സേവന ലക്ഷ്യം മറന്ന് ഇപിഎഫ്ഒ
Mail This Article
രാജ്യത്തെ ഏഴേമുക്കാൽ ലക്ഷത്തിലേറെ സ്ഥാപനങ്ങളിൽനിന്നായി ഏഴരക്കോടിയിലേറെ ജീവനക്കാരുടെ സമ്പാദ്യവും 80 ലക്ഷത്തിലേറെപ്പേരുടെ പെൻഷനും കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അതു സ്ഥാപിതമായതിന്റെ ലക്ഷ്യം പോലും മറക്കുന്നത് അത്യന്തം നിർഭാഗ്യകരമാണ്. സർക്കാർ ജീവനക്കാരല്ലാത്ത സംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹികസുരക്ഷ ഉറപ്പാക്കാൻ രൂപീകരിക്കപ്പെട്ട ഇപിഎഫ്ഒ, തൊഴിലാളികൾക്കെതിരെ കോടതികൾക്കകത്തും പുറത്തും വീറോടെ പോരാടുന്ന കാഴ്ചയാണു നമുക്കു മുന്നിലുള്ളത്.
തൊഴിലാളികളുടെ സങ്കടങ്ങൾ കാണുന്നില്ലെന്നു മാത്രമല്ല, സമീപകാലത്തായി ഇപിഎഫ്ഒയുടെ നടപടികളിൽ ഒട്ടും സുതാര്യതയുമില്ലെന്നതാണു യാഥാർഥ്യം. അർഹരായവർക്കു ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിക്കണമെന്നു രാജ്യത്തെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ചു രണ്ടു വർഷമായിട്ടും അപേക്ഷകരിൽ ഒരു ശതമാനം പേർക്കുപോലും പെൻഷൻ അനുവദിക്കാൻ കഴിയാത്ത ഇപിഎഫ്ഒ ഇതു വൈകുന്നതിനുള്ള കാരണങ്ങളോ എപ്പോൾ നൽകാൻ കഴിയുമെന്ന സൂചനയോ പുറത്തുവിടുന്നില്ല.
ഉയർന്ന പെൻഷൻ കണക്കാക്കുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചതാണ് ഏറ്റവും ഒടുവിലായി ആശങ്കയോടെ രാജ്യം കേട്ടത്. ഇതു സംബന്ധിച്ച് ഭൂരിഭാഗം സ്ഥലങ്ങളിലും വാക്കാലുള്ള നിർദേശമാണു നൽകിയിരിക്കുന്നത്. ബെംഗളൂരു സോണൽ ഓഫിസ് തങ്ങൾക്കു കീഴിലുള്ള റീജനൽ ഓഫിസുകൾക്കയച്ച ഇ മെയിൽ സന്ദേശം മാത്രമാണ് ഔദ്യോഗികമായി ഇതിനു ലഭിച്ച സ്ഥിരീകരണം. ആ സന്ദേശത്തിലാകട്ടെ എന്തുകൊണ്ടു നടപടി നിർത്തിവയ്ക്കുന്നുവെന്നു വ്യക്തമാക്കിയിട്ടുമില്ല. കേന്ദ്ര ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.
ഇപ്പോൾത്തന്നെ ഏറെ വൈകിയ പെൻഷൻ ഇനിയും വൈകുമോ എന്ന ആശങ്ക ജീവിതസായാഹ്നത്തിലെത്തി നിൽക്കുന്ന പെൻഷൻകാരിലുണ്ടാക്കുന്ന മനഃപ്രയാസം അധികൃതർ ചിന്തിക്കുന്നതേയില്ല എന്നതു സങ്കടകരമാണ്. പെൻഷൻ അനുവദിക്കുന്നതു സാങ്കേതികത്വം പറഞ്ഞ് ഇനിയും വൈകിക്കൂടാ. കാരണം, അതു ജീവനക്കാരുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. സർവീസ് കാലയളവു മുഴുവൻ ശമ്പളത്തിൽനിന്നു വൻതുക പെൻഷൻ ഫണ്ടിലേക്ക് അടച്ചവരാണ് പെൻഷനുവേണ്ടി ഇപിഎഫ്ഒയ്ക്ക് അപേക്ഷയും നൽകി കാത്തിരിക്കുന്നതെന്ന് ഓർക്കണം.
പെൻഷൻ കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തൊഴിലാളികൾക്ക് അനുകൂലമായി 2022 നവംബർ 4ന് സുപ്രീം കോടതി വിധി വന്നത്. എന്നാൽ, ഈ വിധി അതിന്റെ അന്തഃസത്ത ഉൾക്കൊണ്ടു നടപ്പാക്കാനുള്ള ശ്രമമല്ല ഇപിഎഫ്ഒയുടെ ഭാഗത്തുനിന്നു തുടക്കംമുതലുണ്ടായത്. വിധിയെ ദുർവ്യാഖ്യാനം ചെയ്ത്, പദ്ധതിയുടെ ആനുകൂല്യം നേടുന്നതിൽനിന്നു വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ശ്രമിച്ച ഇപിഎഫ്ഒ, കോടതി ഉത്തരവു നടപ്പാക്കുന്നതു പരമാവധി നീട്ടിക്കൊണ്ടുപോകുകയും ചെയ്തു.
പെൻഷൻ ഓപ്ഷനുകളിൽ തീർപ്പുകൽപിക്കുന്ന കാര്യത്തിൽ ഒരു ചിട്ടയും ക്രമവും ഇപിഎഫ്ഒ പാലിക്കുന്നില്ല. സർവീസിൽ തുടരുന്നവരിൽ പലർക്കും പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കാനുള്ള തുക സംബന്ധിച്ച ഡിമാൻഡ് നോട്ടിസ് അയയ്ക്കുന്നുണ്ടെങ്കിലും വർഷങ്ങൾക്കു മുൻപു വിരമിച്ചവരിൽ ഭൂരിഭാഗവും ഇപ്പോഴും കാത്തിരിപ്പിലാണ്. വിരമിച്ചവർക്കു മുൻഗണന നൽകുകയെന്ന നീതിബോധംപോലും ഇപിഎഫ്ഒയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പ്രോ–റേറ്റ(ആനുപാതിക) വ്യവസ്ഥ വഴി പെൻഷൻ വെട്ടിക്കുറച്ചതിനെതിരായ പരാതികളിലും അനുകൂല പ്രതികരണമില്ല.
ഉയർന്ന പെൻഷനുവേണ്ടി ലക്ഷക്കണക്കിനു രൂപയാണ് പെൻഷൻകാർ ഫണ്ടിലേക്കു തിരിച്ചടയ്ക്കേണ്ടത്. നേരത്തേ വിരമിച്ചുകഴിഞ്ഞ പലരും ബാങ്ക് വായ്പയായും മറ്റുമാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ബാങ്കിനു സ്വാഭാവികമായും പലിശ നൽകണമല്ലോ. പക്ഷേ, പെൻഷൻ അനുവദിച്ചുകിട്ടാൻ എത്ര വൈകിയാലും കുടിശികയ്ക്ക് ഇപിഎഫ്ഒ പലിശ തരില്ലെന്നുമാത്രമല്ല, പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കാനുള്ള തുക വൈകുന്തോറും അതിനു പലിശ ഈടാക്കുകയും ചെയ്യും. ഇപിഎഫ്ഒയുടെ മെല്ലെപ്പോക്കു കാരണം പെൻഷൻ വൈകുന്നെങ്കിൽ അതിനു പലിശ നൽകുക എന്നതല്ലേ സാമാന്യനീതി?
ഈ മാസം 23നു നടത്താനിരുന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 30ലേക്കു മാറ്റിവച്ചതായാണ് അറിയിപ്പ്. ഈ യോഗമെങ്കിലും പെൻഷൻകാരുടെ തീരാവേദനയ്ക്കു പരിഹാരം നിർദേശിക്കുമെന്നു പ്രത്യാശിക്കാം.