ADVERTISEMENT

പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണെന്നതിനു ചരിത്രം സാക്ഷിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യസമൂഹത്തോടെ‍ാപ്പം നീതിപീഠവും എക്കാലത്തും ജാഗ്രതയോടെ നിലയുറപ്പിച്ചുപോന്നിട്ടുണ്ട്. ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലെ വാർത്തകളടക്കമുള്ള ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധനയ്ക്കായുള്ള ചട്ട ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കിയത് ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. 

കേന്ദ്രസർക്കാരിനെതിരെ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ വരുന്ന വ്യാജവാർത്തകളും ഉള്ളടക്കവും കണ്ടെത്തി നടപടിയെടുക്കാൻ രൂപം നൽകിയതാണ് ‘ഫാക്ട്ചെക്ക്’ സംവിധാനം. ഫാക്ട്ചെക്ക് നീക്കം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ നിർണായകവിധി കേന്ദ്ര സർക്കാരിനു കനത്ത തിരിച്ചടിതന്നെയായി.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ആണ് കേന്ദ്രം ഫാക്ട്ചെക്ക് ചുമതല ഏൽപിച്ചിരുന്നത്. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുത പരിശോധിക്കാനും അവയിൽ പിഐബി വ്യാജമെന്നു മുദ്ര കുത്തുന്നവ നീക്കം ചെയ്യാനുംവേണ്ടി 2023 ഏപ്രിലിലാണ് ഐടി ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയത്. വിമർശനത്തോടു സർക്കാരിനുള്ള അസഹിഷ്ണുത ഫാക്ട്ചെക്ക് എന്ന പേരിലുള്ള ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തിനു കാരണമാകുമെന്ന ആശങ്കയും ഇതോടെ‍ാപ്പമുണ്ടായി. ഏതു വാർത്തയാണു വസ്തുതാപരമെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകുന്ന സാഹചര്യം ഫലത്തിൽ‍ സെൻസർഷിപ് ആയി മാറാമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

സർക്കാരിന്റെതന്നെ ഏജൻസിയായ പിഐബി എങ്ങനെ സർക്കാർ വാർത്തകളിൽ നിഷ്പക്ഷമായ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യം നേരത്തേ ഉയർന്നതാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ അവ ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണ്. എന്നാൽ, കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായ പിഐബി ചെയ്യുന്നത് അതു മാത്രമാവുമോ? സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ ആ ഒറ്റക്കാരണംകൊണ്ട് വ്യാജവാർത്തയായി ചാപ്പകുത്താമോ? എന്താണു പ്രസിദ്ധീകരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു സർക്കാരാണോ തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾ മുന്നിൽനിൽക്കുന്നു.

സമൂഹമാധ്യമങ്ങളിൽ നിന്ദ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ദുഷ്ചെയ്തിക്കു കർശന നടപടികളിലൂടെ അറുതിവരുത്തണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഫാക്ട്ചെക്ക് സംവിധാനത്തിനുവേണ്ടി ഐടി ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതാണോ എന്നതാണ് ചോദ്യം. അതുകെ‍ാണ്ടുതന്നെ കടുത്ത എതിർപ്പ് ഇക്കാര്യത്തിൽ ഉയരുകയും ചെയ്തു. പുതിയ ഭേദഗതി ചട്ടങ്ങൾ തുല്യതയ്ക്കും തൊഴിലെടുക്കുന്നതിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിരാകരിക്കുന്നതാണെന്നുമാണ് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്.

മാധ്യമസ്‌ഥാപനങ്ങളും മാധ്യമപ്രവർത്തകരും സർക്കാരിന്റെയോ രാഷ്ട്രീയപ്പാർട്ടികളുടെയോ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞുകൂടേണ്ട സ്ഥിതി സ്വേച്ഛാധിപത്യ രാജ്യങ്ങളിലുണ്ട്. നമ്മുടെ രാജ്യവും ആ അവസ്ഥയിൽ പതിക്കാൻ അനുവദിച്ചുകൂടാ. മാധ്യമങ്ങളാണു ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നെന്ന യാഥാർഥ്യം മറന്ന്, മാധ്യമസ്വാതന്ത്ര്യത്തെയും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയും ചോദ്യം ചെയ്യുന്ന തീരുമാനങ്ങളെല്ലാം ജനവിരുദ്ധമാണെന്നു സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. 

ബോംബെ ഹൈക്കോടതി വിധിയെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തിരിക്കുകയാണ്. ചട്ടം നടപ്പായിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനെതിരായ വാർത്തകളെ ‘വ്യാജവും തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതും’ എന്നു മുദ്രകുത്തി എടുത്തുമാറ്റാൻ സ്വാതന്ത്ര്യം കിട്ടുമായിരുന്നുവെന്നു ഗിൽഡ് ചൂണ്ടിക്കാട്ടി. ചട്ടഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നു ഗിൽഡിനോടെ‍ാപ്പം ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കമുള്ള സംഘടനകളും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ദുർബലമാക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ  മാധ്യമസമൂഹത്തിനും പൊതുസമൂഹത്തിനുമെ‍ാപ്പം നീതിപീഠം ജാഗ്രതയോടെ നിലയുറപ്പിക്കുന്നതും നിർണായക ഇടപെടലുകൾ നടത്തുന്നതും ജനാധിപത്യവിശ്വാസികൾക്കെല്ലാം ആശ്വാസവും ആത്മവിശ്വാസവും നൽകുന്നു.

English Summary:

Editorial about Bombay high court ruled that amendments were unconstitutional

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com