ണിൽചോരയില്ലാതെ തുടങ്ങിയാൽ തിരഞ്ഞെടുപ്പു ജയിച്ചശേഷം തങ്ങൾ അനാഥത്വത്തിന്റെ ഇരുട്ടിൽ വീണുപോകുമല്ലോ എന്നാണു പ്രവർത്തകരുടെ ആശങ്ക. രമേശ് ചെന്നിത്തല ഒന്നും വിട്ടു പറഞ്ഞിട്ടില്ല എന്നതാണ് ഒരാശ്വാസം. ഇനി പാർലമെന്റിലേക്കു മത്സരിക്കാൻ ഇല്ല എന്നു ശശി തരൂരും പറഞ്ഞിട്ടുണ്ട്.

സ്റ്റോപ് പ്രസ്

അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്നും ഉള്ളതു വൈദ്യുതി നിയന്ത്രണം മാത്രമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. 

രണ്ടിന്റെയും ഇരുട്ടു വേർതിരിച്ചറിയാനുള്ള വിവരംപോലും ജനത്തിനില്ലാതായാൽ മന്ത്രി കുഴഞ്ഞുപോകും

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com