പാലക്കാട്ടൊരു പാതിരാനാടകം
Mail This Article
ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച്, പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിലേക്കു പൊലീസ് അർധരാത്രി ഇടിച്ചുകയറി പരിശോധന നടത്തിയതിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
വനിതാ ഉദ്യോഗസ്ഥർ ഒപ്പമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് സംഘം പ്രതിഷേധത്തെത്തുടർന്ന് ആദ്യം മടങ്ങിയെങ്കിലും പിന്നീട് ഒരുദ്യോഗസ്ഥയെക്കൂടി സംഘത്തിൽ കൂട്ടിയെത്തി പരിശോധന പൂർത്തിയാക്കുകയായിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. കൃത്യമായ വിവരം കിട്ടിയതുകൊണ്ടാണ് തങ്ങൾ പരിശോധന നടത്തിയതെന്നു പൊലീസ് അവകാശപ്പെടുമ്പോൾ കണക്കിൽപ്പെടാത്ത ഒരു രൂപപോലും കണ്ടെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് ചോദിക്കുന്നു. ഈ ചോദ്യത്തിനു മറുപടി ലഭിക്കുന്നുമില്ല. അതേസമയം, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പതിവു പരിശോധനയാണു നടന്നതെന്നു സിപിഎം നേതാക്കൾ പറയുന്നതാവട്ടെ പൊലീസ് പറയുന്നതിനു വിരുദ്ധവും.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു വിഭാഗത്തെപ്പോലും അറിയിക്കാതെയായിരുന്നു പാതിരാത്രിയിലെ പരിശോധന. പുരുഷ പൊലീസുകാർ വനിതാ നേതാക്കളുടെ വസ്ത്രങ്ങളടങ്ങിയ പെട്ടികൾ ചാനൽ ക്യാമറകളുടെ മുന്നിൽവച്ചു പരിശോധിച്ചതുപോലുള്ള നിന്ദ്യമായ കാര്യങ്ങളാണുണ്ടായത്. പെട്ടിയിലുള്ളതെല്ലാം വലിച്ചുവാരിയിട്ടു. പരിശോധനയുടെ പേരിൽ നടന്നതു സ്ത്രീത്വത്തിന്റെ അന്തസ്സിനു നേരെയുള്ള കടന്നാക്രമണമാണെന്ന ആരോപണത്തിൽനിന്നു പൊലീസിനു രക്ഷപ്പെടാനാകുമോ? ആരുടെയൊക്കെയോ ചട്ടുകമായി മാറുകയായിരുന്നില്ലേ പൊലീസ്?
വനിതാ ഉദ്യോഗസ്ഥരാരുമില്ലാതെ, അർധരാത്രിക്കുശേഷമെത്തിയ പൊലീസ് സംഘം ആദ്യം മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പോ വ്യക്തമായ കാരണമോ നൽകാതെ കയറുകയായിരുന്നു. ഇതിനുപിന്നാലെ, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തു സംഘടിച്ചെത്തി. ഇതോടെ മുറികൾ പൂട്ടി ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പുറത്തിറങ്ങിനിന്നു. ഇവരുടെ ആവശ്യപ്രകാരമാണ്, അരമണിക്കൂറിനുശേഷം വനിതകൂടി ഉൾപ്പെട്ട സംഘമെത്തി സാധനസാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയതും ഒന്നും കണ്ടെത്താതെ മടങ്ങിയതും.
ഇത്തരമൊരു പരിശോധന നടക്കുമെന്ന വിവരം നേരത്തേതന്നെ സിപിഎം നേതാക്കൾ അറിഞ്ഞിരുന്നുവെന്നാണ് യുഡിഎഫ് ആരോപണം. സിപിഎം നേതാക്കൾക്കൊപ്പംതന്നെ ബിജെപി നേതാക്കളും പരിശോധനാസമയത്ത് അവിടെയെത്തിയിരുന്നു. ഒരുമിച്ച് ഒരേപോലെയാണ് അവർ ഈ വിഷയത്തെ സമീപിച്ചതും. പരിശോധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും പരിശോധന തുടരണമെന്നാവശ്യപ്പെട്ട് സിപിഎം – ബിജെപി നേതാക്കളും പൊലീസുമായി ദീർഘനേരം തർക്കത്തിലേർപ്പെട്ടു. മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അയവു വന്നത്.
പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു ചെലവു പരിശോധനയ്ക്കും കള്ളപ്പണം നിരീക്ഷിക്കുന്നതിനുമായി 57 സ്ക്വാഡുകൾ രംഗത്തുണ്ട്. ഫ്ലയിങ് സ്ക്വാഡ് ഉൾപ്പെടെയാണിത്. ഇതിൽ ചില സ്ക്വാഡുകളിൽ പൊലീസുമുണ്ട്. ഇവരുടെ പരിശോധനകളിൽ ഇതുവരെയൊന്നും കണ്ടെത്തിയിട്ടില്ല. ഇന്നലെ പകലും അതേ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. പരിശോധനകളെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇന്നലെ പാലക്കാടിനെയും കേരളത്തെത്തന്നെയും ചൂടുപിടിപ്പിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാക്കളോടു കൊടുംഭീകരരോടെന്നവിധം പൊലീസ് പെരുമാറുന്നത് ഏകാധിപത്യരാജ്യങ്ങളിൽ മാത്രമാണെന്നായിരുന്നു നമ്മുടെ ധാരണ. എന്നാൽ, ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ആണയിടുന്ന സിപിഎം തങ്ങളുടെ ചൊൽപടിയിലുള്ള പൊലീസ് സേനയെ രാഷ്ട്രീയ പ്രതികാരവും തിരഞ്ഞെടുപ്പുലക്ഷ്യങ്ങളുമടക്കമുള്ള നിക്ഷിപ്തതാൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതാണു കേരളം ഇപ്പോൾ കാണുന്നത്. അധികാര ദുരുപയോഗം സകലസീമകളും ലംഘിക്കുന്നു.
പാലക്കാട്ടെ പാതിരാനാടകത്തിൽ സ്ത്രീകളോടുള്ള അപമാനവും മനുഷ്യാവകാശലംഘനവുമെല്ലാം ഉൾച്ചേർന്നിരിക്കുന്നു. കള്ളപ്പണമുണ്ടെങ്കിൽ അതു കണ്ടെത്താൻ വ്യവസ്ഥാപിത രീതികളുണ്ടെന്നിരിക്കേ, എന്തിനാണ് ഈ അപലപനീയമാർഗം തേടിയതെന്ന ചോദ്യവും ഉയരുകയാണ്. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എതിരാളികളെ നേരിടാമെന്ന് ഒരിക്കൽക്കൂടി സിപിഎമ്മും അവരുടെ ഇംഗിതം നടപ്പാക്കുന്ന പൊലീസും കേരളത്തെ വെല്ലുവിളിച്ചറിയിക്കുന്നതാണ് പാലക്കാട് സംഭവത്തിൽ കണ്ടത്. ഒരിക്കലും പാഠം പഠിക്കാത്തവർക്ക് ഇതു കാണാനാവില്ലെന്നു മാത്രം.