റോഡിലുണ്ടായത് ലഹരിക്കൊല
Mail This Article
തൃശൂർ നാട്ടികയിൽ, നിർമാണം നടക്കുന്ന ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാത്തതും വാഹനം വരില്ലെന്ന് ഉറപ്പുള്ളതുമായ ഭാഗത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു അവർ. ഇന്നലെ പുലർച്ചെ അവരുടെ മേലാണ് ഒരു ലോറി ഓടിക്കയറിയത്. തടിലോറി ഓടിച്ച ക്ലീനർ മദ്യലഹരിയിലായിരുന്നെന്നു മാത്രമല്ല, അയാൾക്കു ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതുമില്ല.
മദ്യപിച്ചു വാഹനമോടിക്കുന്നവർ മനുഷ്യ ചാവേറുകൾക്കു തുല്യരെന്നു ഡൽഹി സെഷൻസ് കോടതി പറഞ്ഞതു കുറച്ചുവർഷം മുൻപാണ്. നാട്ടികയിൽ അപകടമുണ്ടാക്കിയയാൾക്കു ചാവേർ എന്ന വിശേഷണം പറ്റില്ലെങ്കിലും സ്റ്റിയറിങ്ങിൽ പരിശീലനമില്ലാത്ത ആ കൈകൾകൊണ്ട് അയാൾ ലോറിയോടിച്ചു കയറ്റി ചതച്ചമർത്തിയതു രണ്ടു കുട്ടികളുടെയടക്കം അഞ്ചു പേരുടെ ജീവനാണ്. മറ്റുചിലർ അംഗഭംഗംവന്ന് ഗുരുതരാവസ്ഥയിലുമാണ്. നാട്ടിക വരെയുള്ള 45 കിലോമീറ്ററോളം ക്ലീനർ ലോറി ഓടിക്കുമ്പോൾ അരികിൽ ഉറക്കത്തിലായിരുന്നു ഡ്രൈവർ.
കേരളത്തിൽ ഒരു വർഷം ശരാശരി 42,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നു; നാലായിരത്തിലേറെ മരണവും. ഗുരുതര പരുക്കേറ്റു ദീർഘനാൾ കിടപ്പിലാകുന്നത് ഏകദേശം 20,000 പേരാണ്. മദ്യവും അമിതവേഗവുമാണ് അപകടത്തിന്റെ പ്രധാനകാരണങ്ങൾ. മദ്യം നൽകുന്ന ഉന്മാദാവസ്ഥ അമിത ആത്മവിശ്വാസം തോന്നിപ്പിക്കുമെങ്കിലും ശാരീരികശേഷി കുറയ്ക്കുകയാണു ചെയ്യുന്നത്. തലച്ചോറും ശരീരവും പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിന് ഏതു വിധത്തിലുള്ള ലഹരിയും തടസ്സമുണ്ടാക്കും. ഒരു ഡ്രൈവർക്ക് ഇതു പരമപ്രധാനമാണുതാനും.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും രാത്രികാല പരിശോധന കർശനമാക്കാനുമൊക്കെയുള്ള പതിവുതീരുമാനങ്ങൾ നാട്ടിക അപകടത്തെത്തുടർന്നും വന്നിട്ടുണ്ടെങ്കിലും അതുകൊണ്ടുമതിയാവില്ല. മദ്യപിച്ചു വാഹനമോടിച്ചുള്ള അപകടങ്ങൾക്കു മാതൃകാപരമായ കടുത്ത ശിക്ഷയടക്കം ഉറപ്പുവരുത്തിയാലേ റോഡിലെ കുരുതികൾക്ക് അറുതിവരൂ. മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള സംവിധാനവും ഉണ്ടാകണം.
ആയിരക്കണക്കിനു യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി, പൈലറ്റുമാർക്കും ലോക്കോ പൈലറ്റുമാർക്കും പതിവായി ലഹരിപരിശോധന നടത്താറുണ്ട്. ‘ബ്രത്തലൈസർ’ പരിശോധനകളിൽ കെഎസ്ആർടിസി, സ്വകാര്യ ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുന്നതും നാം കേട്ടുപോരുന്നു. മദ്യപിച്ചു സ്കൂൾ വാഹനങ്ങളോടിക്കുന്നവരും ഇവിടെയുണ്ട്. രാവിലെതന്നെ ബോധം കൈവിട്ടു സ്റ്റിയറിങ് പിടിക്കുന്ന ഇവരുടെ കയ്യിലാണോ നമ്മുടെ കുരുന്നുകളെ ഏൽപിച്ചുകൊടുക്കേണ്ടത്?
മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കിയ അപകടത്തിനുമുന്നിൽ മറ്റു ചെറുകാരണങ്ങൾക്കു പ്രസക്തിയില്ലെങ്കിലും നിർമാണം നടക്കുന്ന ദേശീയപാത 66ൽ അപകടമുണ്ടായ നാട്ടിക സെന്ററിൽ വെളിച്ചമില്ലാതിരുന്നത‍് അപകടസാധ്യത വർധിപ്പിക്കാനും രക്ഷാപ്രവർത്തനം ദുഷ്കരമാക്കാനും ഇടയാക്കിയെന്നതു പറയാതെവയ്യ. റോഡിനു കുറുകെ ബാരിക്കേഡുകൾ നിരത്തി ഗതാഗതം തടഞ്ഞ ഭാഗത്തു റിഫ്ലക്ടറുകൾ ഉണ്ടായിട്ടും ലോറി ഓടിച്ചയാളുടെ അശ്രദ്ധ അപകടമുണ്ടാക്കുകയായിരുന്നു. പുതിയ പാതയിൽനിന്നു പഴയ ദേശീയപാതയിലേക്കു വഴിതിരിച്ചുവിടാൻ അറിയിപ്പു ബോർഡുകൾ ഉണ്ടായിരുന്നെങ്കിലും അതു മദ്യലഹരിയിലായിരുന്നയാളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണു സൂചന. ഇവിടെ ഹൈമാസ്റ്റ് ലൈറ്റുകളടക്കം വെളിച്ചത്തിനു വേണ്ട സംവിധാനങ്ങളില്ലാതിരുന്നതിനാൽ, അപകടമുണ്ടായശേഷം ഓടിയെത്തിയവർ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസുകൾ എത്തിയശേഷം അവയുടെ ഹെഡ്‍ലൈറ്റുകൾ അപകടസ്ഥലത്തേക്കു തെളിച്ചുവച്ചും വെളിച്ചം കണ്ടെത്തേണ്ടി വന്നു.
നാട്ടിക അപകടവുമായി ബന്ധപ്പെട്ടു പറയാവുന്നതല്ലെങ്കിലും, അറ്റകുറ്റപ്പണി നടക്കുന്ന റോഡുകളിൽ വേണ്ടത്ര സുരക്ഷാ മുൻകരുതലും മുന്നറിയിപ്പ് അടയാളങ്ങളും ഇല്ലാതിരുന്നതുകൊണ്ടുണ്ടായ അപകടങ്ങളിൽ കഴിഞ്ഞവർഷംമാത്രം േകരളത്തിനു നഷ്ടമായത് 440 മനുഷ്യജീവൻ എന്നാണു കണക്ക്. അപകടസാധ്യതയുള്ള ഇടങ്ങളിലെല്ലാം മുന്നറിയിപ്പു ബോർഡുകൾ ഉണ്ടായിരുന്നെങ്കിൽ അവരുടെ ആയുസ്സ് മുറിയുമായിരുന്നില്ല. കഴിഞ്ഞദിവസം, തിരുവല്ല മുത്തൂർ– കുറ്റപ്പുഴ റോഡിൽ മരം മുറിക്കുന്നതിനായി ഗതാഗതം തടഞ്ഞ് റോഡിനു കുറുകെ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കയറിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യമുണ്ടായതാണ് ഏറ്റവുമൊടുവിലായി നാം കേട്ടത്. റോഡിലെ മരംമുറിയെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ അവിടെ സംവിധാനമുണ്ടായിരുന്നില്ല.
ആരുടെയൊക്കെയോ ലഹരിക്കും അശ്രദ്ധയ്ക്കുമുള്ള വിലയായി ജീവൻ നൽകേണ്ടിവരുന്ന സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ഇത്രയൊക്കെയായിട്ടും നമുക്കു കഴിയുന്നതുമില്ല.