ഇന്ത്യൻ ക്രിക്കറ്റിന് ഒരു റിയാലിറ്റി ചെക്ക്
Mail This Article
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനലിസ്റ്റുകൾ, ട്വന്റി20 ലോകകപ്പിൽ ജേതാക്കൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉന്നതങ്ങളിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം. എന്നാൽ ഏത് ഉയർച്ചയിലും മതിമറന്നു പോകരുതെന്ന് ഇക്കഴിഞ്ഞ ന്യൂസീലൻഡ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പഠിപ്പിച്ചു.
തുടർജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിന്റെ ആകാശത്തേരിൽനിന്നു യാഥാർഥ്യത്തിന്റെ മണ്ണിലേക്കു ടീം ഇന്ത്യയെ പിടിച്ചിറക്കുകയായിരുന്നു ന്യൂസീലൻഡ്. ചരിത്രത്തിലാദ്യമായാണ് സ്വന്തം മണ്ണിൽ ഒരു 3 മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വരിക്കുന്നത്. ബംഗ്ലദേശിനോടുള്ള 2 മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ഈ ദയനീയ പരാജയം.
തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്. ക്യാപ്റ്റനെ മാത്രം പഴിചാരി കടന്നുപോകാവുന്ന പരമ്പരയായിരുന്നില്ല ഇത്. സീനിയർ താരങ്ങളായ വിരാട് കോലിയും ആർ.അശ്വിനും രവീന്ദ്ര ജഡേജയും മുതൽ പുതുമുഖം സർഫറാസ് ഖാൻ വരെയുള്ളവർക്ക് ഈ തോൽവിയിൽ വ്യക്തമായ പങ്കുണ്ട്. ഏഷ്യൻ സാഹചര്യങ്ങളിൽ പന്തെറിഞ്ഞ് കാര്യമായ പരിചയമില്ലാത്ത ന്യൂസീലൻഡ് സ്പിന്നർമാർ അനായാസം വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യയുടെ സ്പിൻ ജോടികളായ അശ്വിനും ജഡേജയും പാടേ നിരാശപ്പെടുത്തി.
സ്പിന്നിനെ അനായാസം കൈകാര്യം ചെയ്യുന്നവർ എന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ഇന്ത്യൻ ബാറ്റിങ് നിരയുടെയും ദയനീയ പ്രകടനത്തിനു പരമ്പര സാക്ഷ്യം വഹിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലുമായി പലകുറി പയറ്റിത്തെളിഞ്ഞ പിച്ചുകളിൽ, കിവീസ് ബോളർമാർക്കെതിരെ പ്രതിരോധം തീർക്കാൻപോലും ഇന്ത്യൻ ബാറ്റർമാർക്കായില്ല.
ഫ്രാഞ്ചൈസി ട്വന്റി20 ക്രിക്കറ്റ് ലീഗുകൾ കളിക്കാനായി വെസ്റ്റിൻഡീസ് പോലുള്ള ടീമുകളിലെ പ്രധാനതാരങ്ങൾ ദേശീയ ടീമിൽനിന്നു നേരത്തേ വിരമിക്കുന്ന പതിവുണ്ട്. ട്വന്റി20 ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് പണക്കൊഴുപ്പിന്റെ മേളയായ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഈ ഭ്രമം ഇന്ത്യയിലേക്കും പടർന്നു തുടങ്ങിയിരിക്കുന്നു.
ഇതാണ് ഒരു പരിധിവരെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രകടനം മോശമാകാൻ കാരണം. ഫോം നഷ്ടപ്പെട്ട ക്രിക്കറ്റർമാർ അതു തിരിച്ചുപിടിക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോകുന്ന പതിവ് എത്രയോ വർഷങ്ങളായി ഇന്ത്യയിൽ നിലവിലുണ്ട്. എന്നാൽ, നിലവിൽ ഇന്ത്യയുടെ പല പ്രമുഖതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടു വർഷങ്ങളായി. ഒരു താരത്തിന്റെ ഫോം നിർണയിക്കുന്ന പ്രധാനഘടകമായി ഐപിഎൽ മാറിയിരിക്കുന്നു. കളിശൈലിയിലും മാനസികമായ ഒരുക്കങ്ങളിലും ഉൾപ്പെടെ ടെസ്റ്റുമായി വലിയ വ്യത്യാസമുള്ള ട്വന്റി20യുടെ ഈ ‘ഹാങ്ഓവർ’ ന്യൂസീലൻഡ് പരമ്പരയിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി.
ട്വന്റി20 ക്രിക്കറ്റിന്റെ ചുവടുപിടിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വികസിപ്പിച്ചെടുത്ത ആക്രമണോത്സുക കളിശൈലിയായ ബാസ്ബോളിനെ അനുകരിക്കാൻ ശ്രമിച്ചതും ഇന്ത്യൻ ടീമിന്റെ വീഴ്ചയുടെ ആക്കംകൂട്ടി.
താരതമ്യേന ദുർബലരായ ബംഗ്ലദേശിനെതിരെ അത്തരമൊരു ശൈലി വിജയം കണ്ടതോടെയാകാം ന്യൂസീലൻഡിനെതിരെയും അതു തുടരാൻ ടീം ഇന്ത്യ തീരുമാനിച്ചത്. എന്നാൽ, ബംഗ്ലദേശ് അല്ല ന്യൂസീലൻഡ് എന്ന് പരമ്പരയിലെ ആദ്യ മത്സരംതന്നെ ഇന്ത്യയ്ക്കു കാണിച്ചുകൊടുത്തു. അതിൽനിന്നു പാഠം ഉൾക്കൊള്ളാതിരുന്നതാണ് അടുത്ത രണ്ടു മത്സരങ്ങളിലും ഇന്ത്യയെ തോൽവിയിലേക്കു തള്ളിയിട്ടത്.
ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയാണ് അടുത്തത്. അതിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) സീനിയർ താരങ്ങളുടെയും പരിശീലകൻ ഗൗതം ഗംഭീറിന്റെയും ഭാവി തീരുമാനിക്കുമെന്നാണു റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയോടെ ഇന്ത്യൻ ടീമിനകത്തും പുറത്തും കാര്യമായ അഴിച്ചുപണികൾ പ്രതീക്ഷിക്കാം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കാൻ ആവശ്യമെങ്കിൽ അത്തരം പൊളിച്ചെഴുത്തുകൾ നടത്താൻ ബിസിസിഐ മടിക്കേണ്ടതില്ല.