‘ശത്രുക്കൾ’ ഒന്നായി; ആ ബോംബുകളും വെടിവയ്പും പുട്ടിന്റെ പുതിയ കൂട്ടിനുള്ള മറുപടി? യുഎസിന് റഷ്യൻ ആയുധക്കെണിയും
Mail This Article
റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്‌റോസ്‌പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്. പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്?