ചോദ്യച്ചോർച്ചയ്ക്ക് തടയിടണം
Mail This Article
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏറ്റവും ഗൗരവമേറിയ പഠനപ്രക്രിയയാണ് പരീക്ഷകൾ. എന്നാൽ, കഴിഞ്ഞ മൂന്നു പാദവാർഷിക പരീക്ഷകളിലായി പല ചോദ്യക്കടലാസുകളും ചോർന്നുകൊണ്ടിരിക്കുകയാണെന്നതു കേരളത്തെ മുഴുവൻ ഞെട്ടിക്കുന്നു.
സ്കൂളുകളിൽ നടക്കുന്ന പാദവാർഷിക പരീക്ഷകളുടെ ചോദ്യക്കടലാസുകൾ സംഘടിതമായി ചോർത്തുക, അവ പരീക്ഷയുടെ തലേന്ന് യുട്യൂബിലും ഓൺലൈൻ ട്യൂഷൻ സെന്ററുകളുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുക, ലക്ഷക്കണക്കിനു കുട്ടികൾ ഇതുമാത്രം പഠിച്ചു പരീക്ഷ എഴുതുക – ഇതെല്ലാം സത്യമാണെന്നു സ്ഥിരീകരിച്ചിട്ടും വിദ്യാഭ്യാസ വകുപ്പോ സർക്കാരോ ഒരു നടപടിയുമെടുക്കാതെ അനങ്ങാതിരിക്കുകകൂടി ചെയ്യുന്നതാണു കേരളം കണ്ടുപോരുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ അമ്പേ തകർക്കുന്നു ഈ തട്ടിപ്പ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളോടും രക്ഷിതാക്കളോടുമുള്ള വലിയ ക്രൂരത കൂടിയാണിത്.
മൂന്നു തവണയും ചോദ്യക്കടലാസ് ചോർന്നത് കോഴിക്കോട് കൊടുവള്ളി കേന്ദ്രമായുള്ള ഒരേ യുട്യൂബ് ചാനലിലൂടെയാണെന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുമായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും വിരമിച്ചവരും സഹകരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം.
കഴിഞ്ഞവർഷത്തെ ക്രിസ്മസ് പരീക്ഷ മുതലാണ് ചോദ്യച്ചോർച്ച തുടങ്ങിയത്. അതുകഴിഞ്ഞ് ഈ വർഷത്തെ ഓണപ്പരീക്ഷയിലും സമാന സംഭവമുണ്ടായി. ഈ രണ്ടു ഘട്ടത്തിലും പരാതി ഉയരുകയും വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുകയും ചെയ്തു. ചോദ്യക്കടലാസുകൾ ചോരുന്നുണ്ടെന്നും അതിനു പിന്നിൽ ചിലർ സംഘടിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണത്തിനു പരിമിതിയുണ്ടെന്നും പൊലീസോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നും ശുപാർശയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തു നൽകിയിട്ടും സർക്കാർ പക്ഷേ അനങ്ങിയില്ല. തട്ടിപ്പുകാർക്കു ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ടെന്ന ആരോപണം അതുകൊണ്ടുതന്നെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സ്കൂൾതല പരീക്ഷയുടെ ചോദ്യങ്ങളല്ലേ ചോർന്നത് എന്നു നിസ്സാരമായി കാണുന്നവരുണ്ടാകാം. എന്നാൽ, കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഈ ചോദ്യച്ചോർച്ച ഉണ്ടാക്കാൻ പോകുന്നത്. ഒരു വർഷം മുഴുവൻ പഠിക്കേണ്ട പാഠങ്ങൾ പഠിക്കാതെ, പഠനനിലവാരം മെച്ചപ്പെടുത്താതെ, മത്സരപരീക്ഷകൾ നേരിടാനുള്ള ക്ഷമതയില്ലാതെ ഒരു വിഭാഗം വിദ്യാർഥികളെ സൃഷ്ടിച്ചെടുക്കുക എന്ന അപകടകരമായ സാഹചര്യം ഇതുണ്ടാക്കുന്നു.
ദേശീയ മത്സരപരീക്ഷകളിലും നാഷനൽ അച്ചീവ്മെന്റ് സർവേ പോലെയുള്ള നിലവാരനിർണയ പരീക്ഷകളിലും ഇപ്പോൾതന്നെ കേരളത്തിന്റെ സ്ഥിതി അതിദയനീയമാണ്. ഇതിനിടെ, ചോദ്യക്കടലാസുകൾകൂടി ചോർത്തി ക്ലാസ്കയറ്റം വാങ്ങിപ്പോയാൽ ഏതെങ്കിലും മത്സരപരീക്ഷകളിൽ വിജയിക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയുമോ? ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി സാധാരണക്കാരും പൊതുവിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവരുമായ കുട്ടികളെ ബലിയാടാക്കുന്ന തട്ടിപ്പാണിത്.
കഴിഞ്ഞ രണ്ടുതവണയും ഗൗരവമുള്ള നടപടികളെടുക്കാഞ്ഞ സർക്കാർ, ഇത്തവണ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടപ്പോൾ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചത് എത്രത്തോളം വിശ്വസിക്കാൻ കഴിയും? വിദ്യാഭ്യാസവകുപ്പിന്റെ മേൽനോട്ടത്തിലാണ് ചോദ്യക്കടലാസുകൾ തയാറാക്കി വിതരണം ചെയ്യുന്നത്. ചോദ്യക്കടലാസുകൾ തയാറാക്കുന്ന അധ്യാപകർക്കോ ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ ഓൺലൈൻ ട്യൂഷൻ ആപ്പുകളുമായോ യുട്യൂബ് ചാനലുകളുമായോ ബന്ധമുണ്ടോയെന്നു വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കർശനനടപടിയെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതു വെറുംവാക്കാകരുത്. ചോദ്യം ചോർത്താൻ ഇനിയും ഇവർക്കു ധൈര്യംവരാത്തവിധത്തിലുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. എത്ര രാഷ്ട്രീയ സ്വാധീനമുള്ളവരാണെങ്കിലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഇനിയൊരു പരീക്ഷയുടെകൂടി ചോദ്യക്കടലാസ് ചോർന്നാൽ കേരളത്തിനുമുന്നിൽ സർക്കാർ മറുപടി പറയേണ്ടിവരുമെന്നതു മറക്കാനും പാടില്ല.