കുറ്റിച്ചൂൽക്കാലം
Mail This Article
മുഴുവൻചൂൽ തേഞ്ഞു തീരാറാകുമ്പോഴാണ് സമഗ്രസംഭാവന കണക്കിലെടുത്ത് ‘കുറ്റിച്ചൂൽ’ പദവി സമ്മാനിക്കാറുള്ളത്. യജമാനരായ മനുഷ്യർ ശതാഭിഷേകവും നവതിയുമൊക്കെ കൊണ്ടാടുന്നതുപോലെ ജീവിതസായന്തനത്തിൽ തങ്ങൾക്കും ഇരിക്കട്ടെ ബഹുമതി എന്നേ ചൂലുകളും വിചാരിച്ചിട്ടുണ്ടാവാൻ ഇടയുള്ളൂ. തൂക്കാനും തുടയ്ക്കാനും അത്യാവശ്യം തല്ലു കൊടുക്കാനും നല്ലതാണെന്നതിനാൽ നിത്യജീവിതത്തിൽ നെടുംചൂലിനാണ് കുറ്റിയെക്കാൾ പ്രയോജനവും പ്രസക്തിയും.
രാഷ്ട്രീയ മാർക്കറ്റിൽ നേരെ തിരിച്ചാണ്. ദീർഘകായന്മാർ ആവശ്യത്തിലേറെ മിക്ക പാർട്ടികളിലും സ്റ്റോക്കുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത്യാവശ്യത്തിനു കുറ്റിച്ചൂൽ തിരഞ്ഞുനടക്കും. വംശം കുറ്റിയറ്റു പോകാത്തത് ഈ ഡിമാൻഡ് കാരണമാണ്. ‘വിൽപനയ്ക്ക്’ എന്ന് ബോർഡു കാണാത്തതുകൊണ്ട് നാട്ടിൽ കിട്ടാനില്ലെന്നു കരുതരുത്. മിക്ക പാർട്ടികളുടെയും വെളിമ്പറമ്പുകളിൽ ഇഷ്ടംപോലെ കിടപ്പുണ്ട്. കൈക്ക് ഇണങ്ങിയതു പരീക്ഷിച്ചു ഫ്രീ ആയി തിരഞ്ഞെടുക്കാം. പണ്ടു തങ്ങളെ തല്ലാൻ മറ്റുള്ളവർ ഉപയോഗിച്ചതുതന്നെ കണ്ടെത്താൻ കഴിഞ്ഞാൽ വിശേഷമായി. വലിച്ചെറിയുമ്പോൾ തെല്ലും മനസ്സാക്ഷിക്കുത്തിനു വകുപ്പില്ല. പ്രതികാരം ചെയ്ത മനസ്സുഖം വേറെ.
‘ഏതു കുറ്റിച്ചൂലിനെയും തിരഞ്ഞെടുപ്പിൽ നിർത്താനുള്ള സിപിഎമ്മിന്റെ ശേഷിയെ’ മൂന്നാലു ദിവസം മുൻപു കോൺഗ്രസിന്റെ നേതാവായിരുന്നപ്പോൾ പത്രസമ്മേളനത്തിൽ പാലക്കാട്ടെ പി.സരിൻ പ്രശംസിച്ചപ്പോഴേ പന്തികേട് സംശയിച്ചവരുണ്ട്. ഇപ്പോൾ ശങ്കയെല്ലാം നിശ്ശേഷം മാറി. ‘മഹത്തായ കുറ്റിച്ചൂൽ വംശപരമ്പരയുടെ കണ്ണി തന്നെ’ എന്ന ജനിതകരഹസ്യം അംഗീകരിച്ചു ഡോക്ടർ സരിനു സിപിഎം സർട്ടിഫിക്കറ്റ് നൽകി. ഡിഎൻഎ പരിശോധനയ്ക്കു സിപിഎം ലാബിൽ സമർപ്പിച്ച രക്തസാംപിളിന്റെ ഫലം കാത്തിരുന്നപ്പോഴുള്ള തിക്കുമുട്ടലായിരുന്നു സരിന്റെ മുഖത്തെ വൈക്ലബ്യവും ലക്കു കെട്ട മട്ടും.
പിണറായി വിജയനെ തല്ലാനാണ് കോൺഗ്രസുകാർ സരിനെ ചൂലായും ചൂരലായും കൂടുതലും ഉപയോഗിച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പദവിയിലിരുന്ന് സരിൻ അതു വെടിപ്പായി ചെയ്തു. ‘ഇറങ്ങിപ്പോകാൻ നേരം ആ രണ്ട് ആനകളെങ്കിലും ബാക്കി കാണുവോടേ’ എന്നു ജഗതി ശ്രീകുമാറിന്റെ കഥാപാത്രം പിണറായിയോടു ചോദിക്കുന്ന കാർട്ടൂൺ സമൂഹമാധ്യമത്തിൽ പോസ്റ്റാക്കി സരിൻ അർമാദിച്ച കാലത്തിന് ആഴ്ചയുടെ പഴക്കമേയുള്ളൂ. ‘പി.വി.അൻവർ സിപിഎമ്മിൽനിന്നു പുറത്തേക്ക്’ എന്ന വാർത്തയുടെ താഴെ ‘പിണറായി വിജയൻ ആർഎസ്എസിൽതന്നെ തുടരും’ എന്ന കമന്റും വിഖ്യാതം. ‘ കപ്പലിനു തുളയിട്ടിട്ടേ ഈ കപ്പിത്താൻ രക്ഷപ്പെടൂ’ എന്നും സരിൻ പറഞ്ഞിട്ടുണ്ട്. ചൂലിന്റെ പ്രഹരശേഷിയിൽ സംശയിക്കേണ്ടതില്ലെന്നർഥം.
ഭരണത്തെ വിമർശിക്കലാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന ഹോബി എന്നൊരു കേൾവിയുണ്ട്. ‘പിണറായി സർക്കാരിന്റെ മൂന്നാമൂഴം അസാധ്യമല്ല’ എന്നാണ് സരിന്റെ ഭീഷണി. പാർട്ടി അണികൾക്കു മുന്നറിയിപ്പു നൽകിയതാവാനേ ഇടയുള്ളൂ. കോൺഗ്രസിലെ ഇടതുപക്ഷമെന്നാണ് കക്ഷി മുൻപു സ്വയം നിർണയിച്ചത്. സിപിഎമ്മിലെ കോൺഗ്രസാവാനും ബുദ്ധിമുട്ടുണ്ടാവില്ലെന്നർഥം. സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നു സരിൻ പറഞ്ഞസ്ഥിതിക്ക് അവയ്ക്കും പ്രസക്തിയും പ്രചാരവും കൂടാനേ വഴിയുള്ളൂ.
കൂടുവിട്ടു ചാടിപ്പോയ ‘പി.വി.അൻവറിനെപ്പോലെ മോശക്കാരനായ അവസരവാദി ലോകത്തു വേറെയില്ലെന്നും പറയുന്നതൊന്നും വിശ്വസിക്കരുതെന്നു’മുള്ള കാപ്സ്യൂൾ സഖാക്കൾ വിഴുങ്ങിത്തുടങ്ങിയിട്ട് അധികമായിട്ടില്ല. ഫലം ഉറപ്പായാലേ ഡോസ് നിർത്താൻ കഴിയൂ. ‘കോൺഗ്രസിൽനിന്നു ചാടിവന്ന സരിനെപ്പോലെ ഡീസന്റായ സഖാക്കൾ പാർട്ടിയിൽ അധികമില്ലെന്നും പറയുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിക്കാമെന്നു’മുള്ള പുതിയ മരുന്നിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഗുളിക തമ്മിൽ മാറിപ്പോകാതിരുന്നാൽ സഖാക്കളുടെ ഭാഗ്യം.
രമേശിനെ കണ്ടു പഠിക്കട്ടെ
അർഹമായ എല്ലാ അംഗീകാരവും പാർട്ടി നൽകിയിട്ടും പാലക്കാട്ടെ പി.സരിൻ തന്നെ സ്ഥാനാർഥിയാക്കിയില്ലെന്ന നിസ്സാര കാരണത്തിന്റെ പേരിൽ കോൺഗ്രസ് വിട്ടതിന്റെ യുക്തിയാണ് രമേശ് ചെന്നിത്തലയ്ക്കു മനസ്സിലാകാഞ്ഞത്. തന്നെക്കണ്ടു പഠിക്കണമെന്ന് ആത്മാർഥമായി ഉപദേശിക്കാനും രമേശ് മടിച്ചില്ല. സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിക്കാനാണെങ്കിൽ ആദ്യം ചെയ്യേണ്ടതു താനായിരുന്നുവെന്നാണ് രമേശ് പറഞ്ഞത്. മുഖ്യമന്ത്രിസ്ഥാനമായിരിക്കണം ചെന്നിത്തല ഉദ്ദേശിച്ചത്. അക്കാര്യത്തിൽ യുഡിഎഫിനു കഴിഞ്ഞവട്ടം ഭൂരിപക്ഷം നൽകാതെ വോട്ടർമാർ കാട്ടിയതു വലിയ നീതികേടാണെന്നതിൽ സംശയമില്ല. എന്നിട്ടും പ്രതിഷേധമോ അമർഷമോ കാണിക്കാതെ നിരാശയും നീറ്റലും ഉള്ളിലടക്കി കഴിയുകയാണ് രമേശ്.
മന്ത്രിയാവാൻ 28 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നതുതൊട്ടുള്ള അവഗണനയാണ് രമേശ് നേരിട്ടത്. ഇപ്പോൾ 68 ആയി. കിട്ടാത്ത സ്ഥാനങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ പരതി ലിസ്റ്റെടുക്കാൻ ഇനിയും അമാന്തിക്കുന്നതു ബുദ്ധിയല്ല. കിട്ടാൻ പദവികൾ ബാക്കിയുണ്ടെന്ന ബോധ്യം പണ്ടു കെ.വി. തോമസിനു വന്നത് 76–ാം വയസ്സിലാണ്. അപ്പോഴേക്കും കൊടുക്കാൻ കയ്യിലൊന്നുമില്ലാത്ത ഗതികേടിലായി കോൺഗ്രസും. അതുകൊണ്ടെന്താ, ഒഴിഞ്ഞ കീശയും കണ്ണീരും കയ്യുമായി പിണറായിയുടെ അടുക്കൽ വെറുംകയ്യോടെ ചെന്നു കയറേണ്ടി വന്നു. ആശാപാശങ്ങളിൽനിന്നു ബന്ധനമുക്തനായവൻ കോൺഗ്രസുകാരനല്ലെന്നതു പുതിയ അറിവല്ല. ‘സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ’ എന്നു കവി എഴുതിയതുതന്നെ ഈ പാർട്ടിക്കു ഭാവിയിൽ പ്രയോജനപ്പെടട്ടെ എന്നു കരുതിയിട്ടാവണം. സരിൻ പക്വത കാട്ടണമായിരുന്നുവെന്നാണ് കെ.സി.വേണുഗോപാൽ സങ്കടപ്പെട്ടത്. സരിനെത്തന്നെയാണോ ഉദ്ദേശിച്ചത് എന്നാണിപ്പോ സംശയം. പക്വത ഏതുപ്രായത്തിലും അധികഭാരമല്ല.
മുറം കൊണ്ടു വീശുമ്പോൾ
വാളുകൊണ്ടും വടികൊണ്ടും ആളുകളെ തീർക്കാനാണെങ്കിൽ എന്തിനും പോന്ന ആൺപുലികൾ സിപിഎമ്മിൽ ആവശ്യത്തിലേറെയുണ്ട്. പക്ഷേ, വാക്കുകൊണ്ട് കഴുത്തറക്കാൻ കഴിയുന്നവർ അധികമില്ല. വിശേഷിച്ചും വനിതകളിൽ. ആ ഒരു ഭാഗ്യമാണ് കണ്ണൂരിൽ പി.പി.ദിവ്യയെന്ന ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വഴി പാർട്ടിക്കു കൈവന്നത്. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കാതെ എത്തിയായിരുന്നു ദിവ്യയുടെ അധിക്ഷേപം. അന്നു രാത്രിതന്നെ എഡിഎം നവീൻ ബാബു ജീവനൊടുക്കി. ‘ക്ഷണിക്കാതെ എത്തുന്ന കോമാളിയാണ് മരണം’ എന്ന എംടിയുടെ വാചകത്തിന് എന്തെല്ലാം അർഥതലങ്ങളാണ്. സഹപ്രവർത്തകർക്ക് അഞ്ജലിയർപ്പിക്കാൻ കണ്ണൂർ കലക്ടറേറ്റിലേക്ക് എഡിഎമ്മിന്റെ മൃതദേഹം കൊണ്ടുപോകുന്നതു തടഞ്ഞുപോലും. കണ്ണൂരിൽ ഇങ്ങനെയാണെങ്കിലും ജന്മനാടായ പത്തനംതിട്ടയിൽ നവീനെ സാദരം യാത്രയാക്കാൻ പാർട്ടി പിന്നിൽ പോയില്ല. അതെല്ലാക്കാലത്തും അങ്ങനെയാണ്. വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർഥി സിദ്ധാർഥിനെ കൊല്ലാക്കൊല ചെയ്തവരെ കോട്ട കെട്ടി സംരക്ഷിക്കാനും തിരുവനന്തപുരത്തു സിദ്ധാർഥിന്റെ വീടിനു മുന്നിൽ ആദരാഞ്ജലിയർപ്പിച്ചു ബോർഡു വയ്ക്കാനും മടിയില്ലാത്ത സംവിധാനമുണ്ട്. ഉലക്കകൊണ്ട് തലയ്ക്കടിക്കുമ്പോഴും മുറംകൊണ്ട് വീശിക്കൊടുക്കുമ്പോഴും വരവണ്ണം തെറ്റില്ല ആസൂത്രണം.
സ്റ്റോപ് പ്രസ്
കോൺഗ്രസിൽ നടക്കുന്നത് ഏകാധിപത്യമെന്ന് എ.കെ. ബാലൻ.സിപിഎമ്മിലെ ജനാധിപത്യം മടുത്ത സഖാക്കൾക്കു കേട്ടിട്ടു കൊതിയാവുന്നു.