ഡൽഹി വാഴ്സിറ്റിയിൽ പ്രവേശനക്കുരുക്ക്
Mail This Article
മലയാളി വിദ്യാർഥികൾക്കു ഡൽഹി യൂണിവേഴ്സിറ്റിയിലെ (ഡിയു) ചില കോളജുകളിൽ പ്രവേശനം നിഷേധിക്കുന്നതിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും കാട്ടിയാണു നിരാകരണം.
കേരള പ്ലസ്ടു സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ’ എന്നു രേഖപ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണം. രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജ്യുക്കേഷന്റെ (സിഒബിഎസ്ഇ) വെബ്സൈറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ’ എന്നാണുള്ളത്. പേരുകളിലെ ഈ വ്യത്യാസമാണു പ്രവേശനം നിഷേധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. കേരളത്തിൽ 10ലും 12ലും വ്യത്യസ്ത ബോർഡുകളാണെന്നതും ആശയക്കുഴപ്പത്തിനു കാരണമാകുന്നു.
ഡിയുവിൽ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്മെന്റ് ലിസ്റ്റ് കഴിഞ്ഞദിവസം പുറത്തുവന്നിട്ടും മലയാളി വിദ്യാർഥികൾക്കു പല കോളജുകളിലും പ്രവേശനം അനുവദിക്കാത്തതു വലിയ ആശങ്കയായി. ബിരുദപ്രവേശന പൊതുപരീക്ഷയായ സിയുഇടി– യുജിയുടെ അടിസ്ഥാനത്തിൽ അലോട്മെന്റിനായി എത്തിയവരെയാണ് ഡിയുവിലെ ചില കോളജുകൾ മടക്കി അയച്ചത്. പല കോളജുകളിലും ആശയക്കുഴപ്പങ്ങളില്ലാതെ പ്രവേശനം നടത്തുന്നുമുണ്ട്. ചില കോളജുകൾ വിദ്യാർഥികളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.
മുൻവർഷങ്ങളിലുമുണ്ടായിട്ടുള്ള അതേ അനിശ്ചിതാവസ്ഥ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥകാരണം ഇത്തവണയും ആവർത്തിച്ചിരിക്കുകയാണ്. ഡൽഹി സർവകലാശാലയ്ക്കു വസ്തുത വിശദീകരിച്ച് ഒരു സന്ദേശം നൽകിയാൽ തീരുന്ന ആശയക്കുഴപ്പമാണ് വിദ്യാർഥികളെ ഇങ്ങനെ തുടർച്ചയായി വലച്ചുകൊണ്ടിരിക്കുന്നത്. ബോർഡിന്റെ പേരു തിരുത്തി ഇതിനു സ്ഥിരപരിഹാരമുണ്ടാക്കണമെന്ന ആവശ്യംപോലും മുൻപ് ഉയർന്നിരുന്നു.
തെറ്റു തിരുത്താൻ കഴിഞ്ഞ മാർച്ചിൽ നടപടി സ്വീകരിച്ചുവെന്നാണു കേരള സർക്കാർ വിശദീകരിക്കുന്നത്. വെബ്സൈറ്റിലെ തെറ്റു തിരുത്തണമെന്നു ചൂണ്ടിക്കാട്ടി സിഒബിഎസ്ഇ ജനറൽ സെക്രട്ടറിക്കു ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി കത്തെഴുതിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കേന്ദ്രതലത്തിൽ പ്രശ്നപരിഹാരത്തിനു നടപടി ഉണ്ടായിട്ടില്ലെന്നാണു മന്ത്രി വി.ശിവൻകുട്ടി പറയുന്നത്. പ്രവേശന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിരിക്കുകയാണു മന്ത്രി.
ഡൽഹി സർവകലാശാലയിലെ കോളജുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിച്ചിട്ടും സെന്റ് സ്റ്റീഫൻസ് കോളജിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാർഥികളുടെ പ്രവേശനത്തിന് അനുമതിയാകാത്തതു മറ്റൊരു അനിശ്ചിതത്വമായി. സർവകലാശാലയുടെ ബന്ധപ്പെട്ട പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടത്. ന്യൂനപക്ഷ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷ നൽകണം. കോളജ് അധികൃതർ തീരുമാനമെടുത്തശേഷം അന്തിമപട്ടിക സർവകലാശാലയ്ക്കു കൈമാറുകയും പോർട്ടൽ വഴി അലോട്മെന്റ് ഉറപ്പാക്കി ഫീസ് അടയ്ക്കുകയുമാണു രീതി. എന്നാൽ, സെന്റ് സ്റ്റീഫൻസിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ പട്ടിക കഴിഞ്ഞമാസം 24നു കൈമാറിയിട്ടും പ്രവേശനത്തിന് അനുമതി നൽകിയിട്ടില്ല. ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളജിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഡിയു അനുമതി നൽകിയിട്ടുമുണ്ട്. ഈ വിഭാഗത്തിലെ സീറ്റുകളിൽ കൂടുതൽ വിദ്യാർഥികൾക്കു സെന്റ് സ്റ്റീഫൻസ് പ്രവേശനം നൽകിയെന്നാണു ഡിയു അധികൃതരുടെ ആരോപണം.
ഡൽഹി സർവകലാശാലയിൽ 69 കോളജുകളിലായി 1559 യുജി കോഴ്സുകളാണുള്ളത്. 71,600 സീറ്റുകളിലേക്കാണ് ഈ വർഷത്തെ പ്രവേശനം. മൂന്നു വർഷംമുൻപുവരെ മൂവായിരത്തോളം മലയാളിവിദ്യാർഥികൾ ഡൽഹി സർവകലാശാലയിൽ പഠിക്കാനെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം അഞ്ഞൂറോളമായി കുറഞ്ഞിട്ടുണ്ട്. ഓരോ വർഷവും ആവർത്തിക്കുന്ന പ്ലസ്ടു സർട്ടിഫിക്കറ്റിലെ ‘പേരുകുരുക്കും’ അതിന്റെ കാരണങ്ങളിലൊന്നായി കാണണം. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ ശാശ്വതപരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ ഇനിയും അമാന്തിച്ചുകൂടാ.