വാചകമേള
Mail This Article
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ഇന്ത്യയെ സ്നേഹിച്ചിട്ടുണ്ടോ? ലെനിൻ, മാവോ തുടങ്ങിയവരുടെ കൃതികളിൽ എപ്പോഴും കാണാനാവുക മഹത്തായ റഷ്യൻ ജനത, ചൈനീസ് ജനത അല്ലെങ്കിൽ മഹത്തായ റഷ്യൻ സംസ്കാരം, ചൈനീസ് സംസ്കാരം എന്നെല്ലാമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ഭാഷയിൽ ഒരിക്കലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാനാവില്ല.
ബി.രാജീവൻ
എന്നെ സംബന്ധിച്ചിടത്തോളം ‘തൂവാനത്തുമ്പികൾ’ എന്ന സിനിമ ലോകത്തിലെ ഏറ്റവും മികച്ച ലവ് സ്റ്റോറിയാണ്. പത്മരാജൻ സാറിനെ ലോകം ഇനിയാണ് ആഘോഷിക്കാൻ പോകുന്നത്. അതുപോലൊരു ലവ് സ്റ്റോറി ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒട്ടും അതിശയോക്തി ഇല്ലാതെതന്നെ പറയട്ടെ, ഒരു 200 തവണയെങ്കിലും ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അതൊരു ബൈബിൾ പോലെയാണ്.
ആനന്ദ് ഏകർഷി
ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല. ദിവസം 10–14 മണിക്കൂർവരെ കായികാധ്വാനം ചെയ്താണ് ഞാൻ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മഴയും നദികളും സമൃദ്ധമായുള്ളതുകൊണ്ടാണ് മലയാളികൾക്കു ജലത്തിന്റെ വില മനസ്സിലാകാതെ പോകുന്നത്.
ഡോ. രാജേന്ദ്രസിങ്
അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കും. അതിനു തണലേകാൻ ഒരു പ്രത്യയശാസ്ത്രം കൂടിയുണ്ടെങ്കിൽ ആത്മാഭിമാനം പണയം വയ്ക്കാൻ തയാറുള്ളവരുടെ മാത്രം ഒരു ലോകമായി നമ്മുടെ നാട് മാറും. ആകെയുള്ള ആശ്വാസം ചോര മണക്കുന്ന ഏത് ഇറച്ചിക്കടയ്ക്കു മുന്നിലും മാംസദാഹികളായ പട്ടികളെ അവഗണിച്ച്, നേരുകണ്ടെത്താൻ വ്യഗ്രത കാണിക്കുന്ന ചില മാധ്യമപ്രവർത്തകരും നീതിയുടെ കാവലാളായി നിൽക്കുന്ന ജുഡീഷ്യറിയും മാത്രമാണ്.
ജോയ് മാത്യു
നല്ല സാഹിത്യകൃതികൾ പ്രൈമറി ക്ലാസുകളിൽ പാഠപുസ്തകങ്ങളുടെ ഭാഗമാകണം. നല്ല ഗവേഷണ സന്നദ്ധതയുള്ളവർ അധ്യാപകരാകണം. ഈ ഘട്ടത്തിലാണ് ഭാവുകത്വം കുട്ടിയിലുണ്ടാകേണ്ടത്. പിന്നീടതു വളർന്നുകൊള്ളും. നമ്മുടെ പ്രശ്നം പ്രൈമറിതലം പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ്. ഈ തലത്തിൽ പരാജയപ്പെട്ടാൽപിന്നെ ഒരു തലത്തിലും അതു വീണ്ടെടുക്കാൻ പറ്റുന്നതല്ല.
കൽപറ്റ നാരായണൻ
കഴിഞ്ഞ രണ്ടു ദശാബ്ദമായി നമ്മുടെ കുട്ടികൾ ഭാഷയിൽനിന്ന് അകലുന്നു. ഇപ്പോൾ ദേശത്തിൽനിന്നുപോലും അവർ വിട്ടുപോകുന്നു. ദേശവും ഭാഷയും മറന്ന് അന്യദേശത്തുകഴിയുന്ന പുതുതലമുറ താമസിയാതെ ‘വൃദ്ധസദനകേരളം’ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
വി.ആർ. സുധീഷ്
കുട്ടികൾ ജാതി, മതം, വർഗം, സമ്പത്ത് തുടങ്ങിയവയിൽ വ്യത്യസ്തത പുലർത്തുന്നവരുമായി കൂട്ടുകൂടി കുട്ടിക്കാലം മുതൽ സഹവർത്തിത്വം സ്വായത്തമാക്കണം. എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ അതൊരു വ്യക്തിപരമായ ന്യൂനതയാണ്.
എൻ.എസ്.മാധവൻ