ഒറ്റത്തിരഞ്ഞെടുപ്പ്: ഒട്ടേറെ ആശങ്കകൾ
Mail This Article
രാജ്യത്തു ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഉന്നതാധികാരസമിതി ശുപാർശകൾക്കു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയതു വിവാദത്തിനുകൂടി വാതിൽ തുറന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ അമൂല്യ ജനാധിപത്യ പ്രക്രിയയാണു തിരഞ്ഞെടുപ്പ് എന്നതിനാൽ, ഇതുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളും ചോദ്യങ്ങളും കേന്ദ്ര സർക്കാരിനു കേട്ടില്ലെന്നു നടിക്കാനാവില്ല.
‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ എന്ന എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയം സംബന്ധിച്ച് മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി മാർച്ചിൽ നൽകിയ റിപ്പോർട്ടിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഗുണദോഷങ്ങൾ പഠിക്കാനല്ല, ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാർശകൾ നൽകാനും വേണ്ടിവരുന്ന ഭരണഘടനാ ഭേദഗതികൾ നിർദേശിക്കാനുമാണ് സമിതിയോടു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എല്ലാ വർഷവും, ഒരേവർഷംതന്നെ പലതവണയും, നടക്കുന്ന തിരഞ്ഞെടുപ്പുകൾ സർക്കാരിനും പാർട്ടികൾക്കും വൻ ചെലവിനു കാരണമാകുന്നു, ദീർഘ കാലയളവിൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നത് വികസനപ്രവർത്തനങ്ങൾക്കു തടസ്സമാകുന്നു തുടങ്ങി പല ന്യായങ്ങളാണ് ഈ ആശയത്തിനു ബലംനൽകാൻ സർക്കാർ മുന്നോട്ടുവച്ചത്. അതെന്തായാലും, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന സങ്കീർണപ്രക്രിയ പ്രായോഗികതലത്തിൽ എത്തിക്കുന്നത് അത്ര എളുപ്പമാകില്ലെന്നു തീർച്ച.
‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ഊർജസ്വലവും പങ്കാളിത്തം നിറഞ്ഞതുമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുമ്പോൾ ഈ രീതി അപ്രായോഗികമാണെന്നും ജനശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രം മാത്രമാണെന്നുമാണു കോൺഗ്രസ് വാദം. ഒറ്റത്തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വൈവിധ്യം നഷ്ടപ്പെടുത്തുമെന്നും ജനാധിപത്യത്തിന്റെ താളം തെറ്റിക്കുമെന്നും ആരോപണമുണ്ട്. പാർലമെന്ററി ജനാധിപത്യത്തിന്റെ സ്വഭാവത്തെയും ഫെഡറലിസത്തെയും തകർക്കുന്ന നീക്കമാണെന്നാണു സിപിഎം വിമർശനം. മന്ത്രിസഭാ തീരുമാനത്തെ ടിഡിപി, ജെഡിയു, എൽജെപി തുടങ്ങിയ ഭരണപക്ഷകക്ഷികൾ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും രാജ്യമാകെ ചർച്ച, അഭിപ്രായ ഐക്യം തുടങ്ങിയ ഉപാധികളോടെയാണ് ടിഡിപിയുടെ പിന്തുണയെന്നാണു സൂചന.
എല്ലാ തലങ്ങളിലെയും തിരഞ്ഞെടുപ്പ് ദേശീയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാക്കുകയെന്ന ലക്ഷ്യം ഒറ്റത്തിരഞ്ഞെടുപ്പിനു പിന്നിലുണ്ടെന്നും അതു പ്രാദേശിക കക്ഷികൾക്കു നഷ്ടമുണ്ടാക്കുമെന്നുമുള്ള ആരോപണം നിലവിലുണ്ട്. അമിതമായി അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമവും ഏകരൂപത്തിലേക്കു കാര്യങ്ങളെയെല്ലാം കൊണ്ടുവരാനുള്ള വ്യഗ്രതയും വിമർശിക്കപ്പെടുന്നു. ഏകവ്യക്തിനിയമം എന്നതുപോലെ ബിജെപി പ്രകടനപത്രികയിലുള്ള വാഗ്ദാനമാണ് ഒരേസമയത്തുള്ള തിരഞ്ഞെടുപ്പും. എല്ലാ തിരഞ്ഞെടുപ്പിനും ഉപയോഗിക്കാൻ പൊതു വോട്ടർപട്ടിക എന്ന ആശയം ലോ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും നേരത്തേ പറഞ്ഞിട്ടുള്ളതാണ്.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും സുദീർഘമായ റിപ്പോർട്ടിലുണ്ട്. ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കിൽ 15 ഭരണഘടനാ ഭേദഗതികളും മറ്റു നിയമപരിഷ്കാരങ്ങളും ആവശ്യമാണ്. എൻഡിഎക്ക് പാർലമെന്റിലെ ഇരുസഭകളിലുമുള്ള അംഗബലം കൂടി കണക്കാക്കുമ്പോൾ അതത്ര എളുപ്പവുമല്ല.
നാം ജനാധിപത്യത്തിനു നൽകുന്ന ഏറ്റവും മൂല്യവത്തായ അഭിവാദ്യമാണ് സമ്മതിദാനാവകാശം. എല്ലാ കാലത്തും ഏതു സാഹചര്യത്തിലും തിരഞ്ഞെടുപ്പിന്റെ ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷന്റെയും രാഷ്ട്രീയപാർട്ടികളുടെയും മാത്രമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തവുമാണ്. ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ എന്നതിന്റെ നിർണായക പ്രാധാന്യം മുന്നിൽവച്ച്, എല്ലാ സംസ്ഥാനങ്ങളോടും വേണ്ടവിധം കൂടിയാലോചിച്ചുമാത്രമുണ്ടാകേണ്ടതാണ് അതിന്മേലുള്ള അന്തിമതീരുമാനം. രാജ്യമാകെ പൊതുചർച്ച നടത്തുമെന്നും അഭിപ്രായ ഐക്യം ഉണ്ടാക്കിയശേഷമേ നടപ്പാക്കൂവെന്നും കഴിഞ്ഞ ദിവസം സർക്കാരിനുവേണ്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതു പാഴ്‌വാക്കായിക്കൂടാ.