മൊറീഷ്യസിൽ പ്രസിഡന്റും പ്രധാനമന്ത്രിയും ‘ഇന്ത്യക്കാർ’
Mail This Article
മൊറീഷ്യസിന്റെ പ്രധാനമന്ത്രിയായി നവീൻ റാംഗുലാം കഴിഞ്ഞദിവസം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയ്ക്കും അഭിമാനം. 1896ൽ ഇപ്പോഴത്തെ ബിഹാറിലെ ഭോജ്പുർ ജില്ലയിൽനിന്നു മൊറീഷ്യസിലേക്കു കുടിയേറിയ മൊഹിത് റാംഗുലാമിന്റെ ചെറുമകനും പ്രഥമ പ്രധാനമന്ത്രി സീവോസാഗർ റാംഗുലാമിന്റെ മകനുമാണ്. 1995 – 2000, 2005–2014 കാലയളവിൽ മൊറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു നവീൻ. നിലവിലെ മൊറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ്സിങ് രൂപുന്റെ കുടുംബവേരുകളും ഇന്ത്യയിലാണ്.
മൊറീഷ്യസ്: ഛോട്ടാ ഭാരത്
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാഷ്‌ട്രമായ മൊറീഷ്യസ് ബ്രിട്ടിഷ് ഭരണത്തിൽനിന്നു സ്വതന്ത്രമായത് 1968ൽ. ജനസംഖ്യയിൽ 70% (12 ലക്ഷം) ഇന്ത്യൻ വംശജർ. ആഫ്രിക്കൻ വൻകരയിൽ ഉൾപ്പെട്ട ഈ ദ്വീപുരാഷ്‌ട്രത്തെ ‘ഛോട്ടാ ഭാരത്’ എന്നു വിശേഷിപ്പിച്ചത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. മൊറീഷ്യസിലെ കരിമ്പുതോട്ടങ്ങളിൽ ജോലിക്കായി ബ്രിട്ടിഷുകാർ കൊണ്ടുപോയ അഞ്ചു ലക്ഷത്തോളം പേരുടെ പിന്മുറക്കാരാണ് അവിടത്തെ ഇന്ത്യൻ വംശജർ.
മൊറീഷ്യസിലെ പ്രധാനമന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഇന്ത്യൻ വംശജനല്ലാതിരുന്നത്; ഫ്രഞ്ച് വംശജനായ പോൾ ബെറെൻജർ (2003–05). പ്രസിഡന്റായവരിലും ഒരാൾ മാത്രമാണ് ഇന്ത്യൻ വംശജനല്ലാതിരുന്നത്; കാവ് ഒഫ്മാൻ (2002–03).
സീവോസാഗർ റാംഗുലാം
വിദേശരാജ്യത്ത് അധികാരത്തിലേറിയ ആദ്യ ഇന്ത്യൻ വംശജൻ. മുഖ്യമന്ത്രി (1961–68), പ്രഥമ പ്രധാനമന്ത്രി (1968–82) ഗവർണർ ജനറൽ (1983–85) എന്നീ നിലകളിൽ പ്രവർത്തിച്ചു. മൊറീഷ്യസിന്റെ രാഷ്ട്രപിതാവ് എന്നാണു വിശേഷിപ്പിക്കുന്നത്.
മൊറീഷ്യസിൽ അധികാരത്തിലെത്തിയ മറ്റ് ഇന്ത്യൻ വംശജർ
അനിരുദ്ധ് ജഗ്‌നാഥ്
രണ്ടു തവണ പ്രസിഡന്റും ആറു തവണ പ്രധാനമന്ത്രിയുമായി.
വീരസാമി റിങ്ഗഡൂ
പ്രഥമ പ്രസിഡന്റ്. ഗവർണർ ജനറലായിരിക്കെ (1986–92) രാജ്യം റിപ്പബ്ലിക്കായതോടെ (1992) പ്രസിഡന്റായി.
കസം ഉദീം
1992–2002ൽ പ്രസിഡന്റായിരുന്നു. കൂടുതൽകാലം ഈ പദവി വഹിച്ചു.
പ്രവിന്ദ് ജഗ്‌നാഥ്
അനിരുദ്ധ് ജഗ്‌നാഥിന്റെ മകൻ. 2017 മുതൽ പ്രധാനമന്ത്രിപദവി വഹിച്ചു.
രാജ്‌കേശ്വർ പുര്യാഗ്
അഞ്ചാമത്തെ പ്രസിഡന്റ് (2012–15)
ഡോ. അമീന ഗുരീബ് ഫക്കീം
രാജ്യാന്തര പ്രശസ്തി നേടിയ ജീവശാസ്ത്രജ്ഞ അമീന ഗുരീബ് ഫക്കീമാണ് ആറാമത്തെ പ്രസിഡന്റ് (2015–18); ആദ്യ വനിതാ പ്രസിഡന്റും.