വാചകമേള
Mail This Article
വിവാഹം എന്നതു ഭൂരിഭാഗം സ്ത്രീകൾക്കും അവർ സ്വാഭാവികമായി തന്നെ ചെന്ന് അകപ്പെടുന്ന ഒരു കെണിയാണ്. കുടുംബം നിലനിർത്തുക, അതിന്റെ അഭിമാനം സംരക്ഷിക്കുക എന്നിവ ആത്യന്തികമായി സ്ത്രീയുടെ ബാധ്യതയാവും. ജീവനു ഭീഷണിയുണ്ടെന്നു മനസ്സിലായാലും അവർക്ക് അവിടെ തുടരേണ്ടി വരുന്ന സാഹചര്യമുണ്ട്. പുറത്തു കടക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ സമൂഹം അങ്ങോട്ടുതന്നെ തള്ളിയിടുകയാണ് ചെയ്യുക.
ആർ.രാജശ്രീ
ഞാൻ ഒരു സാധാരണ മനുഷ്യനായിട്ടാണ് ജീവിക്കുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമേ നടൻ ആകുന്നുള്ളൂ. ഞാൻ ഒരിക്കലും സെലിബ്രിറ്റിയാകാൻ ആഗ്രഹിക്കുന്നില്ല. എന്നെക്കൊണ്ട് അതു പറ്റില്ല. കുറച്ചു കനത്തിൽ സംസാരിക്കുകയും ജാഡയിൽ പെരുമാറുകയും ഒക്കെ ചെയ്തേക്കാം എന്നു വിചാരിച്ചാൽ ഞാൻ ഞാനല്ലാതാകും. എല്ലായ്പോഴും ഒരു കഥാപാത്രം ആയിട്ട് ലൈറ്റടിച്ചു ജീവിക്കേണ്ടിവരും.
വിജയരാഘവൻ
നമ്മുടെ റോബട്ടിക് യുദ്ധങ്ങളും ഇന്റർനെറ്റും ബഹുനിലക്കെട്ടിടങ്ങളും എല്ലാം തേനീച്ചക്കൂടുകളോടും കുരുവിക്കൂടുകളോടും ചിലന്തിവലകളോടും താരതമ്യം ചെയ്യാവുന്നതു തന്നെയാണ്. വൈറസുകളും ബാക്ടീരിയകളും കോടാനുകോടി വർഷങ്ങളായി ഈ ഭൂമിയിൽ നിലനിൽക്കാനായി രൂപപ്പെടുത്തിയ പലവിധ അതിജീവന തന്ത്രങ്ങളെപ്പോലെ ചിലതു മാത്രമാണ് നാം പുരോഗതി എന്നു ധരിച്ചുവച്ചിരിക്കുന്ന നമ്മുടെ സാങ്കേതികവിദ്യകൾ.
ജീവൻ ജോബ് തോമസ്
ഊതി വീർപ്പിച്ച അനാവശ്യമായ സെക്യൂരിറ്റിയും ജനങ്ങളിൽനിന്നു സൂക്ഷിക്കുന്ന അകലവുമാണ് പല സിനിമാതാരങ്ങളെയും സെലിബ്രിറ്റികൾ ആക്കുന്നത്. അവർ എഴുത്തുകാരെപ്പോലെ പതിവായി അകമ്പടിയില്ലാതെ നിരത്തിലിറങ്ങി നടക്കുകയും അങ്ങാടിയിൽ പോയി മീനും പച്ചക്കറിയും വാങ്ങി നാട്ടുകാരോടു കുശലം പറഞ്ഞു വീട്ടിലേക്കു നടന്നു പോവുകയും ചെയ്താൽ ആരും അവരെ താരങ്ങളായി കരുതില്ല. അവർ എഴുത്തുകാരെപ്പോലെയാകും.
എം.മുകുന്ദൻ
പല സംവിധായകരും കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ, അവയെല്ലാം മോഹൻലാലിനുവേണ്ടി തയാറാക്കിയ കഥകളാണ്. എന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും. ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണു താൽപര്യം. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും പുതുമ വേണമല്ലോ. മുൻപു ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്കു ബോറടിക്കും.
മോഹൻലാൽ
തൊണ്ണൂറുകളുടെ മധ്യത്തിലെങ്ങോ മാർക്‌സിസ്റ്റ് ആചാര്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിൽ ഉൽപാദനം നടക്കുന്നില്ല എന്നു വിലപിച്ചതോടെയാണ് ഇതൊരു ഗൗരവമാർന്ന വിഷയമാണെന്നു പലർക്കും തോന്നിത്തുടങ്ങിയത്. ഈ പ്രഖ്യാപനം നടത്തിയ ഇഎംഎസ്. ‘ഭരണവും സമരവും’പോലുള്ള താത്വികപരീക്ഷണങ്ങളിലൂടെ മൂന്നുനാലു പതിറ്റാണ്ട് കേരളത്തിലെ ഉൽപാദനശക്തികളെ കെട്ടിയിട്ടു എന്നോർക്കണം. അതിനുശേഷം ജനകീയാസൂത്രണം പോലുള്ള പരീക്ഷണങ്ങൾ 25 വർഷത്തോളം നടത്തിയെങ്കിലും ഉൽപാദനമേഖലകളിലെ മരവിപ്പ് വലിയ മാറ്റമില്ലാതെ തുടർന്നു.
ഡോ. ജോസ് സെബാസ്റ്റ്യൻ
എന്റെ മുറപ്പെണ്ണുങ്ങളെല്ലാം തന്നെ പ്രായംകൊണ്ട് വലിയ ചേച്ചിമാരായിരുന്നു. അതുകൊണ്ട് അവരെയൊന്നും പ്രണയിക്കാൻ എനിക്കു ഭാഗ്യമുണ്ടായില്ല. പ്രണയത്തിന്റെ സാഫല്യം കണ്ടവർക്കു വേണ്ടിയല്ല ഞാൻ പ്രേമഗാനങ്ങളെഴുതുന്നത്; പ്രണയനൈരാശ്യം അറിഞ്ഞവർക്കു വേണ്ടിയാണ്.
ശ്രീകുമാരൻ തമ്പി
അധികം കലാകാരന്മാർക്കും പ്രതിബദ്ധത ഇല്ല എന്നതാണു സത്യം. പലരും പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് കല ചെയ്യുന്നത്. ഭൂരിഭാഗം പേരും കലയുടെ കച്ചവടക്കാരാണ്. അവർക്കാണ് ആദരവും പണവും കിട്ടുന്നത്. വളരെക്കുറച്ച് അംഗങ്ങളുള്ള സംഘടനയാണ് അമ്മ. അവരുടെ യോഗമൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു വലിയ സംഭവം പോലെയാണ്.
സൂര്യ കൃഷ്ണമൂർത്തി