ലോക ചെസിലെ ഇന്ത്യൻ തേരോട്ടം
Mail This Article
പതിനൊന്നാം നൂറ്റാണ്ടിൽ ഹംഗറി രാജ്യം രൂപപ്പെടുന്നതിനു വളരെമുൻപ്, ഇൻഡോ–യൂറോപ്യൻ പാരമ്പര്യമുള്ള കെൽറ്റ് ജനത ബുഡാപെസ്റ്റ് നഗരത്തിൽ അധിവസിച്ചിരുന്നു എന്നാണു ചരിത്രം. പുരാതനമായ ചതുരംഗത്തിന്റെ ജന്മനാട്ടിൽ നിന്നുവന്നവർ അതേ നഗരത്തെ കളിമികവുകൊണ്ടു കീഴടക്കി എന്നതു പുതുചരിത്രമാകുകയാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന 45–ാം ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ സ്വർണം നേടി ഇന്ത്യ ലോകജേതാക്കളാവുമ്പോൾ നമ്മുടെ കായികരംഗത്തെ സുവർണലിപികളിൽ അടയാളപ്പെടുത്തുന്ന മനോഹരവിജയമായി അതു മാറുന്നു.
വിശ്വനാഥൻ ആനന്ദ് എന്ന ഒറ്റയാൾ പോരാളി കൊളുത്തിവച്ച ചെറുതിരിവെളിച്ചം കാറ്റിലും കോളിലും കെടാതെ വളർന്ന്, ലോകമെങ്ങും ശോഭ പരത്തുമ്പോൾ ഇന്ത്യയിലെ കായികപ്രേമികളും ആ പ്രഭ ഏറ്റുവാങ്ങുന്നു. ഡി.ഗുകേഷ്, ആർ.പ്രഗ്നാനന്ദ, അർജുൻ എരിഗെയ്സി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങിയ ഓപ്പൺ ടീമും ഡി.ഹരിക, വൈശാലി രമേഷ് ബാബു, ദിവ്യ ദേശ്‌മുഖ്, വാന്തിക അഗർവാൾ, താനിയ സച്ദേവ് എന്നിവരടങ്ങിയ വനിതാടീമുമാണ് ഇരട്ടസ്വർണത്തിന്റെ ശിൽപികൾ.
ആനന്ദ് ആദ്യം ലോക ചെസ് കിരീടം നേടുന്നത് 2000 ഡിസംബർ 24ന് ആണ്. ലോക ചെസ് ഭൂപടത്തിൽ ഇന്ത്യ ഒന്നുമല്ലാതിരുന്ന കാലത്താണ്, പ്രതിഭാശാലികളായ മുൻഗാമികളുടെ പിന്തുണയില്ലാതെ, സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായമില്ലാതെ ആനന്ദിന്റെ വിശ്വവിജയങ്ങളുടെ തുടക്കം. പിന്നീടു നാലുതവണ കൂടി ലോകകിരീടം ആനന്ദ് ഇന്ത്യയിലേക്കു കൊണ്ടുവന്നു. ആ വിജയകഥകളിലെ ആവേശം ഉൾക്കൊണ്ട് പുതുനാമ്പുകൾ ഉടലെടുത്തു. പിന്നീട് അവ തളിർത്തു, പൂത്തു. ആ പുതുചരിത്രത്തിലെ നാമ്പുകളാണ്, ഏകദേശം കാൽനൂറ്റാണ്ടിനുശേഷം രാജ്യത്തിന്റെ യശസ്സുയർത്തുന്നത്.
അവരുടെ വിജയഗാഥകൾ തുടങ്ങുന്നതേയുള്ളൂ എന്ന സൂചനയാണ് ഒളിംപ്യാഡിലെ ഇരട്ടവിജയം. ദൊമ്മരാജു ഗുകേഷ് എന്ന പതിനെട്ടുകാരൻ രണ്ടുമാസത്തിനപ്പുറം നടക്കുന്ന ലോക ചാംപ്യൻഷിപ് പോരാട്ടത്തിനു യോഗ്യത നേടിക്കഴിഞ്ഞു. ആരെയും കൂസാത്ത തെലങ്കാനക്കാരൻ അർജുൻ എരിഗെയ്സി ചെസിന്റെ ലൈവ് റേറ്റിങ്ങിൽ ഇപ്പോൾ ലോകത്തെ മൂന്നാമനായി ഉയർന്നുകഴിഞ്ഞു. ഇരുവരും ഒളിംപ്യാഡിൽ വ്യക്തിഗത ബോർഡുകളിൽ സ്വർണം നേടുകയും ചെയ്തു. ആർ.പ്രഗ്നാനന്ദ കളിമികവുകൊണ്ട് കീർത്തികേട്ട മുൻ ലോകചാംപ്യൻ മാഗ്നസ് കാൾസന്റെവരെ അഭിനന്ദനങ്ങൾക്കു പാത്രമായി. അൽപം വൈകിയെങ്കിലും ഇന്ത്യൻ വനിതകളും ആ ആവേശം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ടീമിലെ പുതുമുറക്കാരുടെ പ്രകടനം. ടീം നേട്ടം മാത്രമല്ലാതെ വ്യക്തിഗത ബോർഡുകളിൽകൂടി സ്വർണം നേടിയ ദിവ്യ ദേശ്‌മുഖ്, വാന്തിക അഗർവാൾ എന്നിവർ അവരുടെ പ്രതിനിധികളാണ്.
മുൻപു സോവിയറ്റ് യൂണിയനും പിന്നീട് ചൈനയ്ക്കും മാത്രം പ്രാപ്യമായ ഒന്നാണ് ഒളിംപ്യാഡിൽ ഒരേസമയം ഓപ്പൺ, വനിതാവിഭാഗങ്ങളിലെ സ്വർണനേട്ടം. ഇതോടെ, ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ആദരത്തോടെയും അദ്ഭുതത്തോടെയും കാണുന്ന സ്ഥിതി വന്നെത്തിയിരിക്കുന്നു, ചെസിലെങ്കിലും.
സയൻസിന്റെയും സാങ്കേതികതയുടെയും ലോകത്ത് ഇന്ത്യക്കാർ ‘ബുദ്ധി’കൊണ്ട് പടർന്നുകയറിയതുപോലെ ചെസ് എന്ന ബുദ്ധിവിനോദംകൊണ്ട് ഇന്ത്യ ലോകത്തിനുമുൻപേ നടക്കുകയാണ്. ലോകചെസിൽ വരുംകാലം ഇന്ത്യയുടേതായിരിക്കുമെന്ന പ്രതീക്ഷയാണ് ബുഡാപെസ്റ്റിലെ ചരിത്രവിജയം മുന്നോട്ടുവയ്ക്കുന്നത്.