ADVERTISEMENT

സാക്ഷരതയിലും സംസ്കാരത്തിലും മുന്നിൽനിൽക്കുന്നുവെന്നു കരുതിപ്പോരുന്ന കേരളത്തിൽ ആദിവാസിസമൂഹത്തോടുള്ള സമീപനത്തിൽ കാലത്തിനനുസരിച്ചു മാറ്റമുണ്ടായെന്നു നമുക്ക് ഉറപ്പിച്ചുപറയാനാകുമോ? കേരളം അവകാശപ്പെടുന്ന നവോത്ഥാനചിന്തകളുടെയും മാനവികതയുടെയും തലപ്പൊക്കം വെറും വമ്പുപറച്ചിലാണെന്ന് ഇപ്പോഴും നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നെ‍ാരു മുഖമുണ്ട്: ബന്ധിതനും നിസ്സഹായനുമായി നിൽക്കുന്ന, അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ ദൈന്യമുഖം. ഈ ഓർമയ്ക്കുതാഴെ പല പുതിയ പേരുകളും എഴുതപ്പെട്ടുകെ‍ാണ്ടേയിരിക്കുന്നു.  

വസ്ത്രംകെ‍ാണ്ടും നിറംകെ‍ാണ്ടും രൂപംകെ‍ാണ്ടും ഒരാളെക്കുറിച്ചു മുൻവിധി തീർക്കുന്ന സമീപനവും അരികുജീവിതങ്ങളോടുള്ള വിവേചനവും ഇപ്പോഴും നിലനിൽക്കുന്നുവെന്നതു കേരളത്തിനുതന്നെ അപമാനകരമാണ്. ഇതിന് അടിവരയിടുകയാണ് വയനാട്ടിൽ കഴിഞ്ഞദിവസങ്ങളിൽ രണ്ടു സംഭവങ്ങളിലായി ആദിവാസികളുടെ നേർക്കുണ്ടായ അപമാനവും അനീതിയും.  

ഞായറാഴ്ച വൈകിട്ട് മാനന്തവാടി– പുൽപള്ളി റോഡിലാണു കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. മാതൻ എന്ന ആദിവാസി യുവാവിനെ മർദിച്ച് റോഡിലൂടെ അരക്കിലോമീറ്ററോളം കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരുക്കേറ്റു. കാറിനു സൈഡ് നൽകിയില്ലെന്നതിന്റെ പേരിലുള്ള തർക്കത്തിൽ മാതനടക്കമുള്ള കുറച്ചുപേർ ഇടപെട്ടതിനെത്തുടർന്നായിരുന്നു ഈ ക്രൂരത. ഈ കേസിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായിട്ടുണ്ട്.  

ആംബുലൻസ് ലഭിക്കാഞ്ഞതിനെത്തുടർന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്നതാണു മറ്റെ‍ാരു സംഭവം. ഞായറാഴ്ച വൈകിട്ടോടെ വയനാട് എടവക പഞ്ചായത്തിൽ ഒരു വയോധിക മരിച്ചപ്പോൾ ആ വിവരം കുടുംബം ബന്ധപ്പെട്ടവരെ അറിയിക്കുകയും ശ്മശാനത്തിലേക്കു മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആംബുലൻസ് എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തുടർന്ന്, വൈകിട്ട് മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോയിൽ കയറ്റി നാലു കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.

അട്ടപ്പാടിയിലെ മധുവിനു കെ‍ാടുംക്രൂരത അനുഭവിക്കേണ്ടിവന്നത് 2018 ഫെബ്രുവരിയിലായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവവും സമൂഹമനസ്സാക്ഷിയുടെ മുന്നിൽ ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തിയതാണ്. ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ വിശ്വനാഥനെ, മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു മരണമെന്നാണ് പരാതി. 

ജാതിയുടെ പേരിൽ ഒരുവിധത്തിലുള്ള വിവേചനവും അംഗീകരിക്കുന്നില്ലെന്നാണു നമ്മുടെ രാജ്യത്തിന്റെ പ്രഖ്യാപിതനയം. നിയമനിർമാണ സഭകളിലും പഞ്ചായത്തുകളിലും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം സംവരണം ഏർപ്പെടുത്തി സാമൂഹികനീതി നിറവേറ്റാൻ അങ്ങേയറ്റം ശ്രമിക്കുന്നുമുണ്ട്. പക്ഷേ, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയും സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടിയും സജീവ പ്രവർത്തനങ്ങൾ നടന്ന കേരളത്തിൽ ജാതിയുടെ പേരിൽ അകറ്റിനിർത്തലുകളും അപമാനങ്ങളും മുൻവിധിയും നടമാടുന്നുവെന്ന വിവരം തലതാഴ്ത്തിയേ കേൾക്കാനാവൂ.  

ആദിവാസിയെ കാണുമ്പോൾ മോഷ്ടാവെന്നു വിളിക്കാൻ തോന്നുന്ന, സംഘം ചേർന്നു മർദിക്കാൻ തോന്നുന്ന, കാറിൽ കെട്ടിവലിക്കാൻ തോന്നുന്ന, മൃതദേഹത്തോടുപോലും അനാദരംകാട്ടുന്ന മാനസികാവസ്ഥയ്ക്കാണു മാറ്റമുണ്ടാവേണ്ടത്. സ്വാതന്ത്ര്യം നേടി ഏഴരപ്പതിറ്റാണ്ടായിട്ടും,  ആദിവാസിയായതിന്റെ പേരിൽ കേരളത്തിൽപോലും മനുഷ്യത്വരഹിതമായ വിവേചനവും അക്രമവും നേരിടേണ്ടിവരുന്നത് നാം നേടിയ പെരുമകൾക്കെല്ലാം കൊടിയ അപമാനമാണു വരുത്തിവയ്ക്കുന്നത്. കേരളം ഊറ്റംകൊള്ളുന്ന നവോത്ഥാനമൂല്യങ്ങൾ എവിടെപ്പോയ്മറഞ്ഞു?

നിഴലിനെപ്പോലും അയിത്തം കൽപിച്ച് അപമാനിച്ചിരുന്ന കാലത്തിന്റെ നിന്ദ്യമായ അവശേഷിപ്പുകൾ ഇപ്പോഴുമുണ്ടെന്നത് നമ്മുടെയെല്ലാം കുറ്റബോധമായിത്തീരണം. സമത്വത്തിന്റെ ഒരേ വായുവാണു നമ്മുടെ സമൂഹമാകെ ശ്വസിക്കേണ്ടത്.

English Summary:

Editorial about increasing atrocities against tribals in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com