വാചകമേള
Mail This Article
കേരളത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്ന് ആശുപത്രികളിൽ രോഗികൾക്കു രാത്രി കാവലിരിക്കുന്ന ബന്ധുക്കളോട് അധികൃതർ ചെയ്യുന്നതാണ്. നിശ്ശബ്ദമായി നടക്കുന്ന തിന്മയാണിത്. രോഗിയുടെ ബന്ധുക്കൾ വരാന്തയിലോ കോണിയുടെ ചുവട്ടിലോ ഇരുന്നു നേരം വെളുപ്പിച്ചുകൊള്ളണം എന്നാണു ഭൂരിഭാഗം ആശുപത്രിക്കാരുടെയും മനോഭാവം. ഈ മനോഭാവത്തിനുപിന്നിൽ തികഞ്ഞ അപരിഷ്കൃത മനസ്സാണുള്ളത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
-
Also Read
പരാജയങ്ങളിൽ നിന്നാണ് പഠിക്കുന്നത്
സ്ത്രീയെന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ഒരുപാട് അഭിപ്രായങ്ങൾ കേൾക്കേണ്ടിവരുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അവരവർക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെ ഇത്തരം കാര്യങ്ങൾക്കു പരിധിയില്ലാതായി. നല്ല തീരുമാനങ്ങൾ എടുക്കാൻ സ്വയം കേൾക്കുകയാണു വേണ്ടതെന്നു ഞാൻ കരുതുന്നു.
ഐശ്വര്യലക്ഷ്മി
ഉയർന്ന വിദ്യാഭ്യാസത്തിന്റെ മാധ്യമം വിദേശഭാഷയാവുന്നത് വിദ്യാർഥികൾക്കു കഠിനപീഡനമാവുകയില്ല. ശാസ്ത്രവിദ്യാഭ്യാസത്തിൽ പദാവലി ഒരു ലോകഭാഷയാകുന്നതാണു നല്ലത്. പദാവലി സംസ്കൃതജന്യമാക്കുന്നതു വിദേശഭാഷാജന്യമാക്കുന്നതു പോലെത്തന്നെയാകയാൽ അതിനു മിനക്കെടാതെ ഇംഗ്ലിഷിലെ പദാവലി സ്വീകരിക്കുന്നതാണ് അഭികാമ്യം.
ഡോ. എം.ലീലാവതി
ഒരു ദുഷ്ടകഥാപാത്രത്തെയും ഞാൻ സൃഷ്ടിച്ചിട്ടില്ല. അല്ലാതെത്തന്നെ അത്തരത്തിലുള്ള ആളുകൾ സമൂഹത്തിലുണ്ട്. രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയുമടക്കം ലോകത്തു ദുഷ്ടശക്തികൾ പെരുകുകയാണ്. ഞാൻ മുന്നിട്ടിറങ്ങി ദുഷ്ടന്മാരെ സൃഷ്ടിക്കേണ്ടെന്നു വച്ചു.
ടി. പത്മനാഭൻ
റിഹേഴ്സലിൽ കാണുന്ന മോഹൻലാലും ക്യാമറയിൽ കാണുന്ന മോഹൻലാലും തികച്ചും വ്യത്യസ്തമാണ്. ഇതെങ്ങനെയാണു സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനുപോലും അറിയില്ല. നമ്മൾ ഉദ്ദേശിക്കുന്നതിനെക്കാൾ ഭംഗിയായി ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നു ഞാൻ ചോദിച്ചിരുന്നു. തനിക്കറിയില്ലെന്നും അതു സംഭവിക്കുന്നതാണെന്നും അഭിനയിക്കുമ്പോൾ ഏതോ ഒരു ശക്തിയുടെ സ്വാധീനമാകാമെന്നും അദ്ദേഹം ഉത്തരം പറഞ്ഞു. ‘കുട്ടിസ്രാങ്കിൽ’ എനിക്കു വേണ്ടിയിരുന്നതു സുന്ദരനായ ഒരു പുരുഷനെയായിരുന്നു. ഞാൻ മമ്മൂട്ടിയോടു തന്നെ പറഞ്ഞിട്ടുണ്ട്; നിങ്ങളുടെ മുഖത്തു ടാർ ഉരുക്കി ഒഴിച്ചാലും നിങ്ങൾ സുന്ദരനായിരിക്കുമെന്ന്.
ഷാജി എൻ.കരുൺ
കവിതയാണെങ്കിലും കഥയാണെങ്കിലും അതിനോടുള്ള സമീപനത്തിൽ ഉദാസീനത വന്നിട്ടുണ്ട്. ഇന്നു സമൂഹമാധ്യമത്തിൽ ഒരു കവിതയെഴുതുകയും അതിനു താഴെ അഭിപ്രായങ്ങൾ വരികയും ചെയ്യുന്നു. എളുപ്പത്തിൽ ഒരാൾ എഴുത്തുകാരനായി മാറുന്നു. അതു ശലഭായുസ്സ് മാത്രമാണ്.
റഫീക്ക് അഹമ്മദ്
പലപ്പോഴും പൊതുപ്രവർത്തകർ കെഎസ്ഇബി യൂണിയൻ പ്രവർത്തകരുടെ ഉപദേശത്തിലാണ് പ്രസ്താവനകളും മറ്റും നടത്തുക. വൈദ്യുതിയിൽ ഇടതും വലതുമില്ല; ഫേസും ന്യൂട്രലുമേയുള്ളൂ. അതായത് ശരി അല്ലെങ്കിൽ പിശക്. വൈദ്യുതി സാങ്കേതികവിദ്യയെപ്പറ്റിയും റഗുലേറ്ററി നിയമത്തെപ്പറ്റിയും തീരെ അവഗാഹമില്ലാത്ത ചിലർ ഏർപ്പെടുന്ന പരസ്യചർച്ചകൾ എത്രയോ വികലവും അപൂർണവുമാണ്.
ഡോ. ബി.അശോക്
നമ്മളിപ്പോൾ ജീവിക്കുന്നത് ഹിന്ദുത്വ കാലഘട്ടത്തിലാണെന്നതു യാഥാർഥ്യമാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ സവർക്കർ കണ്ടുപിടിച്ചതല്ല ഹിന്ദുത്വം. ബംഗാളിലെയും മഹാരാഷ്ട്രയിലെയും പല വ്യക്തികളുടെയും മനസ്സിൽ (ബാലഗംഗാധര തിലകന്റെയൊക്കെ) വർഷങ്ങൾക്കു മുൻപേ ഈ ആശയം ഉടലെടുത്തിരുന്നു.
മനു എസ്.പിള്ള
കാൻസർ വാക്സീൻ എങ്ങനെ നിർമിച്ചെടുത്തുവെന്നതിനു തെളിവുകളൊന്നും റഷ്യ നൽകുന്നില്ല. ശാസ്ത്ര മാസികകളിൽ ഒരു ലേഖനം പോലും അവർ പ്രസിദ്ധീകരിച്ചിട്ടില്ല. ‘കാൻസറിനു പ്രതിരോധകുത്തിവയ്പ്’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോവുകയാണ്. ഏതു കാൻസറിന്? കാൻസർ നൂറോളമുണ്ട്, എല്ലാ കാൻസറിനും കൂടെ ഒരു വാക്സീൻ സാധ്യമല്ല എന്നത് ഒരു പ്രാഥമിക ശാസ്ത്ര വിദ്യർഥിക്കു പോലും അറിവുള്ളതാണ്.
എതിരൻ കതിരവൻ