ADVERTISEMENT

മഹാരാഷ്ട്രയിൽ മഹായുതി എന്ന എൻഡിഎ മുന്നണി നേടിയ ഏകപക്ഷീയ വിജയം കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തിനു നൽകുന്നത് കനത്ത തോൽവിയിൽ തെളിയുന്ന വലിയപാഠമാണ്. അതിനിടയിലും ഇന്ത്യാസഖ്യത്തിനു നിവർന്നുനിൽക്കാനുള്ള ബലം ജാർഖണ്ഡ് സമ്മാനിക്കുകയും ചെയ്തു. കേരളത്തിലെ ഉപതിരഞ്ഞടുപ്പുകളിലാവട്ടെ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കുമുള്ള കൃത്യമായ പാഠങ്ങളുമുണ്ട്; തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപുള്ള നിർണായക രാഷ്ട്രീയ ബലപരീക്ഷകളാണ് പാലക്കാട്ടും ചേലക്കരയിലും നടന്നതെന്നതിനാൽ, വിശേഷിച്ചും.

വിവാദങ്ങളേറെ കളത്തിലിറങ്ങിക്കളിച്ചിട്ടും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ നേടിയ വിജയം കോൺഗ്രസിനും യുഡിഎഫിനും നൽകുന്ന ആത്മവിശ്വാസവും ആത്മവീര്യവും വലുതാണ്. ചേലക്കരയിൽ യു.ആർ.പ്രദീപ് നേടിയ വിജയം സംസ്ഥാനത്തു ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ അവിടെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞതിനു മറിച്ചെ‍ാരർഥമാണുള്ളതെന്ന് യുഡിഎഫ് എടുത്തുകാട്ടുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി നാലു ലക്ഷത്തിലേറെ വോട്ടുകൾ നേടി കൈവരിച്ച വൻവിജയമാകട്ടെ, എതിർസ്ഥാനാർഥികളെ നിഷ്പ്രഭമാക്കുന്നതായി.

നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ രാജ്യത്തു മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ആറുമാസം മുൻപു ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പാഠങ്ങൾ ഉൾക്കൊണ്ടു നടത്തിയ ഗൃഹപാഠം ബിജെപിക്കും എൻഡിഎയ്ക്കും ഗുണം ചെയ്തെന്നാണ് ഇപ്പോഴത്തെ ഫലം തെളിയിക്കുന്നത്. അതിനൊത്തു പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങളുടെ അഭാവവും ദുർബലമായ സംഘടനാസംവിധാനവും കോൺഗ്രസും ശിവസേനയും (ഉദ്ധവ് താക്കറെ) എൻസിപിയും (ശരദ് പവാർ) തമ്മിലുള്ള ഏകോപനക്കുറവും മഹാവികാസ് അഘാഡിയുടെ പരാജയകാരണങ്ങളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 48ൽ 30 സീറ്റുകളിലും വിജയിച്ച സഖ്യം അന്നു നൂറ്റിയൻപതിലേറെ നിയമസഭാ സീറ്റുകളിൽ ലീഡ് നേടിയിരുന്നു. അതിന്റെ മൂന്നിലൊന്നു സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നത് മഹാവികാസ് അഘാഡിക്ക് ഏറെ പാഠങ്ങൾ നൽകുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേനാ പക്ഷത്തിന്റെയും ശരദ് പവാറിന്റെ എൻസിപി പക്ഷത്തിന്റെയും ഭാവികൂടി ചോദ്യചിഹ്നമാക്കുന്ന ഫലമാണിത്. 

സ്ഥിരവരുമാനമില്ലാത്ത സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ നൽകുന്ന ‘ലാഡ്കി ബഹിൻ’ പോലെ മഹായുതി സർക്കാർ കൊണ്ടുവന്ന പദ്ധതികൾക്കു ബദലായി തങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതികൾ വോട്ടർമാരിലെത്തിയില്ലെന്നതു മഹാവികാസ് അഘാഡി ഗൗരവത്തിലെടുക്കേണ്ടതുണ്ട്. സംസ്ഥാനത്തു കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കാനിറങ്ങിയതും പ്രചാരണത്തിലെ ഏകോപനമില്ലായ്മയ്ക്ക് ആക്കം കൂട്ടി.

ജാർഖണ്ഡിൽ ഇന്ത്യാസഖ്യം ഭരണം നിലനിർത്തിയതിന്റെ ക്രെഡിറ്റ് മുഖ്യഘടകകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കു (ജെഎംഎം) തന്നെയാണ്. ജയിൽവാസം വരെ നീണ്ട രാഷ്ട്രീയ വേട്ടയാടലിനൊടുവിലുള്ള ഈ ജനവിധി മുഖ്യമന്ത്രി ഹേമന്ത് സോറനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കാര്യമായ ഭരണവിരുദ്ധവികാരമില്ലാത്തതും സ്ത്രീകൾക്കു പ്രതിമാസം 2500 രൂപ നൽകാനുള്ള ‘മയ്യ യോജന’ പദ്ധതിയും ആദിവാസി മേഖലകളിൽ കാര്യമായ വെല്ലുവിളികളില്ലാത്തതും ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയുമെ‍ാക്കെ ഇന്ത്യാസഖ്യത്തിനു തുണയായെന്നുവേണം വിചാരിക്കാൻ. ബംഗ്ലദേശിൽനിന്നു നുഴഞ്ഞുകയറ്റമെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രചാരണം ജനം ചെവിക്കൊണ്ടില്ലെന്നും ഫലം വ്യക്തമാക്കുന്നു. ജാർഖണ്ഡ് ആരു ഭരിക്കണമെന്ന് ഇത്തവണയും തീരുമാനിച്ചത് ആദിവാസി വോട്ടുകളാണ്. ആ മേഖല ജെഎംഎമ്മിന് ഒപ്പം നിന്നപ്പോൾ ഭരണത്തിലേക്കുള്ള വഴിതെളിഞ്ഞു. 

കേരളത്തിൽ സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെല്ലാം മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷം ഉയർത്തിവന്ന കോൺഗ്രസ് പാലക്കാട് നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും അതു യാഥാർഥ്യമാക്കിയത് എടുത്തുപറയണം. ചേലക്കരയിലാവട്ടെ മുൻതിരഞ്ഞെടുപ്പിൽ സിപിഎം നേടിയ ഭൂരിപക്ഷം ഇത്തവണ മൂന്നിലൊന്നായി കുറയുകയും ചെയ്തു. ഗ്രൂപ്പുകളികൾ ഇല്ലാതെ, മികച്ച സ്ഥാനാർഥിയെ കണ്ടെത്തി, കൈകോർത്തു മുന്നോട്ടുനീങ്ങിയാൽ വിജയം സുഗമമെന്ന ലളിതമായ രാഷ്ട്രീയപാഠം പാലക്കാട്ടെ വിജയം കോൺഗ്രസിനു നൽകുന്നു.

ഷാഫി പറമ്പിലിനും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ ഡോ. പി.സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ യുഡിഎഫിനെ ഞെട്ടിക്കാനാണ് സിപിഎം ലക്ഷ്യമിട്ടതെങ്കിലും അത് ഏശാതെപോയി. പാതിരാ റെയ്ഡ് നാടകം, നീല ട്രോളി ബാഗ്, ഇ.പി.ജയരാജന്റെ ആത്മകഥ, ഇരട്ടവോട്ട്– വ്യാജവോട്ട് ആരോപണം, സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശം... ഓരോ ദിവസവും പുതിയ വിവാദവിഷയങ്ങൾ ചർച്ചയിലേക്കു വന്നെങ്കിലും അതെല്ലാം രാഹുലിന്റെ ഭൂരിപക്ഷം കൂട്ടാനാണ് ഉപകരിച്ചതെന്നുവേണം കരുതാൻ. ഇ.ശ്രീധരൻ 2021ൽ നടത്തിയ വലിയ മുന്നേറ്റം ഇക്കുറി വിജയമാക്കാമെന്ന പ്രതീക്ഷയിലാണ് സി.കൃഷ്ണകുമാറിനെ ബിജെപി മത്സരത്തിനിറക്കിയതെങ്കിലും ശ്രീധരൻ നേടിയ വോട്ടുകളിൽ വലിയെ‍ാരു വിഹിതം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനാണെന്നു വ്യക്തമായി.

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകൾ അതതു മുന്നണികൾ നിലനിർത്തുകയാണു ചെയ്തതെങ്കിൽ, മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി മേൽക്കൈ നേടുന്ന കാഴ്ചയാണു കണ്ടത്. മികച്ച ഭരണമോ വികസന കാഴ്ചപ്പാടോ മുന്നോട്ടുവയ്ക്കാതെ, ഒരു പാർട്ടിയുടെ പേരോ ചിഹ്നമോ മാത്രംകെ‍ാണ്ടു ജയിക്കാമെന്നതു വ്യാമോഹമാണെന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പുകളും ജനാധിപത്യഭാരതത്തെ ഓർമിപ്പിക്കുന്നു.

English Summary:

Election Results: Key Lessons from Victory and Defeat for All Parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com