ADVERTISEMENT

കൊടുംദുരന്തത്തിന്റെ ആഘാതത്തിൽനിന്നു മുണ്ടക്കൈ – ചൂരൽമല പ്രദേശത്തെ കരകയറ്റാനുള്ള കേന്ദ്രസഹായം ഇപ്പോഴും ലഭ്യമാകാത്തതു  കേരളത്തെയാകെ വിഷമത്തിലാഴ്ത്തുന്നു. ഉരുൾപൊട്ടലുണ്ടായി പതിനെ‍ാന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെയും സഹായവാഗ്ദാനത്തെയും ഏറെ പ്രതീക്ഷയോടെയാണു നാട് കണ്ടതെങ്കിലും ഇതുവരെ തുടർനടപടിയുണ്ടായിട്ടില്ല. കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരെ ഹൈക്കോടതി തുടർച്ചയായി ഇടപെടുന്നത് അതിനായി വിങ്ങലോടെ കാത്തിരിക്കുന്ന ഈ മേഖലയുടെ അനിശ്ചിതാവസ്ഥയും ആശങ്കയും തിരിച്ചറിഞ്ഞതുകെ‍ാണ്ടാണ്.

വയനാട് ജില്ലയിൽ ഉരുൾപെ‍ാട്ടലുണ്ടായ മേഖലയെ എത്രയും വേഗം പൂർവസ്ഥിതിയിലാക്കാനുള്ള ക്രിയാത്മക നടപടികളെടുക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശം നൽകി. കേന്ദ്രസഹായം, ബാങ്ക് വായ്പ എഴുതിത്തള്ളൽ തുടങ്ങിയവ സംബന്ധിച്ചു കേന്ദ്രസർക്കാരിന്റെ തീരുമാനമായിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചതിനെത്തുടർന്നാണ് ഈ നിർദേശം. ദേശീയ ദുരന്തനിവാരണനിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും കേരളത്തിന് ഇതുവരെ തുക നൽകിയിട്ടില്ലെന്നു കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി അറിയിച്ചതിനെത്തുടർന്നും ഇതിനുമുൻപു കോടതി ഇടപെട്ടിരുന്നു. ഈ വിഷയത്തിൽ നിയമസഭയും പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി.

പ്രധാനമന്ത്രി നിർദേശിച്ചതുപ്രകാരം ഓഗസ്റ്റ് 27നു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി വിശദമായ നിവേദനം നൽകിയിരുന്നു. സമീപകാലത്തു പ്രകൃതിദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങൾക്കുൾപ്പെടെ ദേശീയ ദുരന്തനിവാരണനിധിയിൽനിന്നു വിഹിതം അനുവദിച്ചപ്പോൾ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ പരിഗണിക്കാതിരുന്നതിൽ വലിയ പ്രതിഷേധമാണുയരുന്നത്. വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനുശേഷം പ്രകൃതിദുരന്തങ്ങളുണ്ടായ ആന്ധ്രപ്രദേശ്, ത്രിപുര, അസം, സിക്കിം, തെലങ്കാന സംസ്ഥാനങ്ങൾക്ക് ഉടനടി കേന്ദ്രസഹായം ലഭിച്ചിരുന്നു.

കേന്ദ്രസഹായം വൈകുന്നതു ദുരിതബാധിതർക്കുള്ള ധനസഹായവിതരണവും പ്രതിസന്ധിയിലാക്കുമെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജീവനോപാധി നഷ്ടമായ കുടുംബങ്ങൾക്കുള്ള പ്രതിദിന സഹായം തുടരണമെങ്കിൽ കേന്ദ്രസഹായം കൂടിയേ തീരൂ. താൽക്കാലിക പുനരധിവാസം പൂർത്തിയാക്കി ക്യാംപുകൾ അവസാനിപ്പിച്ച ഓഗസ്റ്റ് 24 മുതൽ സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നു പ്രതിദിന ധനസഹായവിതരണം സംസ്ഥാന സർക്കാർ തുടരുന്നുണ്ട്. നിലവിൽ 6000 രൂപ മാസവാടകയും ഭക്ഷ്യക്കിറ്റും ഉപജീവനസഹായമായി പ്രതിദിനം 300 രൂപയുമാണു നൽകുന്നത്. എത്രയും വേഗം സ്പെഷൽ പാക്കേജ് അനുവദിച്ചില്ലെങ്കിൽ നിലവിൽ വാടകവീടുകളിൽ താമസിക്കുന്ന ദുരന്തബാധിതരുടെ സ്ഥിതി കൂടുതൽ പരിതാപകരമാകും.

ദുരന്തബാധിതരിൽ കർഷകരും സ്വയംതൊഴിൽ ചെയ്തിരുന്നവരും ചെറുകിട വ്യാപാരികളും ഓട്ടോ–ടാക്സി തൊഴിലാളികളുമെല്ലാമുണ്ട്. ഇവരുടെയെല്ലാം ഉപജീവനം മുണ്ടക്കൈ–ചൂരൽമല ഗ്രാമങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഉരുൾപെ‍ാട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതു താൽക്കാലിക ആശ്വാസമേ നൽകുന്നുള്ളൂ. 12 ബാങ്കുകളിലായി 35.32 കോടി രൂപയാണു വായ്പ. ഇതിൽ 19.81 കോടിയും കൃഷിവായ്പയാണ്. ചെറുകിട സംരംഭകർ 3.4 കോടി വായ്പയെടുത്തിട്ടുണ്ട്.

പുനരധിവാസം എത്രയും വേഗം സാധ്യമാക്കുകയെന്നതാണു മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ഏറ്റവും പ്രധാന ആവശ്യം. ടൗൺഷിപ്പുകൾക്കുള്ള ഭൂമിയേറ്റെടുക്കൽ നടപടികളും നിർമാണപ്രവർത്തനങ്ങളും എത്രയും വേഗം ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും കഴിയണം. ടൗൺഷിപ് പദ്ധതി പൂർത്തീകരിക്കുന്നതോടൊപ്പംതന്നെ ദുരന്തഭൂമിയുടെ പുനർനിർമാണവും വേഗത്തിലാക്കണം. റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും പുനഃസ്ഥാപിക്കാനും വൈകിക്കൂടാ. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്നു പ്രതിസന്ധിയിലായ ടൂറിസം മേഖലയിൽ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുകയും വേണം.

ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനം സംസ്ഥാന സർക്കാരിനു തനിച്ചു നടപ്പാക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സാമ്പത്തികസഹായം അനിവാര്യമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരസഹായം അനുവദിച്ച മാതൃകയിൽത്തന്നെ ഫണ്ട് അനുവദിക്കുകയെന്നതു ‌കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം തന്നെ. ദുരന്തബാധിതർ പരാതികൾക്കു പരിഹാരം തേടി അധികൃതർക്കു പിന്നാലെ നടന്നു കഷ്ടപ്പെടുന്നത് ദുരന്തത്തെക്കാൾ വലിയ ദുരന്തമാണെന്നു മുണ്ടക്കൈ–ചൂരൽമല പ്രദേശത്തോടു ചേർന്നുനിന്നുകെ‍ാണ്ട് ഹൈക്കോടതി പറഞ്ഞതിനു മുഴക്കമേറെയാണ്.

English Summary:

Editorial about delay in Central government's help for Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com