ADVERTISEMENT

ബെയ്ജിങ് ∙ രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നെന്ന ആരോപണവുമായി ചൈന. ഇതു ബഹിരാകാശ രംഗത്തെ കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും ആശങ്കയുണ്ട്. ബഹിരാകാശ സുരക്ഷ ഉറപ്പാക്കൽ ചൈനയുടെ ഭാവി നിലനിൽപ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം അറിയിച്ചു.

‘‘സമീപ വർഷങ്ങളിൽ, ചില പാശ്ചാത്യ രാജ്യങ്ങൾ ‘ബഹിരാകാശസൈന്യം’ രൂപീകരിച്ചു ബഹിരാകാശ ആക്രമണശേഷി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി ചൈനയെ ഇവർ കണക്കാക്കുന്നു. വിദേശ ചാരസംഘടനകൾ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങൾ വഴി ചൈനയ്‌ക്കെതിരെ വിദൂരനിരീക്ഷണം നടത്തുന്നുണ്ട്. ഇങ്ങനെ ബഹിരാകാശത്തുനിന്നു ചൈനയുടെ രഹസ്യങ്ങൾ നിരീക്ഷിക്കാനും മോഷ്ടിക്കാനും അവർ ശ്രമിക്കുന്നു’’– ഏതെങ്കിലും രാജ്യങ്ങളുടെ പേര് പരാമർശിക്കാതെ ചൈന ആരോപിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ളവയിൽ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങളുടെ സഹായമുണ്ടെന്ന റിപ്പോർട്ടിനിടെയാണു ചൈനയുടെ പരാമർശം. തത്സമയ ഉപഗ്രഹ ചിത്രങ്ങൾ യുദ്ധക്കളത്തിൽ മേധാവിത്വം നേടാൻ രാജ്യങ്ങളെ സഹായിക്കുമെന്നു പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. ബഹിരാകാശ വിഭവങ്ങൾക്കായുള്ള മത്സരം ‘അങ്ങേയറ്റം രൂക്ഷമാകുകയാണ്’ എന്നും നിരീക്ഷണമുണ്ട്. 2030ഓടെ ചന്ദ്രനിൽ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയാണു ചൈനയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 2035ൽ ‘ബേസിക് സ്റ്റേഷനും’ 2045ഓടെ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയവും നിർമിക്കാനും പദ്ധതിയുണ്ട്.

English Summary:

China Sounds Alarm: Foreign Spies Targeting Space Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com