ചൈനാ ബന്ധത്തിലെ നയതന്ത്രവിജയം
Mail This Article
ചൈനയുമായുള്ള അതിർത്തിത്തർക്കത്തിലെ മഞ്ഞുരുക്കം ഇന്ത്യയ്ക്കു നയതന്ത്രതലത്തിലും പ്രതിരോധതലത്തിലും ആഘോഷിക്കാവുന്ന വിജയം തന്നെയാണ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ (എൽഎസി) 2020ലെ ഗൽവാൻ തർക്കത്തിനു മുൻപുള്ള സ്ഥിതിയിൽ പട്രോളിങ് പുനരാരംഭിക്കാനാണു ധാരണ. തർക്കം ഏറ്റവും രൂക്ഷമായിരുന്ന ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിലും പട്രോളിങ്ങിനു തീരുമാനമായിട്ടുണ്ട്. സൈനികരുടെ പൂർണപിന്മാറ്റം ഉൾപ്പെടെയുള്ള നടപടികൾ ഇതിന്റെ തുടർച്ചയായി ഉണ്ടാകുമെന്നാണു പ്രതീക്ഷ. നാലു വർഷത്തിലേറെയായി നിലനിന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുന്ന വിവരം റഷ്യയിൽ ബ്രിക്സ് (ബ്രസീൽ–റഷ്യ–ഇന്ത്യ–ചൈന–ദക്ഷിണാഫ്രിക്ക) ഉച്ചകോടി ആരംഭിക്കുന്നതിനു തലേന്നാണ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ റഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും അരങ്ങൊരുങ്ങി. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോദിയും ഷി ചിൻപിങ്ങും മുഖാമുഖം കണ്ടത്.
ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു പ്രധാനമായും നാലു തലങ്ങളിൽ പ്രസക്തിയുണ്ട്. ഒന്നാമത്തേതും ഏറ്റവും പ്രധാനവും ചൈനയുടെ ആർക്കും വഴങ്ങാത്ത സ്വഭാവത്തിനുമേൽ ഇന്ത്യയുടെ വിജയമാണ്. നാലുവർഷമായി തുടരുന്ന കയ്യേറ്റനിലപാടിൽനിന്ന് അവർ പിന്നോട്ടുപോകുന്നു. ഇതു തീർച്ചയായും നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യ തുടർന്നുവന്ന ശക്തമായ പ്രതിരോധത്തിന്റെ വിജയമാണ്.
ഖലിസ്ഥാൻ തീവ്രവാദികൾ ഉയർത്തുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ പുതിയ വെല്ലുവിളികൾ നേരിടുമ്പോൾ ഇന്ത്യയ്ക്ക് അയലത്തു ശക്തിയും പിന്തുണയും ലഭിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. നയതന്ത്ര– സൈനിക തലങ്ങളിലെ ഇന്ത്യയുടെ ഉറ്റസുഹൃത്താണ് യുഎസ്. എന്നാൽ, കാനഡയുമായി തർക്കം ഉയർന്നപ്പോൾ യുഎസിന്റെ പിന്തുണയോ സഹായമോ ഇന്ത്യയ്ക്കു ലഭിച്ചില്ല. പടിഞ്ഞാറൻ ഐക്യം വിട്ടൊരു കളി അവർക്കില്ല. അപ്പോൾ വികസനോന്മുഖ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) കരുത്തായി ഇന്ത്യ– ചൈന ബന്ധം ഉയർത്തിക്കൊണ്ടുവരുന്നതു നിർണായകമാണ്. ഇന്ത്യ– ചൈന അതിർത്തിത്തർക്കത്തിന്റെ പരിഹാരത്തിനു ചൈനയിലെ മാധ്യമങ്ങൾ നൽകിയതിനെക്കാൾ വലിയ പ്രാധാന്യം യുഎസിലെ മാധ്യമങ്ങൾ നൽകിയതും ഇതിനോടു ചേർത്തുവായിക്കണം.
റഷ്യയുടെ സ്വാധീനശേഷി വർധിക്കുന്നതാണ് മറ്റൊരു നിർണായകകാര്യം. ലോകജനസംഖ്യയുടെ പകുതിയോളം പ്രതിനിധീകരിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിക്കു തൊട്ടുമുൻപാണ് ഇന്ത്യ–ചൈന സമാധാനപ്രഖ്യാപനം ഉണ്ടായത്. ഇതിൽ റഷ്യയുടെ സൗഹൃദസമ്മർദം വ്യക്തമാണ്. വ്ലാഡിമിർ പുട്ടിന്റെ നാട്ടിൽ മോദിയും ഷി ചിൻപിങ്ങും എത്തുമ്പോൾ അവർക്കിടയിൽ മുഖാമുഖ ചർച്ചയ്ക്കു വിലങ്ങാകുന്ന കാര്യങ്ങൾ അവശേഷിക്കരുത് എന്ന നയതന്ത്രബുദ്ധി ഇതിനുപിന്നിലുണ്ട്.
സംഘർഷങ്ങൾ അവസാനിക്കുന്നതു സാമ്പത്തികരംഗത്തെ അതിവേഗവളർച്ചയ്ക്ക് ഊന്നൽ നൽകാൻ സഹായിക്കും എന്നതാണ് നാലാമത്തെ കാര്യം. ഇന്ത്യയും ചൈനയും ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്ഘടനകളാണ്. പരസ്പരമുള്ള തർക്കം കുറയുന്നതു രണ്ടു രാജ്യങ്ങൾക്കും സ്വന്തം നിലയിലുള്ള വളർച്ചയ്ക്കു വേഗം കൂട്ടും. പരസ്പരമുള്ള സഹകരണത്തിലെ പ്രതിബന്ധങ്ങൾ ഒഴിവാകുകയും ചെയ്യും. ഇത് ആഗോള സമ്പദ്ഘടനയിലെ സമവാക്യങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കും.
അതേസമയം, ചൈനയുടെ പിന്മാറ്റപ്രഖ്യാപനത്തോടെ എല്ലാം വിജയിച്ചു എന്ന രീതിയിൽ അതിർത്തിയെക്കുറിച്ചുള്ള ജാഗ്രത കൈവിട്ടുകൂടാ. സൗഹൃദത്തിനും സമാധാനത്തിനുമപ്പുറം സ്വന്തം താൽപര്യങ്ങൾക്കു മുൻഗണന നൽകുന്ന രാജ്യമാണ് ചൈന. അവർ വാക്കുലംഘിച്ചതിന്റെ എത്രയോ അനുഭവങ്ങൾ ഇന്ത്യയ്ക്കു മുൻപിലുണ്ട്. ഇപ്പോഴത്തെ തർക്കപരിഹാര പ്രഖ്യാപനത്തിൽതന്നെ എന്തൊക്കെയാണ് തുടർനടപടികൾ എന്നതു വ്യക്തമാകാനിരിക്കുന്നേയുള്ളൂ. പ്രഖ്യാപനമല്ല, നടപടികളാണ് പ്രധാനം.
പരസ്പരബഹുമാനം ഉറപ്പാക്കി, പക്വതയോടെ സമാധാനപരമായ ബന്ധം നിലനിർത്താനുള്ള പ്രഖ്യാപനമാണ് മോദി – ഷി ചിൻപിങ് കൂടിക്കാഴ്ചയിൽ ഉണ്ടായത്. ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ, നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും വ്യക്തമാക്കി. ഈ രണ്ടു പ്രസ്താവനകളിലെ രണ്ടു വാക്കുകൾ വളരെ പ്രധാനമാണ്; പക്വതയും വിശ്വാസം വീണ്ടെടുക്കലും. ഇതു രണ്ടും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കാനുള്ള ജാഗ്രതയാണ് ഇനി വേണ്ടത്.
സമാധാനമാർഗത്തിലേക്കുള്ള ഏതു ചുവടുവയ്പും സ്വാഗതാർഹമാണ്. അതുതന്നെയാണ് എക്കാലവും ഇന്ത്യ മുറുകെപ്പിടിക്കുന്ന നയവും ആശയവും. ഗൽവാൻ സംഘർഷത്തിനു മുൻപുള്ള സ്ഥിതിയിലേക്കെത്തിയാലും ഇന്ത്യയ്ക്കുനേരെ ചൈന നടത്തിയ കടന്നുകയറ്റത്തിൽനിന്നുള്ള പൂർണപിന്മാറ്റം ആകുന്നില്ല. ശാശ്വതസമാധാനത്തിലേക്കും പരസ്പരവിശ്വാസത്തിലേക്കും വാതിൽ തുറക്കുമ്പോഴാണ് ഇപ്പോഴത്തെ നയതന്ത്രവിജയം സാർഥകമാകുക.