1000 ദിനം പിന്നിട്ട് റഷ്യ – യുക്രെയ്ൻ യുദ്ധം
Mail This Article
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം 1000 ദിവസം പിന്നിട്ടു. ഇരുരാജ്യങ്ങളിലുമായി ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലായെങ്കിലും കൂടുതൽ കെടുതികൾ യുക്രെയ്ൻ ഭാഗത്ത്.
യുക്രെയ്നിന്റെ നഷ്ടങ്ങൾ
മരണനിരക്ക് വർധിച്ചു; ജനനനിരക്ക് മൂന്നിലൊന്നായി.
∙യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്ത യുക്രെയ്ൻ പൗരൻമാർ: 60 ലക്ഷം. യുദ്ധത്തിനു മുൻപ് 4 കോടിയായിരുന്ന ജനസംഖ്യ പലായനങ്ങളും റഷ്യൻ പിടിച്ചെടുക്കലുകളും കാരണം 3 കോടിയിൽ താഴെയായി.
യുക്രെയ്നിൽ കൊല്ലപ്പെട്ട ജനങ്ങൾ: 11,743 (589 കുട്ടികളടക്കം)
പരുക്കേറ്റവർ: 24,614 (യുഎൻ കണക്കുപ്രകാരം)
യഥാർഥസംഖ്യ ഇതിലേറെയെന്നാണ് കരുതപ്പെടുന്നത്. യുദ്ധത്തിൽ യുക്രെയ്ൻ പക്ഷത്ത് 80,000 പേർ കൊല്ലപ്പെടുകയും നാലു ലക്ഷത്തിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
∙സാമ്പത്തികരംഗം താറുമാറായി. 2023 ഡിസംബറിലെ സ്ഥിതിപ്രകാരം യുദ്ധക്കെടുതി മൂലം രാജ്യത്തിന്റെ നഷ്ടം 13 ലക്ഷം കോടിയിലേറെ രൂപയാണ്. അടിസ്ഥാന മേഖലകളെല്ലാം തകർന്നടിഞ്ഞു. ഇവയുടെ പുനരുജ്ജീവനത്തിനും പുനർനിർമാണത്തിനുമായി 42 ലക്ഷം കോടി രൂപ വേണ്ടിവരും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിരട്ടി വരുമിത്.
റഷ്യയുടെ നഷ്ടങ്ങൾ (ബിബിസി കണക്ക്)
∙ യുദ്ധഭൂമിയിൽ റഷ്യയ്ക്കു നഷ്ടമായത് 70,000ൽ ഏറെ പൗരരെ. ഇതിൽ നല്ലൊരു ശതമാനവും യുദ്ധം തുടങ്ങിയശേഷം പട്ടാളത്തിൽ ചേർന്ന സാധാരണക്കാർ.
∙ അറുപതു വയസ്സു കഴിഞ്ഞവരെപ്പോലും അടിയന്തര സൈനിക റിക്രൂട്മെന്റിലൂടെ സേനയുടെ ഭാഗമാക്കി. തടവുകാർക്കു ശിക്ഷയിളവ് വാഗ്ദാനം ചെയ്തും സൈന്യത്തിൽ ചേർത്തു
∙ റഷ്യൻ സൈന്യത്തിൽ കൊല്ലപ്പെട്ടവരിൽ 13,781 പേർ (20%) വൊളന്റിയർമാരാണ്. മറ്റൊരു 19% തടവുകാരും. യഥാർഥ കണക്ക് ഇതിനും മുകളിലാകാം. (റഷ്യ ഒൗദ്യോഗികമായി കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല)