ADVERTISEMENT

അയ്യപ്പദർശന പുണ്യംതേടി ശബരിമലയിലേക്കു തീർഥാടകപ്രവാഹം തുടങ്ങിക്കഴിഞ്ഞു. യാത്രാക്ലേശവും നീളുന്ന കാത്തുനിൽപിന്റെ കഷ്ടപ്പാടുമെല്ലാം തീർഥാടകർ മറക്കുന്നത് അയ്യപ്പദർശനത്തിലാണ്. അതുകെ‍ാണ്ടുതന്നെ, ഭക്തലക്ഷങ്ങൾക്കു സുഗമദർശനം ഉറപ്പുവരുത്തുന്നതിൽ ഒരു കുറവും വന്നുകൂടാ. 

കഴിഞ്ഞ നാലു ദിവസമായി വലിയ തിരക്കില്ലാത്തതുകെ‍ാണ്ട് അധികം കാത്തുനിൽക്കാതെയും ബുദ്ധിമുട്ടില്ലാതെയും ദർശനം ലഭിക്കുന്നുണ്ട്.‌ പുലർച്ചെ മൂന്നിനു നട തുറക്കുമ്പോൾ മിനിറ്റിൽ 80 പേരെ വീതം പതിനെട്ടാംപടി കയറ്റാൻ കഴിയുന്നു. എന്നാൽ, വൃശ്ചികം 12നുശേഷം (നവംബർ 27) തിരക്കു വർധിക്കുമെന്നാണു ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. അപ്പോഴത്തെ വൻതിരക്ക് നിയന്ത്രിക്കാനുള്ള കുറ്റമറ്റ വഴികൾ ഇപ്പോഴേ തേടേണ്ടതുണ്ട്. 

പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് സ്പോട് ബുക്കിങ് വഴിയുമാണ് ദർശനാവസരം. വെർച്വൽ ക്യൂ ബുക്കിങ് ഈ മാസം 30വരെ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ബുക്കിങ് വിവരങ്ങളിലൂടെ തിരക്കു കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി മനസ്സിലാക്കി, ദർശനം സുഗമമാക്കാൻ പൊലീസിനു കഴിയേണ്ടതുണ്ട്.

തിരക്കു നിയന്ത്രണത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പതിനെട്ടാംപടിയിലാണ്. കഴിഞ്ഞ വർഷം 18 മണിക്കൂർവരെ കാത്തുനിന്നാണ് തീർഥാടകർ പടികയറി ദർശനം നടത്തിയത്. ഇത്തവണ കാത്തുനിൽപ് അധികം നീണ്ടുപോകാതെ നോക്കണം. ദർശനത്തിനായി ഒരു ദിവസം 18 മണിക്കൂറാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. മിനിറ്റിൽ 80 പേരിൽ കുറയാതെ പതിനെട്ടാംപടി കയറ്റിവിടാൻ കഴിഞ്ഞാലേ ക്യൂ നീളം കുറയ്ക്കാൻ കഴിയൂ. മിനിറ്റിൽ 75 മുതൽ 80 പേരെ വരെ പടികയറ്റാൻ ഇപ്പോൾ കഴിയുന്നുണ്ട്. പതിനെട്ടാംപടി കയറാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നവർക്കു ശുദ്ധജലവും ഭക്ഷണവും ഉറപ്പാക്കാൻ ആദ്യദിവസങ്ങളിൽ ദേവസ്വം ബോർഡിനു കഴിഞ്ഞു. പടികയറാൻ കാത്തുനിൽക്കുന്നവർക്കു ചുക്കുവെള്ളം പൈപ്പ് വഴി എത്തിക്കാനുള്ള സംവിധാനം എത്രയുംവേഗം പൂർത്തിയാക്കണം. 

ശബരിമലയുടെ അടിസ്ഥാന ആശുപത്രി ഇത്തവണ കോന്നി മെഡിക്കൽ കോളജാണെങ്കിലും അവിടെ വേണ്ടത്ര സൗകര്യമില്ല. സീതത്തോട് പാലം പൊളിച്ചതിനാൽ പമ്പയിൽനിന്നുള്ള ആംബുലൻസുകൾക്കു വഴി വളഞ്ഞുവേണം കോന്നിയിലെത്താൻ. ഇതിനു കുറഞ്ഞതു രണ്ടരമണിക്കൂറെടുക്കും. പമ്പയിൽനിന്നു കോട്ടയം മെഡിക്കൽ കോളജിലെത്താനും അത്രയും സമയം മതി. കഴിഞ്ഞ വർഷം 58 തീർഥാടകരാണ് ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചത്. നീലിമല, അപ്പാച്ചിമേട് ഭാഗത്തേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാൻ ഒരു റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റുകൂടി തുടങ്ങിയത് ആശ്വാസമാണെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നതിൽ സംശയമില്ല.

തീർഥാടകർക്കായി കെഎസ്ആർടിസി പമ്പയിൽ 383 ബസുകൾ എത്തിച്ചിട്ടുണ്ട്. മിനിറ്റിൽ ഒരു ബസ് വീതമാണ് പമ്പ– നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ്. കെഎസ്ആർടിസിക്ക് ഇത്തവണ പുതിയ ബസില്ല. വേണ്ടവിധം അറ്റകുറ്റപ്പണി നടത്താതെ കൊണ്ടുവന്ന ബസുകളിലെ‍ാന്ന് ചെയിൻ സർവീസിനിടെ കഴിഞ്ഞ ദിവസം കത്തിനശിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഴഞ്ചൻ ബസുകൾ കേടായി വഴിയിൽ കിടക്കാനുള്ള സാധ്യത മുൻകൂട്ടിക്കാണണം.

ശുദ്ധജലക്ഷാമമാണ് അടിസ്ഥാനതാവളമായ നിലയ്ക്കലിലെ പ്രധാനപ്രശ്നം. ഇതിനു പരിഹാരമായി നിർമാണം തുടങ്ങിയ ശുദ്ധജല പദ്ധതി 9 വർഷമായിട്ടും ഇഴയുകയാണ്. പ്രതിദിനം ഒന്നരലക്ഷം തീർഥാടകർ നിലയ്ക്കലിൽ എത്തുന്നുണ്ട്. പരമാവധി 25,000 പേർക്കുള്ള വെള്ളം ടാങ്കർ ലോറിയിൽ എത്തിച്ചു വിതരണം നടത്തുന്നുണ്ടെങ്കിലും തികയാത്ത സാഹചര്യമാണ്. ഭക്ഷണശാലകളിലെ ചൂഷണം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഭക്ഷണവില പുതുക്കി നിശ്ചയിക്കുകയും പരിശോധനയ്ക്കുള്ള സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നിരന്തരശ്രദ്ധയിലൂടെ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

അധികം കാത്തുനിൽപില്ലാതെ പതിനെട്ടാംപടി കയറാൻ അവസരം കിട്ടണമെന്നും സുഗമദർശനം സാധ്യമാകണമെന്നുമുള്ള പ്രാർഥനയാണ് തീർഥാടകർക്കുള്ളതെന്നു തിരിച്ചറിഞ്ഞ്, അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനുള്ള സൂക്ഷ്മശ്രദ്ധയാണ് വരുംദിവസങ്ങളിൽ വേണ്ടത്.

English Summary:

Care should be taken to ensure that there are no lapses in providing necessary facilities to the pilgrims arriving at Sabarimala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com