ശരീരാധിക്ഷേപവും ഗാർഹികപീഡനം
Mail This Article
ക്രൂരതയുടെയും അപമാനങ്ങളുടെയും തുടരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത് ഈ നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകൾക്കു ഭർതൃവീട്ടിൽ ശരീരാധിക്ഷേപം ഉണ്ടായാൽ (ബോഡി ഷെയ്മിങ്) അതു ഗാർഹിക പീഡനമാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയപ്പോൾ ഇത്രയും കാലം പലരും നിശ്ശബ്ദം സഹിച്ച കൊടിയ അപമാനത്തിനുള്ള കർശനമായ മറുപടി കൂടിയായി അത്.
ഗാർഹികപീഡനക്കേസിൽ കൂത്തുപറമ്പ് പൊലീസിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മൂന്നാം പ്രതിയായ ഭർതൃസഹോദര ഭാര്യ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. യുവതിക്കു ‘ബോഡി ഷെയ്പ്’ ഇല്ലെന്നും യുവാവിനു യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും മറ്റും പറഞ്ഞ് ഹർജിക്കാരി അധിക്ഷേപിച്ചെന്നാണ് ആരോപണം. അധിക്ഷേപം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി. ഭർത്താവും ഭർതൃപിതാവുമാണ് ഒന്നും രണ്ടും പ്രതികൾ.
ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗാർഹിക പീഡനമാകുമോ, ഭർതൃസഹോദര ഭാര്യ ഗാർഹിക പീഡനനിയമത്തിന്റെ പരിധിയിൽ വരുമോ എന്നീ നിയമപ്രശ്നങ്ങളാണു കോടതി പരിശോധിച്ചത്. ഭർത്താവ്, മക്കൾ, ഭർതൃബന്ധുക്കളായ മാതാപിതാക്കൾ, സഹോദരങ്ങൾ, അനന്തരവൻ, അനന്തരവൾ, ചെറുമക്കൾ തുടങ്ങി ഒപ്പം താമസിക്കുന്ന ഭർതൃസഹോദരങ്ങളുടെ ജീവിതപങ്കാളികൾ വരെ ഇന്ത്യൻ ശിക്ഷാനിയമം ബാധകമായ ‘ബന്ധു’ ആകുമെന്നു കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഭർതൃവീട്ടിൽ ശരീരാധിക്ഷേപം സഹിച്ചു കൊണ്ടിരിക്കുന്നവർക്ക് അതിനെതിരെ ശബ്ദമുയർത്താനും നിയമനടപടികളിലേക്കു നീങ്ങാനും ആത്മവിശ്വാസം നൽകുന്നതാണ് ഈ ഉത്തരവ്. പുതിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളിൽ 32% പേരും പല തരത്തിലുള്ള ഗാർഹികപീഡനം നേരിടുന്നുണ്ട്. അതിലേറെയും സ്ത്രീധനവുമായി ബന്ധപ്പെട്ടതുതന്നെ. അവരിൽ 87% പേരും ദുരിതം പുറത്തുപറയാനോ നിയമസഹായം തേടാനോ തയാറാകുന്നില്ലെന്നാണു സർവേയിലെ കണ്ടെത്തൽ.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വർധനയുണ്ടാകുന്നതും സ്ത്രീകൾക്കുനേരെ പലതരത്തിലുമുള്ള ഗാർഹിക പീഡനങ്ങൾ ഇപ്പോഴും നടമാടുന്നതും നമ്മുടെ സംസ്കാരത്തെയും സമത്വസങ്കൽപങ്ങളെയും ലജ്ജിപ്പിക്കുന്നു. 2022ൽ വിവിധയിടങ്ങളിലുണ്ടായ കുറ്റകൃത്യങ്ങളുടെ കണക്ക് ഉൾപ്പെടുത്തി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കഴിഞ്ഞവർഷം പുറത്തിറക്കിയ റിപ്പോർട്ടുപ്രകാരം രാജ്യത്ത് മണിക്കൂറിൽ ശരാശരി 51 അതിക്രമങ്ങളാണ് സ്ത്രീകൾക്കുനേരെ ഉണ്ടാകുന്നത്; കേരളത്തിൽ രണ്ട്. രാജ്യത്ത് സ്ത്രീകൾക്കുനേരെ ഒരു മണിക്കൂറിലുണ്ടാകുന്ന അതിക്രമങ്ങളിൽ 31.4% ഗാർഹിക പീഡനങ്ങളാണ്.
സ്ത്രീശാക്‌തീകരണത്തിന്റെ യുഗമാണിതെന്നാണു നാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. സ്ത്രീ ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലെന്നതും വാസ്തവം. പക്ഷേ, വിവാഹവേളയിലെ സ്ത്രീയുടെ മൂല്യം അവൾ കൊണ്ടുചെല്ലുന്ന പണത്തെയും ആഭരണത്തെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഏറെപ്പേർ ഇന്നും നമുക്കിടയിലുണ്ടെന്നതു നിർഭാഗ്യകരമാണ്. അതിനൊപ്പമാണ് ശരീരാധിക്ഷേപങ്ങൾ. സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം ഇപ്പോഴും കേരളത്തിൽ പലയിടത്തും തെളിഞ്ഞും മറഞ്ഞും നിലനിൽക്കുന്നുവെന്നതു നാം ഇതിനകം ആർജിച്ച പരിഷ്കൃത ആശയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. സ്ത്രീധനം നൽകാത്തതും കുറഞ്ഞുപോയെന്ന പരാതിയുമൊക്കെ പീഡനത്തിനുള്ള കാരണമായി ഇവിടെ മാറാറുണ്ട്. പൊള്ളലേൽപിച്ചും പാമ്പിനെക്കൊണ്ടു കടിപ്പിച്ചും മറ്റുമുള്ള ക്രൂരതകൾക്കു ഭർതൃഗൃഹത്തിൽ പലസ്ത്രീകളും ഇരയാകുകയും ചെയ്യുന്നു.
സ്ത്രീകൾക്ക് അർഹമായ ആദരം നൽകുന്നതിൽ സാക്ഷരകേരളമെടുക്കേണ്ട ശക്തമായ നിലപാട് ഓർമിപ്പിക്കുക കൂടിയാണ് ഇപ്പോഴുണ്ടായ ഹൈക്കോടതി ഉത്തരവ്. സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന അവരുടെ സ്വാതന്ത്ര്യത്തിനു വിലങ്ങുവയ്ക്കുന്ന ആണധികാര സാമൂഹിക മനഃസ്ഥിതിയെ അംഗീകരിക്കാൻ പ്രയാസമാണെന്നു ഹൈക്കോടതി രണ്ടു വർഷംമുൻപ് വിമർശിച്ചത് ഇതോടൊപ്പം ഓർമിക്കുകയും ചെയ്യാം.
നീതിപീഠത്തിന്റെ ചേർത്തുനിർത്തലിനോടൊപ്പം, സ്ത്രീകൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിലും നീതി ലഭ്യമാക്കുന്നതിലും സർക്കാരിന്റെ ഭാഗത്തുനിന്നുകൂടി ആത്മാർഥതയും നിർവഹണശേഷിയും പ്രകടമാകേണ്ടതുണ്ട്.