ADVERTISEMENT

പാലക്കാട്ട് ഈ രാഹുൽ (മാങ്കൂട്ടത്തിൽ) തോറ്റാൽ ഡൽഹിയിൽ സാക്ഷാൽ രാഹുൽ (ഗാന്ധി) ആണ് ഫലത്തിൽ തോൽക്കുന്നത് എന്നോർക്കുമ്പോൾ കോൺഗ്രസുകാരനായ എനിക്കു സഹിക്കാൻ കഴിയുന്നില്ല’’ എന്നാണ് മാങ്കൂട്ടത്തിൽ സ്‌ഥാനാർഥിയായി എന്നു വെളിവുവന്നപ്പോൾ ഡോ. പി.സരിൻ പരിതപിച്ചത്. പിന്നാലെ ഹൈക്കമാൻഡിന് അപകടസാധ്യത കാണിച്ച് കത്തും കൊടുത്തു. എന്നിട്ടും ആരും മൈൻഡ് ചെയ്ത‌ില്ല. കൊള്ളാവുന്നവർ ആരെങ്കിലും എതിരായി മത്സരിച്ച് രാഹുലിനെ തോൽപിച്ചാലോ എന്നായി അതോടെ ഉൾഭയം. രണ്ടാമതൊന്നാലോചിക്കാതെ കൂടും കുടുക്കയുമെടുത്ത് സിപിഎമ്മിൽ ചെന്നുകയറി. രാഹുൽമാരുടെ വിജയം ഉറപ്പിക്കാൻ താൻതന്നെ അവിടെ വേണം എന്നു തിരിച്ചറിഞ്ഞതാണ്. ആ ആത്മാർഥത കോൺഗ്രസുകാർ മനസ്സിലാക്കാത്തതിലേയുള്ളൂ നിരാശ.  

രാഹുൽമാരെ രക്ഷിക്കാനുള്ള സരിന്റെ അശ്രാന്ത പരിശ്രമം കോൺഗ്രസുകാരല്ലാത്തവർ തിരിച്ചറിഞ്ഞെങ്കിലും ‘എനിക്ക് എഴുപതിനായിരം വോട്ടു കിട്ടുമെന്ന്’ കക്ഷി പറഞ്ഞതോടെ പെരുമാറ്റത്തിൽ പന്തികേട് ചിലരൊക്കെ സംശയിച്ചുതുടങ്ങിയിരുന്നു. സ്‌റ്റെതസ്‌കോപ് ഇല്ലാതെതന്നെ ജനത്തിന്റെ ഹൃദയമിടിപ്പു തിരിച്ചറിയുന്ന വൈദഗ്ധ്യം ഒറ്റപ്പാലത്തു സ്‌ഥാനാർഥിയായപ്പോൾ ഡോക്‌ടർ തെളിയിച്ചതാണ്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് പുല്ലുപോലെ കീഴടക്കിയ ചരിത്രം വേറെ. വോട്ടിന്റെ കാര്യം കേട്ടതോടെയാണു മിടുക്ക് കണക്കിലും ബോധ്യമായത്. വൈദ്യശാസ്ത്രത്തിലും ഓഡിറ്റിലും രാഷ്ട്രീയത്തിലും കഴിവു തെളിയിച്ച സ്‌ഥിതിക്ക് അടുത്തതായി ഏതിലാണു കക്ഷി കൈവയ്ക്കുക എന്ന് ആരാധകർക്കു ചെറിയൊരു അങ്കലാപ്പ് തോന്നിയാൽ അദ്ഭുതപ്പെടാനില്ല.

രാഹുലിനെ ചരിത്രം കുറിച്ച ഭൂരിപക്ഷത്തിൽ ജയിപ്പിക്കാൻ സിപിഎമ്മിലേക്കുള്ള സരിന്റെ എടുത്തുചാട്ടം വഹിച്ച പങ്ക് കാണാത്തവരാണ് ഏറെയും. വാസ്തവത്തിൽ ബിജെപിയിൽനിന്നു കോൺഗ്രസിലേക്കു വന്ന സന്ദീപ് വാരിയരോളം തന്നെ വില സരിനും കൊടുക്കേണ്ടതാണ്. സമൂഹമാധ്യമത്തിൽ പുലികളായിരുന്നു രണ്ടുപേരും. കോൺഗ്രസിനെതിരെയായിരുന്നു സന്ദീപിന്റെ പയറ്റുമുഴുവൻ. പിണറായിയായിരുന്നു സരിന്റെ ഇര. ഇരുവരും തങ്ങളുടെ അക്കൗണ്ടിലെ പഴയ ഉള്ളടക്കം മാറ്റാനൊന്നും മെനക്കെട്ടിട്ടില്ല.

പഴയ ഓഹരികൾ വിറ്റഴിച്ചിട്ടുവേണം പുതിയ നിക്ഷേപം നടത്താനെന്നു നിയമമൊന്നുമില്ല. ഏതു ഷെയറിന് എപ്പോഴാണ് വില കയറുകയെന്ന് ആർക്കറിയാം?

ജട്ടി മുറുകിയാലുള്ള ‘ഷഡ്ഗവ്യം’

ജട്ടി മാത്രം ധരിച്ച് ഓപ്പറേഷൻ വിജയിപ്പിച്ച പല കള്ളന്മാരുടെയും കഥയും ചിത്രവും കാണാനും കേൾക്കാനും മലയാളിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. ജട്ടി മാത്രം ധരിച്ചു മുന്നിൽപ്പെട്ടതുകൊണ്ടു കുരുക്കിലായ നിർഭാഗ്യവാന്മാരുമുണ്ട്. എന്നാലും പ്രതിയുടെ ജട്ടി മൂലം അഭിഭാഷകൻ കുരുങ്ങിയ ചരിത്രം കേട്ടുകേൾവിയില്ല. അതു തിരുത്താനാണ് മുൻമന്ത്രിയും നിലവിൽ എംഎൽഎയും എല്ലാക്കാലത്തും അഡ്വക്കറ്റുമായ ആന്റണി രാജുവിന്റെ നിയോഗം. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നത് ഇങ്ങനെയൊക്കെയാവാം.

ഓസ്ട്രേലിയൻ സായ്പ് ആൻഡ്രൂസ് സെൽവത്തോർ സെർവലിക്കു മുപ്പത്തിനാലു കൊല്ലം മുൻപു കേരളത്തിലേക്കുള്ള വിമാനയാത്രയിൽ ഹഷീഷ് ഒളിച്ചുകടത്താൻ സ്വന്തം ജട്ടിയാണ് സുരക്ഷിതമേഖല എന്നു തോന്നിയതിൽ തുടങ്ങിയ ഗുലുമാലാണ്. നാട്ടിൽ കംഗാരുക്കുഞ്ഞിനെ സുരക്ഷിതമായി കൊണ്ടുനടക്കുന്ന ‘മോഡസ് ഓപ്പറാൻഡി’ സായ്പിന്റെ ഐഡിയയെ സ്വാധീനിച്ചിട്ടുണ്ടാവാം. എന്തായാലും തിരുവനന്തപുരത്തു കക്ഷി പിടിയിലായി. പത്തു കൊല്ലം ജയിൽശിക്ഷയും കിട്ടി. പക്ഷേ, അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ കഥ മാറി. ആജാനുബാഹുവിന്റെ അടിവസ്ത്രം അശുവിനുപോലും പാകമല്ലാത്ത മട്ടിൽ ചുരുങ്ങി. വലിച്ചാൽ നീളുന്നതും വിട്ടാൽ ചുരുങ്ങുന്നതുമായ അടിവസ്ത്രത്തിന് ഒരേ വലുപ്പമേ എല്ലാക്കാലത്തും പാടുള്ളൂ എന്നു ശഠിക്കുന്നതും നീതികേടാണ്. എന്തായാലും ഹഷീഷ് പോയിട്ട് ബീഡിക്കുറ്റിപോലും ഒളിപ്പിച്ചുകടത്താൻ പറ്റാത്ത സാധനമാണെന്നു കണ്ടതോടെ കോടതി കേസ് തള്ളി. സായ്പ് തുള്ളിച്ചാടി നാട്ടിലേക്കു മടങ്ങി. പക്ഷേ, അന്വേഷണ ഉദ്യോഗസ്‌ഥൻ വിടാതെ കേസിന്റെ പിന്നാലെ കൂടി. സായ്പിന്റെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിൽനിന്നു ജട്ടി ഏറ്റുവാങ്ങി വെട്ടിച്ചെറുതാക്കി തിരികെനൽകി എന്നായി വീണ്ടും കേസ്. കോടതികൾ കേസ് മാറ്റിവച്ചതിന്റെ കണക്കു നോക്കിയാൽ ‘ലാവ്‍ലിനും’ ‘ജട്ടി’യും തമ്മിലായി പിന്നീട് പോരാട്ടം. അതിലാണിപ്പോൾ ഒരു മാസത്തിനുള്ളിൽ കോടതിയിൽ ഹാജരായി ക്രിമിനൽ നടപടി നേരിടാൻ ആന്റണി രാജുവിനോടു സുപ്രീം കോടതിയുടെ ഉത്തരവ്.

‘കടുംനീല ബനിയൻ തുണിയിൽ തുന്നിയ മുഷിഞ്ഞ ജട്ടി’ എന്നാണ് കോടതിരേഖയിൽ തൊണ്ടിയുടെ രേഖാചിത്രം. ശരാശരി മലയാളിക്കു ജട്ടിയെക്കാൾ പറയാനും ധരിക്കാനും ഇഷ്ടം ഷഡ്‌ഡിയാണ്. പക്ഷേ, ഷഡ്‌ഡി നിഘണ്ടുവിലെങ്ങുമില്ല. പക്ഷേ, ഷഡ്‌ഗവ്യം എന്നൊരു വാക്കുണ്ട്. ദുസ്സാമർഥ്യം എന്നാണ് അർഥം. ചില വാക്കുകൾ അന്വർഥമാവുന്നത് ഇങ്ങനെയൊക്കെയാകാം.

കറക്കം നിൽക്കാതെ കൊടച്ചക്രം

കുടയുമായി ബന്ധമില്ലാത്തൊരു കൊടച്ചക്രമുണ്ട്. തറച്ചക്രമെന്നു ചിലയിടത്തു പറയും. ഉത്സവകാലത്തു പടക്കത്തിനു കുട്ടികൾ വാശിപിടിക്കുമ്പോൾ അപകടമില്ലാത്ത സാധനമെന്ന തോന്നലിൽ ആ കൊടച്ചക്രം വാങ്ങാൻ സമ്മതിക്കുന്ന മാതാപിതാക്കൾ മന്ത്രി സജി ചെറിയാന്റെ മുന്നിലെങ്ങും ചെന്നു പെടാതിരുന്നാൽ കൊള്ളാം. കൊടച്ചക്രം ഗുണ്ടിനെക്കാൾ മാരകശേഷിയുള്ളതാണെന്നു തിരിച്ചറിഞ്ഞ ജീവിക്കുന്ന രക്ത‌സാക്ഷിയാണ് കക്ഷി. പത്തനംതിട്ട മല്ലപ്പള്ളിയിലെ ഭരണഘടനാപ്രസംഗത്തിൽ ‘കുന്തവും കൊടച്ചക്രവും’ കയറിപ്പോയതു തൊട്ടു തുടങ്ങിയ ഏനക്കേടാണ്. ഒരുവട്ടം സംഗതി കേസായി രാജിവച്ചതാണ്. എല്ലാം കത്തിത്തീർന്നെന്നു കരുതി മന്ത്രിക്കസേരയിൽ കാലുനീട്ടി രണ്ടാമതും ഇരുന്നൊന്നു ശ്വാസമെടുക്കുമ്പോഴേക്കും കറങ്ങിക്കറങ്ങി വീണ്ടും കാലിനടിയിലേക്കു വരികയാണ് കുന്തം, സോറി കൊടച്ചക്രം. 

‘നിയമംവഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോടു നിർവ്യാജമായ കൂറും വിശ്വസ്‌തതയും പുലർത്തുമെന്ന്’ സത്യപ്രതിജ്ഞ ചെയ്താണ് സജി ചെറിയാനും മന്ത്രിയായത്. പക്ഷേ, പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചപ്പോൾ “മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നത് എന്ന് എല്ലാവരും പറയും. എന്നാൽ ഞാൻ പറയും ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരൻ പറഞ്ഞു തയാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. ഇതിന്റെ മുക്കിനും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നിങ്ങനെ എഴുതിവച്ചെന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഉദ്ദേശ്യം’’ എന്നാണ് കൂറ് എന്നു മാത്രം.

മന്ത്രി പറഞ്ഞതിൽ ഭരണഘടനയോട് എന്തെങ്കിലും ബഹുമാനക്കുറവുണ്ടെന്നു തിരിച്ചും മറിച്ചും പരിശോധിച്ച പൊലീസിനു തോന്നിയില്ല. കയ്യിൽ കിട്ടുന്നവരെ ‘ബഹുമാനിക്കുന്ന’ രീതി നോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം എന്നും കരുതിയിട്ടുണ്ടാവാം. ശുംഭന്മാർ എന്നു ജഡ്‌ജിമാരെ ബഹുമാനിച്ച സിപിഎം നേതാവ് എം.വി. ജയരാജനോടു വിദഗ്‌ധാഭിപ്രായം തേടിയിട്ടുമുണ്ടാവാം. എന്തായാലും പറഞ്ഞതൊന്നും കൊള്ളാവുന്ന സംഗതിയായി ഹൈക്കോടതിക്കു തോന്നിയിട്ടില്ല. അതാണിപ്പോൾ വീണ്ടും കുന്തമാകുന്നതും.

മന്ത്രി രാജിവയ്ക്കണമെന്നു വീണ്ടും ബഹളം തുടങ്ങിയിട്ടുണ്ട്. ഇതേ കേസിൽ ഒരുവട്ടം രാജിവച്ചതുകൊണ്ടാണ് സജിക്കും പാർട്ടിക്കും ഒരു മടി. ധാർമികത ഉയർത്തിപ്പിടിക്കാനാണ് അന്നു രാജിവച്ചത് എന്നാണ് സജി ചെറിയാൻ പറഞ്ഞത്. സംഗതിക്ക് ഇത്ര ഭാരമുണ്ടെന്നു തിരിച്ചറിയാഞ്ഞതുകൊണ്ടു പറ്റിയ അബദ്ധമാണ്. കുറച്ചുകാലം ഉയർത്തിപ്പിടിച്ചതോടെ ക്ഷീണിച്ചു. താഴത്തുവച്ച് ഒന്നു നടുനിവർത്തുമ്പോഴേക്കും വീണ്ടും തുടങ്ങുകയാണ് ബഹളം. എന്തൊരു കുന്തം!

സ്റ്റോപ് പ്രസ്

സന്ദീപ് വാരിയരെക്കുറിച്ചുള്ള പത്രപ്പരസ്യത്തിന് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്ന് സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ് എന്തോ ഉദ്ദേശിച്ചു എന്നതാണു പ്രധാനം.

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com