വാർധക്യം സുരക്ഷിതമാക്കണം: റിട്ടയർമെന്റ് നിക്ഷേപത്തിൽ കേരള സ്ത്രീകൾ മുന്നിൽ
Mail This Article
വാർധക്യകാലം സുരക്ഷിതമാക്കുന്നതിനുള്ള റിട്ടയർമെന്റ് നിക്ഷേപങ്ങളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിൽ. മൂന്നിൽരണ്ട് സ്ത്രീകളും റിട്ടയർമെന്റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്ന പ്രവണതയാണ് ഇപ്പോൾ ദേശീയതലത്തിലുള്ളത്. അതിൽ മുന്നിലുള്ളതു കേരളത്തിലെ സ്ത്രീകളാണെന്ന് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സിന്റെ ഈയിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ 68 ശതമാനം സ്ത്രീകളും 30–45 വയസ്സിനിടയിൽ റിട്ടയർമെന്റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്നതായി പഠനത്തിലുണ്ട്. മ്യൂച്വൽ ഫണ്ടുകൾ, എസ്ഐപികൾ, ഓഹരി വിപണി എന്നിവയിലാണ് നിക്ഷേപങ്ങളിലേറെയും. പുരുഷന്മാരുടെ നിക്ഷേപങ്ങളെക്കാളും (61%) കൂടുതലാണിത്.
പുരുഷന്മാരെ അപേക്ഷിച്ച്, സാമ്പത്തിക സ്വാതന്ത്ര്യവും സമാധാനപൂർണമായ റിട്ടയർമെന്റ് കാലവും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതിൽ സ്ത്രീകളാണ് മുന്നിലെന്നു പഠനത്തിൽ പറയുന്നു. ആരോഗ്യസംരക്ഷണത്തിലെ പുരോഗതിമൂലം ആയുർദൈർഘ്യം വർധിക്കുന്നതിനാൽ, ദീർഘകാല സാമ്പത്തിക ആസൂത്രണത്തിനു ജനങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നതായി റിപ്പോർട്ടിലുണ്ട്.
നിക്ഷേപമില്ലാത്തതിൽ പശ്ചാത്താപം
50 വയസ്സ് പിന്നിട്ട 93% ഇന്ത്യക്കാരും റിട്ടയർമെന്റ് കാലത്തേക്കു നിക്ഷേപങ്ങളില്ലാത്തതിനാൽ പശ്ചാത്തപിക്കുന്നവരാണ്. 35 വയസ്സിനു മുൻപേ റിട്ടയർമെന്റ് പ്ലാനുകൾ തുടങ്ങണമെന്നും ഇവർ നിർദേശിക്കുന്നു. എന്നാൽ, പദ്ധതികളിലുള്ള വിശ്വാസമില്ലായ്മയാണ് പലരെയും പിന്തിരിപ്പിക്കുന്നത്.