ചിലങ്ക കെട്ടി, ചാരെ...
Mail This Article
ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടമാണ്. വീട്ടിൽ അന്നു പൂജാമുറി ഉണ്ടായിരുന്നതു കോണിച്ചുവട്ടിലാണ്. അവിടെ വച്ചിരുന്നതാണു വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കൃഷ്ണന്റെ സ്റ്റീൽ ഫ്രെയിമുള്ള ചിത്രം. ഒരിക്കൽ അതെടുത്ത് ഓടിയപ്പോൾവീണു. ചുണ്ടിനു മുകളിൽ സ്റ്റീൽ ഫ്രെയിം തട്ടി മുറിവുമുണ്ടായി. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് എന്നാണ് ഓർമ.
അമ്മ (കലാമണ്ഡലം സരസ്വതി) വലിയ കൃഷ്ണഭക്തയാണ്, പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ. അച്ഛന് (എം.ടി.വാസുദേവൻ നായർ) മൂകാംബിക എങ്ങനെയാണോ അതുപോലെയാണ് അമ്മയ്ക്കു ഗുരുവായൂർ. അമർചിത്രകഥകൾ വായിച്ചാണ് ഞാൻ കണ്ണനെ അറിയുന്നത്. നൃത്തം പഠിക്കാൻ തുടങ്ങിയപ്പോൾ, വായിച്ചു പരിചിതമായ കണ്ണന്റെ ലീലാവിലാസങ്ങൾ സ്വന്തം ശരീരഭാഷയിലൂടെ ആവിഷ്കരിക്കാൻ താൽപര്യമായി. അതിനുതകുന്ന നൃത്തഇനങ്ങളും പാട്ടുകളും ഏറെ.
വിശ്വാസികളെ ഇത്രമാത്രം ആകർഷിച്ച മറ്റൊരു ഈശ്വരസങ്കൽപമുണ്ടോ എന്നു സംശയമാണ്. കണ്ണൻ ഓരോരുത്തർക്കും ഓരോന്നാണ്. ചിലർക്കു കണ്ണൻ രക്ഷകനാണ്. മറ്റു ചിലർക്കു മകനെപ്പോലെയോ പേരക്കിടാവിനെപ്പോലെയോ ഹൃദയത്തോടു ചേർത്തു നിർത്താനുള്ളയാളാണ്. വികൃതികൾ ഒപ്പിക്കാൻ കൂടെ നടക്കുന്ന കൂട്ടുകാരനാണ്, കുട്ടികൾക്കു കണ്ണൻ. അദ്ഭുതങ്ങൾകൊണ്ടു മനുഷ്യമനസ്സുകളിലെ ഭക്തിയുടെയും സ്നേഹത്തിന്റെയും അന്തർധാരകൾ ഊട്ടിയുറപ്പിക്കുകയാണ് ഉണ്ണിക്കണ്ണൻ.
സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ കൃത്യങ്ങൾ ബ്രഹ്‌മാവ്, വിഷ്ണു, ശിവൻ എന്നിവരുടേതാണ് എന്നാണു സങ്കൽപം.
സ്ഥിതിയിലാണു മനുഷ്യന്റെ ജീവിതവും അഭിലാഷങ്ങളും കർമങ്ങളും നിലകൊള്ളുന്നത്. ഭക്തിപ്രസ്ഥാനത്തിന്റെ തുടർച്ചയായി ഭാരതത്തിലുണ്ടായ ഗദ്യകാവ്യ സൃഷ്ടികളിൽ വൈഷ്ണവ– ശൈവ സിദ്ധാന്തങ്ങളുടെ രണ്ടു ധാരകൾ വ്യക്തമായി കാണാം. വടക്കേ ഇന്ത്യയിൽ ജനാബായി, തുക്കാറാം, നാംദേവ് ജയദേവ, മീരാബായി തുടങ്ങിയവരും തെക്കേ ഇന്ത്യയിൽ പുരന്ദരദാസ, കനകദാസ, മേൽപുത്തൂർ നാരായണഭട്ടതിരി, ആഴ്‌വാർ കവികൾ, പൂന്താനം തുടങ്ങിയവരും കൃഷ്ണഭക്തിയുടെ വൈവിധ്യമാർന്ന തലങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നിട്ടു.
മഹാവിഷ്ണുവിന്റെ മറ്റെല്ലാ അവതാരങ്ങളെയും ശ്രീകൃഷ്ണൻ നിഷ്പ്രഭമാക്കുന്നതായി തോന്നിയിട്ടുണ്ട്. ഹൈന്ദവ പാരമ്പര്യത്തിൽ ഏറ്റവും ഉയരത്തിലും ആഴത്തിലും നിറഞ്ഞുനിൽക്കുന്ന ശ്രീകൃഷ്ണൻ ചിരിച്ചും കളിച്ചും ഓടക്കുഴൽ വായിച്ചും നൃത്തം ചെയ്തും കുശാഗ്രബുദ്ധിയോടെ കരുക്കൾ നീക്കി ശത്രുക്കളെ ഉന്മൂലനം ചെയ്തും നായകപരിവേഷത്തോടെ നമ്മുടെ മനസ്സിൽ പതിഞ്ഞുപോയിരിക്കുന്നു.
ഭഗവദ്ഗീതയിലൂടെ ശ്രീകൃഷ്ണൻ നമുക്കു നിത്യജീവിതത്തിലും വഴികാട്ടിയാകുന്നു.
ഒരു നർത്തകിയെന്ന നിലയിൽ കൃഷ്ണനെക്കുറിച്ച് ഒട്ടേറെ ഇനങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എനിക്കേറെ പ്രിയപ്പെട്ടതു രണ്ടു കഥാസന്ദർഭങ്ങളാണ്. കുറെക്കാലം ശൃംഗാരപദങ്ങൾ ചെയ്യാൻ മടിച്ചുനിന്നു. സ്വൽപം ശങ്കയോടെയാണെങ്കിലും ജയദേവരുടെ അഷ്ടപദിയിലെ ചില ഭാഗങ്ങൾ ചെയ്തുതുടങ്ങി. അതിലേറ്റവും ഇഷ്ടപ്പെട്ടത് ‘സഖീ ഹേ കേശി മഥനമുദാരം’ എന്നു തുടങ്ങുന്ന ആറാമത്തെ അഷ്ടപദി. രാധയുടെ വിരഹത്തെ ഞാൻ അനുഭവിക്കാൻ തുടങ്ങിയപ്പോൾ പല വേദികളിലും കൃഷ്ണൻ കൂടെയുണ്ടെന്നു തോന്നി. മുൻകൂട്ടി നിശ്ചയിക്കാത്ത പലതും മനോധർമമായി ഒഴുകാൻ തുടങ്ങി.
അതുപോലെ മറക്കാനാവാത്ത അനുഭവമാണ് ‘മാതൃദേവോ ഭവ’ എന്ന നൃത്തശിൽപത്തിന്റെ ഭാഗമായി അവതരിപ്പിച്ച യശോദ. കൃഷ്ണനെ പ്രസവിച്ചില്ലല്ലോ എന്നു ചുറ്റുമുള്ള ഗോപസ്ത്രീകൾ കളിയാക്കുമ്പോൾ യശോദ അനുഭവിക്കുന്ന വേദന. ഒടുവിൽ, ‘അമ്മേ’ എന്നു വിളിച്ചുകൊണ്ട് ഉണ്ണിക്കണ്ണൻ ഓടിവന്നു കെട്ടിപ്പിടിക്കുമ്പോൾ യശോദ എല്ലാം മറക്കുന്നു. എന്തൊരു ഭാഗ്യവതിയാണ് യശോദ!
ഒരേ ഈശ്വരസങ്കൽപത്തെ ശൃംഗാരത്തിലൂടെയും മാതൃത്വത്തിലൂടെയും ഭക്തിയിലൂടെയും അറിയാൻ സാധിക്കുന്നതു കൃഷ്ണനിൽ മാത്രം.
(നർത്തകിയും എഴുത്തുകാരിയുമാണ് ലേഖിക)