അനീതിയുടെ ഉരുൾപൊട്ടൽ
Mail This Article
ജീവൻ മാത്രം അവശേഷിച്ചവരായി മഹാദുരന്തത്തിൽനിന്നു പുറത്തുകടന്നവർക്കു പ്രതീക്ഷ നൽകുന്ന വാർത്തകളൊന്നുമല്ല ഏറ്റവും പുതുതായി നാം കേൾക്കുന്നത്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുകയോ പുനരധിവാസത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയോ ചെയ്യാതെ കേന്ദ്രസർക്കാർ കയ്യൊഴിയുന്നതിന്റെ പ്രതിഷേധക്കനൽ ഇപ്പോഴും നീറിനീറി നിൽക്കുകയാണ്. അതിനിടയിലാണ് ദുരന്തബാധിതരിലെ ബഹുഭൂരിപക്ഷം പേരെയും പുറത്താക്കി പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതിയുടെ പ്രാഥമിക പട്ടിക പുറത്തുവന്നിട്ടുള്ളത്.
ഉരുൾപൊട്ടലിൽ 1043 വീടുകൾ തകർന്നെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ടൗൺഷിപ് പദ്ധതിയിലേക്കു ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് മേപ്പാടി പഞ്ചായത്ത് തയാറാക്കിയ ആദ്യഘട്ടപട്ടികയിൽ 346 കുടുംബങ്ങൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ദുരന്തമുണ്ടായി ഒരുമാസത്തിനുള്ളിൽത്തന്നെ 983 കുടുംബങ്ങളെ വാടകവീടുകളിലേക്കു മാറ്റി വിജയകരമായി താൽക്കാലികപുനരധിവാസം പൂർത്തിയാക്കിയെന്നു സംസ്ഥാന സർക്കാർതന്നെ അറിയിച്ചതാണ്. എന്നാൽ, ആ കുടുംബങ്ങളിലേറെയും പട്ടികയ്ക്കു പുറത്തായി എന്നത് ഒരുതരത്തിലും നീതീകരിക്കാനാവില്ല. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു പട്ടിക തയാറാക്കിയതെന്നും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്നും പഞ്ചായത്തു ഭരണസമിതിയും ആരോപിക്കുന്നു. ഒരു മാസം മുൻപേ പഞ്ചായത്തിനെ ഏൽപിച്ച ഉത്തരവാദിത്തം കുറ്റമറ്റ രീതിയിലും സമയബന്ധിതമായും പൂർത്തിയാക്കുന്നതിൽ പഞ്ചായത്താണു വീഴ്ച വരുത്തിയതെന്നു റവന്യു വകുപ്പും പറയുന്നു.
ആദ്യഘട്ടത്തിൽ മാതൃകാപരമായി ദുരന്തനിവാരണവും സമയബന്ധിതമായി താൽക്കാലിക പുനരധിവാസവും ധനസഹായവിതരണവും പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിന്റെ പിന്നീടുള്ള ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് ഇങ്ങനെയൊരു പാളിച്ച. ആദ്യഘട്ട പട്ടികയാണു പുറത്തുവന്നതെന്നും പരാതികൾകേട്ട് അനർഹരെ ഒഴിവാക്കിയും എല്ലാ ദുരന്തബാധിതരെയും ഉൾപ്പെടുത്തിയും മാത്രമേ പട്ടിക അന്തിമമാക്കൂ എന്നും അധികൃതർ പറയുന്നു. അപ്പോഴും സ്ഥിരം പുനരധിവാസപദ്ധതി അനന്തമായി നീണ്ടുപോകുന്നുവെന്ന പ്രശ്നമുണ്ട്. ടൗൺഷിപ് പദ്ധതിക്കായി കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുക്കുന്നതിനെതിരെ ഭൂവുടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്റ്റേറ്റ് ഭൂമിയിൽ അവകാശമുന്നയിച്ച് വയനാട് കലക്ടറും ഹർജി നൽകി. കോടതി ഇടപെടലുണ്ടായതോടെ സ്ഥലമേറ്റെടുക്കലിന്റെ പ്രാഥമിക നടപടികൾപോലും മരവിച്ച അവസ്ഥയിലായിരിക്കുന്നു. ഒക്ടോബറിൽത്തന്നെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃപട്ടിക തയാറാക്കണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നതാണ്. എന്നാൽ, ഒരുമാസംകൂടി കഴിഞ്ഞാണ് ആദ്യഘട്ടപട്ടികപോലും തയാറായത്.
നിർമാണത്തിലിരിക്കെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ഒട്ടേറെ വീടുകൾ വീട്ടുനമ്പർ ഇല്ലെന്ന കാരണത്താൽ പട്ടികയിൽനിന്നു പുറത്തായി. പാടികളിൽ താമസിച്ചിരുന്നവരും ദുരന്തസാധ്യതാമേഖലയായതിനാൽ വീടുകൾ വാസയോഗ്യമല്ലാതായവരും പട്ടികയിൽ ഇടംനേടിയിട്ടില്ല. ദുരന്തബാധിതരിൽ ഒട്ടേറെപ്പേർക്കു വീടുവച്ചു നൽകാൻ സന്നദ്ധസംഘടനകൾ മുന്നോട്ടുവന്നിട്ടുണ്ട്. ചില സംഘടനകൾ താക്കോൽദാനം വരെ നടത്തി. എന്നാൽ, സന്നദ്ധസംഘടനകളെയെല്ലാം വിളിച്ചുചേർത്ത് യോഗം ചേർന്നു പദ്ധതിക്ക് ഐകരൂപ്യം ഉണ്ടാക്കാൻപോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ദുരന്തനിവാരണപ്രവർത്തനങ്ങൾക്കു ബാധകമാകില്ലെന്ന പ്രഖ്യാപനം ഇക്കാര്യത്തിൽ വെറുതേയായി.
നിലവിൽ താൽക്കാലിക പുനരധിവാസത്തിലുള്ളവരെയെല്ലാം ടൗൺഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തുകയെന്നതാണു നീതി. ദുരന്തബാധിതമേഖലയിൽ സുരക്ഷിതസ്ഥാനങ്ങളിലല്ലാത്ത വീടുകൾ ഏതെന്നു നിശ്ചയിക്കാൻ കൃത്യമായ മാനദണ്ഡം തയാറാക്കണമെന്ന ആവശ്യമാണുയരുന്നത്. ഉരുൾജലം ഒഴുകിയെത്തിയതിന് 30 മീറ്റർ അകലെയുള്ള പ്രദേശങ്ങൾ വരെ വാസയോഗ്യമാണെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനു തെളിവാണെന്നു നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണു പുറത്തുവന്ന ആദ്യഘട്ടപട്ടിക. എത്രയും വേഗം സർക്കാർ ഇടപെട്ട് എല്ലാ ദുരന്തബാധിതരെയും ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും വേണം.