ക്രിസ്മസ് പ്രതീക്ഷ
Mail This Article
ഇന്നു ക്രിസ്‌മസ്: സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീക്ഷയുടെയുമൊക്കെ മനോഹര വിളംബരം. വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ നാളെ അന്തിമ തീരുമാനമെടുക്കുമ്പോൾ മാനുഷികതയുടെ മാതൃകാപരമായ അടയാളമുദ്ര അതിലുണ്ടാവട്ടെയെന്ന പ്രതീക്ഷയിലാണു കേരളം.
ഉരുൾപൊട്ടൽ ബാധിതർക്കായി 1000 ചതുരശ്ര അടി വീതമുള്ള വീടുകൾ നിർമിക്കുന്നതും 750 കോടി രൂപ ചെലവിൽ രണ്ടു ടൗൺഷിപ്പുകൾ ഒറ്റഘട്ടമായി വികസിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് അന്തിമ തീരുമാനമുണ്ടാകുക. വീടുകൾവച്ചു നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഒട്ടേറെ സംഘടനകളും വ്യക്തികളും ദുരന്തമുണ്ടായപ്പോൾത്തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ, അഞ്ചു മാസത്തിനിപ്പുറവും സ്ഥിരം പുനരധിവാസത്തിനുള്ള പ്രധാന നടപടികളൊന്നും പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഏറെ സമയമെടുത്തു തയാറാക്കിയ ഗുണഭോക്താക്കളുടെ കരടുപട്ടികയിൽപോലും പാകപ്പിഴകളും ഇരട്ടിപ്പും കടന്നുകൂടുന്നത്ര ലാഘവത്വവും അശ്രദ്ധയുമാണു നിഴലിച്ചത്.
പിഴവുകൾ തിരുത്തുമെന്നും അർഹരായവർക്കെല്ലാം പുനരധിവാസം ഉറപ്പാണെന്നുമുള്ള സർക്കാർ വാഗ്ദാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ദുരന്തബാധിതർ ഇനിയും എത്രനാൾ വാടകവീടുകളിൽത്തന്നെ കഴിയേണ്ടി വരുമെന്ന ചോദ്യം ഉയരുന്നു. ജനുവരിയിൽ പൂർത്തിയാക്കുന്ന അന്തിമ പട്ടിക പരാതിരഹിതമാക്കാനുള്ള ജാഗ്രതയും സൂക്ഷ്മശ്രദ്ധയും അധികൃതർ കാണിച്ചേതീരൂ. 1084 കുടുംബങ്ങളിലായി 4636 പേരെയാണു ഉരുൾപൊട്ടൽ ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷൻ തയാറാക്കിയ മൈക്രോ പ്ലാനിലെ കണക്ക്. ഇവരിലേറെയും ഇപ്പോൾ വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി വാടകവീടുകളിൽ കഴിയുന്നു. 300 രൂപയുടെ പ്രതിദിന സഹായം മുടങ്ങിയിട്ടു മാസങ്ങളായി.
ഭക്ഷ്യക്കിറ്റ് വിതരണം ഒരുമാസമായി നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു ദുരന്തബാധിതർ. ഭൂരിഭാഗം പേർക്കും തൊഴിലില്ലെന്നതും ഗൗരവത്തോടെ കണക്കിലെടുക്കണം. ദുരന്തത്തിൽ പരുക്കേറ്റവരാകട്ടെ തുടർചികിത്സയ്ക്കു പണമില്ലാതെ ദുരിതത്തിലാണ്. പരുക്കേറ്റവരിൽ തുടർചികിത്സയ്ക്ക് അർഹരായവർ 136 പേരുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഇവരിൽ 30 പേർക്കാണ് ഇതുവരെ ധനസഹായം ലഭിച്ചത്. ബാക്കിയുള്ളവർക്കു ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെയായിട്ടും തീരുമാനമായില്ല.
സ്ഥലമേറ്റെടുക്കൽ നടപടികൾ നിയമക്കുരുക്കിലായതാണ് സ്ഥിരം പുനരധിവാസ പദ്ധതി നടത്തിപ്പിനു പ്രധാന തടസ്സമായത്. പുനരധിവാസത്തിനും വീടുനിർമാണത്തിനുമായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാൻ കോടതി ഇടപെടേണ്ട അവസ്ഥയാണിപ്പോൾ. നിയമനടപടികൾ നീണ്ടുപോയാൽ പുനരധിവാസവും വൈകും. പകരമായി നിയമക്കുരുക്കില്ലാത്ത ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു പദ്ധതിയുണ്ടോ എന്നതിലും തീർച്ചയില്ല. സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ വീടു നിർമിച്ചു നൽകാമെന്നറിയിച്ച പല സന്നദ്ധസംഘടനകളും സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിത്തുടങ്ങി. ഇതിനകംതന്നെ നിർമാണം പൂർത്തീകരിച്ചു വീടു കൈമാറിയവരും നിർമാണം അന്തിമഘട്ടത്തിലെത്തിച്ചവരുമുണ്ട്. അപ്പോഴും സർക്കാർ നടപടികൾ പ്രാഥമികഘട്ടം പോലും പിന്നിട്ടിട്ടില്ലെന്ന വസ്തുത നമ്മുടെ മുന്നിലുണ്ടുതാനും.
പതിവു സർക്കാർവിലാസം ഉദാസീനതയും അവഗണനയും മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ നേർക്കുണ്ടാകാതിരിക്കാൻ നിരന്തര ശ്രദ്ധയുണ്ടായേതീരൂ. ആദ്യഘട്ടത്തിൽ മാതൃകാപരമായി ദുരന്തനിവാരണവും സമയബന്ധിതമായി താൽക്കാലിക പുനരധിവാസവും ധനസഹായവിതരണവും പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിന്റെ പിന്നീടുള്ള ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനം കഴുകിക്കളയാൻ പുനരധിവാസ ദൗത്യം സമയബന്ധിതമായി നിറവേറ്റേണ്ടതുണ്ട്. പുനരധിവാസ പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ കൃത്യമായ ദിശാബോധമുള്ള പ്രത്യേക സമിതി രൂപീകരിക്കുന്നതു നല്ലകാര്യംതന്നെ. രാഷ്ട്രീയ താൽപര്യങ്ങളടക്കം ഈ നിർണായക ദൗത്യത്തിൽ പ്രതിഫലിക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മേൽനോട്ടം വഹിക്കുകയും വേണം.
ദുരന്തബാധിതർക്കു പുതുജീവിതം നൽകാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെങ്കിലും അതു ലഭ്യമാകുന്നതില്ലെന്നതു കേരളത്തോടുണ്ടാകേണ്ട ഫെഡറൽ മര്യാദയുടെകൂടി ലംഘനമാണ്. ഈ സാഹചര്യത്തിൽ, ഉരുൾപൊട്ടൽ ബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയിൽ സർക്കാർ നാളെയെടുക്കുന്ന അന്തിമ തീരുമാനത്തിലെ പ്രതിബദ്ധതയാവും കേരളം കേൾക്കാനാഗ്രഹിക്കുന്ന ഏറ്റവും നല്ല ക്രിസ്മസ് വർത്തമാനം.