ഓട്ടയടയ്ക്കാൻ മൗനം പോരാ
Mail This Article
അത്യന്തം നിർണായകമായിരുന്നു ആ രണ്ടു യോഗങ്ങളും; പക്ഷേ, ഒന്നും സംഭവിച്ചില്ല! വിവാദ വിഷയങ്ങളെല്ലാം വാതിലിനു പുറത്തു സൗകര്യപൂർവം മാറ്റിവച്ച്, മന്ത്രിസഭാ യോഗവും ഇടതുമുന്നണി യോഗവും ‘ സമാധാനപൂർണമായി’ അവസാനിച്ചു. മുഖ്യമന്ത്രി തീരുമാനം പറയുകയും മറ്റുള്ളവർ കാര്യമായ എതിർവാക്കു പറയാതെ അത് അനുസരിക്കുകയും ചെയ്യുന്ന പതിവുപരിഹാസ്യനാടകം തന്നെയാണ് ഇന്നലെ നടന്ന രണ്ടു യോഗങ്ങളിലുമുണ്ടായത്. ‘ഇതാണോ സർ, മുന്നണിക്കുള്ളിലെ ജനാധിപത്യം?’ എന്ന ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവർ മുന്നണിയിലില്ലതാനും.
ഭരണകക്ഷി എംഎൽഎ തുടങ്ങിവച്ചതും മറ്റു ഘടകകക്ഷികൾ ഏറ്റുപിടിച്ചതുമായ ആരോപണങ്ങൾ ഇപ്പോഴും കേൾക്കാത്ത മട്ടിലിരിക്കുന്നത് അതിനു മറുപടി പറയാൻ ബാധ്യസ്ഥനായ ഒന്നാമൻ തന്നെയെന്നതാണു കൗതുകകരം. മുന്നണിക്കുള്ളിലെ എതിർസ്വരങ്ങളെ അടിച്ചമർത്തി മുഖ്യമന്ത്രി പിണറായി വിജയൻ താൻ ഇച്ഛിക്കുന്നതു നടപ്പാക്കിയെടുക്കുന്നതാണു പതിവുപോലെ ഇന്നലെയും കേരളം കണ്ടത്. എഡിജിപി എം.ആർ.അജിത്കുമാർ വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിലുയർന്നതു ദുർബലമായ പ്രതിഷേധസ്വരങ്ങളാണെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ അങ്ങനെയൊരു വിയോജിപ്പുതന്നെ പുതുമയുള്ളതാണ്. അതുകൊണ്ടുതന്നെ, തന്റെ മുന്നണിയുടെ കെട്ടുറപ്പും മുന്നണി അവകാശപ്പെടുന്ന മതനിരപേക്ഷ നിലപാടുകളും നഷ്ടപ്പെടുത്തി, എഡിജിപിയെ കൈവിടാൻ മടിച്ച് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ കാരണം ദുരൂഹമായി.
ഭരണമുന്നണി എംഎൽഎ തന്നെയുന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ചുമതലയിൽനിന്ന് അജിത്കുമാറിനെ നീക്കാതെ, ക്രമസമാധാനച്ചുമതല തുടർന്നും നിർവഹിക്കുന്നത് അംഗീകരിച്ചുള്ള തീരുമാനത്തിൽ ചോദ്യങ്ങളുയരുന്നുണ്ട്. അജിത്കുമാറിനെതിരെ നടപടിയെടുക്കണമെന്നു മുന്നണിയോഗത്തിൽ സിപിഐ അടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടിട്ടും അതു നിരാകരിക്കപ്പെടുകയായിരുന്നു. മറ്റ് ആരോപണങ്ങളോടൊപ്പം ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള വിവാദവും അജിത്കുമാറുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. അതിലാകട്ടെ, പുതുമയില്ല. നേരത്തേതന്നെ ഇക്കാര്യം നേതാക്കൾ വ്യക്തമാക്കിയതാണ്. ആർഎസ്എസിന്റെ ഉന്നതരെ താൻ കണ്ട കാര്യം എഡിജിപി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇതുപോലൊരു രാഷ്ട്രീയവിഷയം ഡിജിപി അന്വേഷിക്കുന്നതിലെ പ്രായോഗികത ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു.
സിപിഎമ്മിലും ഇടതുമുന്നണിയിലും അമർഷം ഉരുണ്ടുകൂടുമ്പോഴും ആ കൂടിക്കാഴ്ചയിൽ സാങ്കേതികമായി തെറ്റില്ലെന്നു മുഖ്യമന്ത്രി എടുത്തുപോന്ന നിലപാടുതന്നെയാണ് മുന്നണിയോഗത്തിലും തെളിഞ്ഞത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടത് അച്ചടക്കലംഘനമായോ സർവീസിലെ വീഴ്ചയായോ പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി കാണുന്നില്ല. എന്തിനായിരുന്നു കൂടിക്കാഴ്ച എന്ന ജനങ്ങളുടെ ചോദ്യത്തിനു പക്ഷേ, മറുപടിയില്ല. കൂടിക്കാഴ്ച നടത്തിയതു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും മറുപടിയില്ല.
ഇതിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ. ഫോൺ ചോർത്തൽ സംബന്ധിച്ച ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇതിനകം സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്നാണ് മുഖ്യമന്ത്രിയോടുള്ള ഗവർണറുടെ ആവശ്യം. ഫോൺ ചോർത്തൽ അന്വേഷിച്ച് എഡിജിപിക്കെതിരെയും, താൻ ഫോൺ ചോർത്തിയെന്നു പി.വി. അൻവർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അൻവറിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യമാണു ഗവർണർ സർക്കാരിനു മുൻപിൽ വച്ചിരിക്കുന്നത്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിലും വെളിപ്പെടുത്തലുകളിലും ഇടപെടേണ്ടത് തന്റെ അവകാശംതന്നെയാണെന്ന വിളംബരംകൂടിയാണ് ഗവർണറുടെ ഇടപെടൽ. തന്റെ ചോദ്യങ്ങൾ കാണിക്കുന്ന ദിശയിലൂടെ ഗവർണർക്ക് എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്നത് അദ്ദേഹത്തിൽ നിക്ഷിപ്തമായ അധികാരമാണു നിർണയിക്കുക.
കഴിഞ്ഞ എത്രയോ ദിവസങ്ങളായി ആരോപണങ്ങളിലും വിവാദങ്ങളിലും കുടുങ്ങിക്കിടക്കുന്ന സർക്കാർ, സംസ്ഥാനത്തെ ഭരണസ്തംഭനത്തിൽത്തന്നെയാണ് എത്തിച്ചിരിക്കുന്നത്. ഒരു എഡിജിപിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ തയാറാവുന്ന മുഖ്യമന്ത്രി, സ്വന്തം മുന്നണിയെ മാത്രമല്ല ജനങ്ങളെക്കൂടിയാണു തോൽപിക്കുന്നതെന്നതിൽ സംശയമില്ല.
നീതി നിർവഹിക്കുന്നുവെന്നു പറയുമ്പോൾ, നിർവഹിക്കുന്നുവെന്നു ജനങ്ങൾക്കു ബോധ്യപ്പെടുകകൂടി വേണമെന്ന പാഠം മുഖ്യമന്ത്രി കാണാതെപോകുന്നു. 38,863 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുപരന്നുകിടക്കുന്ന കേരളം ഇതല്ല അർഹിക്കുന്നത്.