വായിച്ചുതീരാത്ത ഒരു കഥപോലെ
Mail This Article
ഇതൊരു കാലത്തിന്റെ അസ്തമയമാണ്; വാക്കുകൾ നിറനിളപോലെ ഒഴുകിയിരുന്ന, കഥകളിൽ കവിത കണ്ണാന്തളിയായി പൂത്തിരുന്ന, ഹൃദയത്തിനു സ്വന്തമായൊരു അക്ഷരമാലയുണ്ടായിരുന്ന ഒരു സുന്ദരകാലത്തിന്റെ അവസാനം. മലയാളത്തിന്റെ സൗന്ദര്യവും സുകൃതവും സാഫല്യവുമായിരുന്ന എഴുത്തിന്റെ ചക്രവർത്തി കഥാവശേഷനായിരിക്കുന്നു. കാലത്തിനുമുന്നിൽ ആത്മവിശ്വാസത്തോടെ എഴുത്തുമേശയിട്ടൊരാൾ, അതേ ആത്മവിശ്വാസത്തോടെ കാലത്തിലേക്കു മടങ്ങുകയാണ്.
നമ്മുടെ ഭാഷയിലെ വിശേഷണപദങ്ങളെയെല്ലാം സ്വജീവിതത്തിന്റെ നിറവുകൊണ്ടു ചെറുതാക്കിയാണ് എം.ടി.വാസുദേവൻ നായരുടെ വേർപാട്; നിളാതീരത്തെ കൂടല്ലൂർ എന്ന ചെറുഗ്രാമത്തിൽനിന്നു ലോകത്തിന്റെ ഉയരത്തിലേക്കു വളർന്നൊരാളുടെ, അനശ്വരതയിലേക്കുള്ള യാത്ര. രാജപാതകളിലൂടെ സഞ്ചരിക്കുമ്പോഴും ഭൂമിയുടെ ചർമത്തിലും ഞരമ്പുകളിലും നോക്കിക്കൊണ്ടാണു താൻ നടന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പേനകൊണ്ട് ഇത്രയധികം വിജയങ്ങൾ സാധിച്ചെടുത്ത മറ്റൊരു എഴുത്തുകാരനെ മലയാളം കണ്ടിട്ടില്ല. നല്ല കഥകളോടിഷ്‍ടം കൂടിയ പല തലമുറകളെ, ഒരു കാലത്തെത്തന്നെയും, എംടി തനിക്കൊപ്പം ചേർത്തുപിടിച്ചു.
ചിത്രകേരളം മാസികയിൽ 1950ൽ പ്രസിദ്ധീകരിച്ച ‘വിഷുവാഘോഷം’ എന്ന ആദ്യകഥയിൽനിന്നും 1954ൽ ലോക മലയാളകഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥയിൽനിന്നും തുടങ്ങിയതാണ് അക്ഷരയാത്ര. അതുവരെ പരിചയിക്കാത്ത രീതിയിൽ അദ്ദേഹം മലയാളിയുടെ വായനയെ വിജയകരമായി നിർവചിച്ചു. എഴുത്തിന്റെ സൗന്ദര്യതലത്തിനുതന്നെ പുതിയൊരു അളവുകോൽ നിർണയിച്ചു. എഴുത്തുഭാഷയെ കൽപനാസുന്ദരമായി മാറ്റിയെഴുതി. മലയാളകഥയുടെ സർഗധന്യമായ പുതുവാഴ്‌വിനു കാരണക്കാരനായി. ഗൃഹാതുരത എന്ന സങ്കൽപത്തെത്തന്നെ നവീകരിക്കുകയും ചെയ്തു.
ആഴമുള്ള കഥാപാത്രങ്ങളാണ് ആ തൂലികയിൽനിന്നു പിറന്നത്. കഥ തീർന്നാലും തീരാത്തവർ. തിരക്കഥയെ ‘വായിക്കാവുന്ന സിനിമ’യാക്കി ആദ്യം മലയാളിക്കു പരിചയപ്പെടുത്തിയത് എംടിയാണ്. അദ്ദേഹത്തിന്റെ നോവലുകളിലും ചെറുകഥകളിലും സിനിമകളിലുമായി മലയാളിയുടെ ഹൃദയത്തിലേക്കു കടന്നുവന്ന എത്രയെത്ര കഥാപാത്രങ്ങൾ! നോവലുകളിൽ ആദ്യമെഴുതിയ ‘നാലുകെട്ട്’ മുതൽ ഒടുവിലെഴുതിയ ‘വാരാണസി’ വരെ മനസ്സിന്റെ രാവണൻകോട്ടകളിലൂടെയുള്ള സർഗസഞ്ചാരങ്ങളാണ്. വ്യാസമൗനത്തിനു ഭാഷ്യംകൊടുത്ത ‘രണ്ടാമൂഴ’വും കാലമുറഞ്ഞ കാത്തിരിപ്പിന്റെ ‘മഞ്ഞും’ ഏതു കാലത്തും മലയാളത്തിന്റെ യശസ്സുയർത്തിപ്പിടിക്കും.
വായനക്കാർക്കു തോന്നിയേക്കാവുന്ന വിരസതയോടായിരുന്നു എംടിയുടെ ആദ്യയുദ്ധം. അതുകൊണ്ടുതന്നെ, ‘ആയിരത്തിയൊന്നു രാവുകളി’ൽ കഥ പറഞ്ഞ ഷെഹർസാദയെ അദ്ദേഹം പലപ്പോഴും ഓർമിച്ചു. ഉറക്കംതൂങ്ങിയാൽ, കഥ വിരസമായാൽ സുൽത്താന്റെ ഇരിപ്പിടത്തിനുസമീപം കയ്യെത്താവുന്ന ഇടത്തുള്ള മൂർച്ചവാൾ കഴുത്തിൽ പതിയുമെന്ന ഉറപ്പുണ്ടായിരുന്ന ആ കഥപറച്ചിൽകാരിയെ ഓർമിച്ച്, രാജ്യം കണ്ട ഏറ്റവും മികച്ച കഥപറച്ചിലുകാരിലൊരാൾ പറയുമായിരുന്നു: ‘വിരസതയെ വെല്ലുവിളിച്ചുകൊണ്ടാണ് എന്നും കഥ പറയേണ്ടത്’. ഇത് എംടിയുടെ കഥാദർശനത്തിന്റെ വിളംബരവാക്യംതന്നെയായി മാറുകയും ചെയ്തു.
‘ആൾക്കൂട്ടത്തിൽ തനിയെ’ എഴുതിയ എഴുത്തുകാരൻ ഏതു തിരക്കിലും സ്വന്തമായൊരു ഏകാന്തസാമ്രാജ്യം ഒപ്പംകൊണ്ടുനടന്നു. തന്റെ എഴുത്തിന്റെ മൂല്യം മറ്റാരെയുംകാൾ നന്നായി അറിയാവുന്നത് അദ്ദേഹത്തിനുതന്നെയായിരുന്നു. വായനക്കാരുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മുൻപിൽ തലകുനിച്ചുകൊണ്ടാണ് ജ്ഞാനപീഠമടക്കമുള്ള എല്ലാ പുരസ്കാരങ്ങളും ഏറ്റുവാങ്ങിയത്. ‘നേട്ടങ്ങളുടെ പേരിൽ ഈ ബഹുമതി സ്വീകരിക്കാനുള്ള അഹങ്കാരം എനിക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞത് 1996ൽ, എംജി സർവകലാശാലയുടെ ഡി. ലിറ്റ് സ്വീകരിച്ചുകൊണ്ടാണ്. അടുത്ത വാക്യമായി, ‘ ബാധ്യതകളുടെയും സാധ്യതകളുടെയും തിരിച്ചറിവിന് ഈ അസുലഭനിമിഷം എന്നെ സഹായിക്കുന്നു’ എന്നും പറഞ്ഞു.
എഴുത്തിനെക്കാൾ അദ്ദേഹം വായനയ്ക്കു സമയം മാറ്റിവച്ചു. മലയാള ഭാഷയുടെ ചൈതന്യത്തിനുവേണ്ടി എന്നും നിലകൊണ്ടു. എഴുത്തുകാരുടെ അവകാശങ്ങൾക്കുവേണ്ടി സ്വരമുയർത്തി. പുതിയ ചിന്തകൾക്കൊപ്പം സഞ്ചരിക്കാവുന്ന ഒരു മനസ്സിനെ സദാസജ്‍ജമാക്കിവച്ചു. പത്രാധിപർ എന്ന നിലയിൽ പുതിയ എഴുത്തുകാരെ കണ്ടെത്തുകയും അവർക്കായി അവസരങ്ങളുടെ വാതിൽ തുറന്നുവയ്ക്കുകയും ചെയ്തു. പ്രായം എഴുത്തുവിരൽത്തുമ്പിൽ തൊടാതിരിക്കാൻ എപ്പോഴും നിർബന്ധം പിടിച്ചു. ആധുനികവും ഉത്തരാധുനികവുമായ രചനാരീതികളൊന്നും അദ്ദേഹത്തിന് അപരിചിതമായിരുന്നില്ല. വല്ലപ്പോഴുംമാത്രം ചിരിച്ചു. എല്ലായ്പ്പോഴും ചങ്ങാത്തത്തിന്റെ ഉത്സവങ്ങൾ ഇഷ്ടപ്പെട്ടു.
പ്രാചീന ജൂതർക്കിടയിലുണ്ടായിരുന്ന ഒരു പഴമൊഴിയെക്കുറിച്ച് എംടി എപ്പോഴും പറയാറുണ്ടായിരുന്നു: ‘ദൈവത്തിനു കഥകൾ കേൾക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണ് അദ്ദേഹം മനുഷ്യരെ സൃഷ്ടിച്ചത്!’ പ്രിയപ്പെട്ട എംടി, ഇപ്പോൾ ഞങ്ങൾക്കുമറിയാം, ഞങ്ങൾക്കായി കഥ പറയാൻതന്നെയാണ് അങ്ങ് ഈ മലയാളനാട്ടിൽ പിറന്നത്. അങ്ങേക്കൊപ്പം ഇതേ കാലത്തു ജീവിക്കാനും അങ്ങെഴുതിയതൊക്കെയും വായിക്കാനും കഴിഞ്ഞത് ഞങ്ങളുടെ സുകൃതം.
മലയാള മനോരമയുടെ ചിരബന്ധുവായിരുന്നു എം.ടി.വാസുദേവൻ നായർ. മഹാനായ ആ എഴുത്തുകാരന് ഞങ്ങളുടെ ഹൃദയാഞ്‍ജലി; കണ്ണീരും ഓർമകളും ചാലിച്ച യാത്രാമൊഴി.