നിശ്ശബ്ദ മാറ്റത്തിന്റെ വലിയ കപ്പിത്താൻ
Mail This Article
സംശുദ്ധമെന്ന വിശേഷണത്തോടെ കടന്നുപോകുന്ന ആ ജീവിതം കഠിനാധ്വാനത്താൽ കെട്ടിപ്പടുത്തതായിരുന്നു. പഠിച്ചു നേടിയ അറിവ് തന്റെ രാജ്യത്തിനായി പ്രയോഗിക്കണമെന്നത് അതിന്റെ ബോധ്യമായിരുന്നു. രാഷ്ട്രീയം അതിലുള്ളവരുടെ അധികാരത്തിനും സമ്പത്തിനുമുള്ളതല്ല, സാമൂഹിക മാറ്റത്തിനുള്ളതാവണം എന്നതായിരുന്നു മറ്റൊരു തിരിച്ചറിവ്. രാഷ്ട്രവളർച്ച സാധ്യമാക്കുന്ന നയമാറ്റങ്ങൾക്കായി വെല്ലുവിളികളുടെ നുകം വഹിക്കാൻ ആ ജീവിതം തയാറായി. നല്ല നേതാവെന്ന സങ്കൽപത്തെ സ്വജീവിതംകൊണ്ടു മഹനീയമായംവിധം നിർവചിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് ആദരാഞ്ജലി.
വിഭജനത്തിനു മുൻപുള്ള ഇന്ത്യയിലെ പഞ്ചാബിൽ ഗാഹ് ഗ്രാമത്തിൽ തന്റെ പിതാവ് ജനിച്ച കാലത്തെക്കുറിച്ചു മകൾ ധമൻ സിങ് എഴുതിയിട്ടുണ്ട്: ‘1932ലെ ശരത്കാലത്തിലാണ് അച്ഛൻ ജനിച്ചത്, കൃത്യമായി എന്ന് എന്നത് ആർക്കുമറിയില്ല.’ കൃത്യതയില്ലാത്ത കാലത്തെയും അതിന്റെ ദുരിതങ്ങളെയും അതിജീവിച്ചാണ് മൻമോഹൻ പഠിച്ചതും സാമ്പത്തികശാസ്ത്രത്തിന്റെ ആഴങ്ങളും സാധ്യതകളും അടുത്തറിഞ്ഞതും. വിദേശത്തെ ജോലിവാഗ്ദാനങ്ങൾ നിരസിച്ച് ഇന്ത്യയിലേക്കു മടങ്ങിയത്, അധ്യാപകനായി വരാം എന്ന് പഞ്ചാബ് സർവകലാശാലയ്ക്കു നൽകിയ വാക്കുപാലിക്കാനായിരുന്നു. വിശേഷണങ്ങളിൽ ഒതുങ്ങാത്ത നന്മകളുടെ ഒരു ഉദാഹരണം.
1970കളുടെ ആരംഭം മുതൽ രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കാണ് മൻമോഹൻ വഹിച്ചത്. വിദേശ വ്യാപാര മേഖലയെക്കുറിച്ച് അദ്ദേഹത്തിനുള്ള പ്രാവീണ്യം പ്രയോജനപ്പെടുത്താൻ വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. പിന്നീട് സാമ്പത്തിക മന്ത്രാലയത്തിൽ മുഖ്യ ഉപദേഷ്ടാവായി. അടിയന്തരാവസ്ഥക്കാലത്ത് സർക്കാരിന്റെ ഭാഗമായിരുന്ന് സാമ്പത്തിക പ്രശ്നങ്ങളിൽ ഉപദേശം നൽകിയെങ്കിലും, ഭരണകൂടത്തിന്റെ തെറ്റുകളെ വിമർശിക്കാൻ തെല്ലും മടിച്ചില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന സർക്കാരും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയത്, രാഷ്ട്രീയാതീതമാണ് നിലപാടുകളെന്ന ബോധ്യത്തിലാണ്. റിസർവ് ബാങ്കിന്റെ 15ാമത്തെ ഗവർണറായി 1982 –1985ൽ പ്രവർത്തിച്ച മൻമോഹൻ, സാമ്പത്തിക പരിഷ്കാരങ്ങൾക്കു തന്റേതായ രീതിയിൽ കഠിനശ്രമങ്ങൾ നടത്തി. ബാങ്കുകളുടെ പ്രവർത്തനം പരമാവധി സുതാര്യമാക്കുന്നതിനൊപ്പം, ഗ്രാമവികസന പദ്ധതികൾക്ക് ഉദാരവായ്പകൾ ലഭ്യമാക്കാനും നടപടിയെടുത്തു. സർക്കാരിന്റെ ഇടപെടലുകൾ പ്രതിരോധിച്ച്, റിസർവ് ബാങ്കിന്റെ സ്വതന്ത്രസ്വഭാവം സംരക്ഷിച്ചു. വിദേശ ബാങ്കുകൾക്കു ലൈസൻസ് നൽകാൻ റിസർവ് ബാങ്കിനുള്ള അധികാരം എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചപ്പോൾ തന്റെ രാജിക്കത്തുകൊണ്ടാണ് അതിനെ നേരിട്ടത്. അദ്ദേഹത്തിന്റെ സേവനം നഷ്ടപ്പെടാൻ താൽപര്യപ്പെടാതിരുന്ന സർക്കാർ തീരുമാനം പിൻവലിച്ചു. ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായിരിക്കെയും വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ മൻമോഹൻ മടിച്ചില്ല.
യുജിസി അധ്യക്ഷനായിരിക്കെ, അപ്രതീക്ഷിതമായാണ് കേന്ദ്ര ധനമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. രാജ്യ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായ കാലം. ലൈസൻസ് രാജിൽനിന്നു സാമ്പത്തിക പരിഷ്കാരങ്ങളുടേതായ ലോകത്തിലേക്കു നയിക്കാനുള്ള മാർഗങ്ങളുടെ കുറിപ്പടിയുമാണ് ‘ഡോക്ടർ സാബ്’ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന ധനമന്ത്രി രംഗപ്രവേശം ചെയ്തത്.
പ്രശ്നങ്ങൾ തനിക്ക് അറിയാമായിരുന്നതിനാൽ പരിഹാരം നിർദേശിക്കലും എളുപ്പമായിരുന്നെന്നാണ് മൻമോഹൻ പിന്നീടു പറഞ്ഞത്. ബജറ്റിലൂടെ മുന്നോട്ടുവച്ച നടപടികൾ രാജ്യത്തിന്റെ ഭാവിക്ക് അടിത്തറയായി. രാജ്യാന്തര നാണ്യനിധിയുടെ ആശയങ്ങളെന്ന് പരിഷ്കാരങ്ങളെ ആക്ഷേപിച്ചവരും ധനമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്തില്ല. നികുതി പരിഷ്കാരങ്ങൾക്കൊപ്പം, ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലെ ഉദാരവൽക്കരണത്തിനും നിർദേശങ്ങളുണ്ടായി. മാറ്റങ്ങളെ എതിർക്കുന്നവരെ കരുതിയെന്നോണം തന്റെ പക്കൽ എപ്പോഴും രാജിക്കത്തുണ്ടായിരുന്നെന്നു മൻമോഹൻ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനവും അപ്രതീക്ഷിതമായിരുന്നു. കൂട്ടുകക്ഷി ഭരണത്തിന്റെ വഴക്കങ്ങൾക്കു വിധേയപ്പെട്ടുതന്നെ അവകാശങ്ങളുടേതായ ഒരുപിടി നിയമങ്ങളാണ് ഒന്നാം യുപിഎ സർക്കാർ പാസാക്കിയത്: വിദ്യാഭ്യാസ അവകാശം, തൊഴിലുറപ്പ്, വനാവകാശം, വിവരാവകാശം, ആരോഗ്യമിഷൻ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% ഒബിസി സംവരണം... അങ്ങനെ നീളുന്നു പട്ടിക. വൈവിധ്യങ്ങൾ സംരക്ഷിച്ച് രാജ്യം മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുമെന്നു വ്യക്തമാക്കാനുള്ള അവസരമേതും അദ്ദേഹം വിനിയോഗിച്ചു.
ഇന്ത്യ – യുഎസ് സിവിൽ ആണവ കരാറിന്റെ പേരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഇടതുപാർട്ടികളുടെ ഭീഷണിയിൽ മൻമോഹൻ പതറിയില്ല. പോകുന്നവർ പോകട്ടെയെന്നു വ്യക്തമാക്കി തന്റെ നിശ്ചയദാർഢ്യംകൂടി അദ്ദേഹം പ്രകടിപ്പിച്ചു. അതിനുള്ള അംഗീകാരമായിരുന്നു അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മൻമോഹന്റെ നേതൃത്വത്തിലുള്ള ജയം. രണ്ടാം യുപിഎയുടെ കാലത്താണ് ഭക്ഷ്യഭദ്രതാ നിയമം വന്നത്.
ഘടകകക്ഷികളുടെയും മറ്റും വകുപ്പുകൾ അഴിമതി ആരോപണം നേരിട്ടപ്പോഴും മൻമോഹന്റെ സംശുദ്ധിയെ ആരും സംശയിച്ചില്ല. ദുർബലനായ പ്രധാനമന്ത്രിയെന്നും സർക്കാരിനു നയപരമായ തളർച്ചയെന്നും ആക്ഷേപങ്ങളുണ്ടായപ്പോഴും നിലപാടുകളിലെ സത്യസന്ധതയുടെയും വ്യക്തതയുടെയും ബലത്തിൽ മൻമോഹൻ പിടിച്ചുനിന്നു.
ഡോ.മൻമോഹൻ സിങ്ങിൽ വിശുദ്ധ വ്യക്തിത്വമാണ് പാശ്ചാത്യലോകം കാണുന്നതെന്ന് ബറാക് ഒബാമ പറഞ്ഞു. ഉന്നതവും തെളിഞ്ഞതുമായ ചിന്തയും സൗമ്യഭാഷണവും വശ്യമായ പുഞ്ചിരിയും ആഭരണമാക്കിയ ഡോ.മൻമോഹൻ സിങ്ങിനെ ലോക നേതാക്കൾ പലരും തങ്ങളുടെയും നേതാവ് എന്നു വിളിച്ചു. രാഷ്ട്രനേതൃത്വത്തിൽ ഇന്ത്യ ലോകത്തിനു നൽകിയ ഉദാത്തമായ ജീവിതമാതൃകയാണ് കടന്നുപോകുന്നത്.