വാക്കിന്റെ വർഷം; പാഴ്വാക്കുകളുടെയും
Mail This Article
അധികാരം എന്നത് സർവാധിപത്യമാകുന്നുവെന്നും നടക്കുന്നതു നേതൃപൂജയാണെന്നുമാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ സാക്ഷാൽ എം.ടി. വാസുദേവൻ നായർ ഈ വർഷമാദ്യം കോഴിക്കോട്ടു പറഞ്ഞത്. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല ജനത്തിന്റെ സ്വാതന്ത്ര്യമെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. വർഷം കടന്നുപോകുന്നതിനൊപ്പം എംടിയും കാലത്തിന്റെ പടി കടന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എംടിയെ അനുസ്‌മരിച്ചത് ഇങ്ങനെ: ‘‘ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുംവിധം സമൂഹത്തെ പാകപ്പെടുത്താൻ എംടി നടത്തിയ ഇടപെടലുകൾ വലുതാണ്. തന്റെ വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിനു പോറലേൽപിക്കുന്നതാവരുത് എന്ന് അദ്ദേഹം നിഷ്‌കർഷ പുലർത്തി.’’
തുടർഭരണത്തിന്റെ അഹന്തയിൽ സംസ്‌ഥാനത്തുനടന്ന പലതും ഇടതുപക്ഷത്തിനു പോറലേൽപിച്ചു എന്നാണ് എംടിയെ കേട്ട മിക്കവർക്കും അന്നു മനസ്സിലായത്. ഒന്നുകിൽ, അതാണു ശരി എന്നും തന്നെ എംടി തിരുത്തുകയായിരുന്നു എന്നും പിണറായി സമ്മതിക്കുന്നു. അല്ലെങ്കിൽ, എംടി ജീവിച്ചിരുന്ന കാലത്തൊന്നും മറുപടി പറയാതെ ‘തന്നെ ഉദ്ദേശിച്ചല്ല അത്’ എന്നു സുരക്ഷിതമായി ന്യായീകരിക്കുന്നു. രണ്ടിലേതാവും ശരി? ഈ ചോദ്യത്തിനുത്തരം കണ്ടെത്തലാവട്ടെ പുതിയ വർഷത്തെ പ്രധാനദൗത്യം. നമ്മെ വിട്ടുപോയ എംടിയുടെ ചുണ്ടത്ത് ഒരു ചെറുപുഞ്ചിരിയുണ്ടോ എന്നു കാണാനും വയ്യല്ലോ?
എല്ലാവരും കാറിൽ സഞ്ചരിക്കേണ്ട കാര്യമെന്താണ്, നടന്നു പോയാൽപ്പോരേ എന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ സംശയത്തിനു തന്നെയാവും പോയകൊല്ലത്തെ മികച്ച ആശയത്തിനുള്ള പുരസ്‌കാരം. ‘ദൈവവിശ്വാസം തുറന്നുസമ്മതിക്കാൻ സിപിഎമ്മുകാർ മടിക്കേണ്ടതില്ല’ എന്ന എം.വി. ഗോവിന്ദന്റെ പ്രഖ്യാപനം മൂലം ദൈവങ്ങൾക്കുണ്ടാകാവുന്ന പേടി മാറ്റാൻ എന്തെങ്കിലും ഉപായം കണ്ടെത്തുന്നതും പരിഗണിക്കണം.
ഐക്യം ഉറപ്പാക്കാനുള്ള ‘മിഷൻ 25’ കെപിസിസി ക്യാംപ് കഴിഞ്ഞ് വയനാട് ചുരമിറങ്ങിയതിന്റെ പിറ്റേന്നുതന്നെ കെപിസിസി ഭാരവാഹികളെ ഒഴിവാക്കി വി.ഡി.സതീശന്റെ വാട്‌സാപ് ഗ്രൂപ്പ്. സതീശനെ പങ്കെടുപ്പിക്കാതെ രായ്ക്കു രാമാനം കെ.സുധാകരന്റെ ഓൺലൈൻ യോഗം എന്നിങ്ങനെ തമ്മിലടിയിൽ വിളവുകുറയാതെ കാത്ത കോൺഗ്രസിനു പാരമ്പര്യ ഗ്രൂപ്പുകൃഷിയിലെ മികച്ച പ്രകടനത്തിനു താക്കോൽസ്‌ഥാന പുരസ്കാരം നൽകാവുന്നതാണ്.
‘പാർട്ടിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഏതു കൊമ്പത്തിരിക്കുന്നവനാണെങ്കിലും കൈകാര്യം ചെയ്‌തുകളയും’ എന്നുപറഞ്ഞ ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ‘ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ’യാണ് പത്രപ്രവർത്തകർ എന്നു പറഞ്ഞ പാലക്കാട്ടെ സിപിഎം നേതാവ് എൻ.എൻ.കൃഷ്‌ണദാസിനുമാണ് മാധ്യമസ്വാതന്ത്ര്യത്തിനുള്ള സമഗ്രസംഭാവനാ പുരസ്‌കാരം എന്ന കാര്യത്തിൽ തർക്കമില്ല.
‘ജയിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രമേ മത്സരിപ്പിക്കാവൂ’ എന്നാണ് സുരേഷ് ഗോപി കഴിഞ്ഞദിവസം ബിജെപി യോഗത്തിൽ പറഞ്ഞത്. ആ ഉറപ്പുവരാൻ എത്രവട്ടം മത്സരിക്കേണ്ടി വരുമെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയത്തിന്റെ ഭാവിയെപ്പറ്റി ഏകദേശചിത്രം കിട്ടുമായിരുന്നു. ‘ഒന്നാം തീയതി തന്നെ കെഎസ്ആർടിസിയിൽ ശമ്പളം നൽകും’ എന്ന പ്രസ്‌താവന മന്ത്രി കെ.ബി.ഗണേഷ്‌കുമാർ അടുത്തകൊല്ലവും എല്ലാ മാസവും തുടരാതിരിക്കാനും സാധ്യത കാണുന്നില്ല. സ്വപ്ന സുരേഷിനെതിരെ മാനനഷ്‌ടത്തിനു കേസിനുപോകാൻ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്‌ണൻ എന്നിവർക്കു സിപിഎം നൽകിയ അനുമതി ഒരു കൊല്ലംകൂടി ഫ്രീസറിൽ ഇരുന്നു ചീഞ്ഞതും ഈ കൊല്ലത്തിന്റെ നീക്കിയിരുപ്പിൽപെടും.പറഞ്ഞതിന്റെയും ചെയ്‌തുകൂട്ടിയതിന്റെയും കണക്കെടുക്കാൻ തുടങ്ങിയാലുണ്ടോ വല്ല അന്തവും കുന്തവും കൊടച്ചക്രവും? ‘കാലമിനിയുമുരുളും വിഷു വരും, വർഷം വരും, തിരുവോണം വരും... പിന്നെ ആരെന്നുമെന്തെന്നുമാർക്കറിയാം’ എന്നാണ് കവി പാടിയത്.
വീ വിൽ മിസ് യു ആരിഫ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാർ വാല്യൂ കണ്ട് കക്ഷിഭേദമില്ലാതെയായിരുന്നു നാട്ടിലെ നേതാക്കൾക്ക് അസൂയ. പല ഷോയ്ക്കും ജനം കയ്യടിച്ചു. ഗുണ്ടായിസത്തിനു ‘രക്ഷാപ്രവർത്തന’ സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ അവരുടെ നിസ്സഹായത മനസ്സിലാക്കി ആരിഫ് തന്നെത്തന്നെ നായകനാക്കി തിരക്കഥ തിരുത്തി. ഭരണത്തിന്റെ പിൻബലമുള്ള പേക്കൂത്തുകളെ ‘ബ്ലഡി ക്‌രിമിനൽസ്’ എന്നു വിളിച്ചു നേരിട്ടു. നടുറോഡിലിറങ്ങി കസേര വലിച്ചിട്ടിരുന്നു സർക്കാരിനെ ശ്വാസംമുട്ടിച്ചു. കേന്ദ്രസംഘത്തിന്റെ സുരക്ഷയിൽ നാടുചുറ്റി. നാടകമാണെന്നറിഞ്ഞപ്പോഴും ജനം ‘വൺസ് മോർ’ വിളിച്ചു. സെക്രട്ടേറിയറ്റിനൊപ്പം രാജ്ഭവനെയും വാർത്താകേന്ദ്രമാക്കി. പിണറായിക്ക് ഒപ്പമോ അതിനു മുകളിലോ സ്വയം, വാർത്തയുടെ പ്രഭവകേന്ദ്രമായി. ദുരന്തങ്ങളിൽ ആശ്വാസമായും ഉത്സവങ്ങളിൽ ഉത്സാഹിയായും വിദ്യാരംഭത്തിൽ കാരണവരായും കളം നിറഞ്ഞുകളിച്ചു. ജനനംകൊണ്ട് ഉത്തർപ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാന്റെ തുടക്കം ജനതാപാർട്ടിയിൽ ആയിരുന്നു. കോൺഗ്രസ്, ജനതാദൾ, ബിഎസ്‌പി വഴി ബിജെപിയിലെത്തി. പലവട്ടം സോഷ്യലിസത്തോട് ഓരം ചേർന്നു സഞ്ചരിച്ച ശീലമുണ്ടായിട്ടും കമ്യൂണിസ്‌റ്റ് സർക്കാരിനെ കക്ഷി കുടിപ്പിച്ച വെള്ളത്തിനുണ്ടോ വല്ല കയ്യും കണക്കും?
ഗവർണർ മാറുമ്പോൾ ‘ശത്രു കട്ടിലൊഴിഞ്ഞു’ എന്നാശ്വസിക്കാൻ സർക്കാരിനില്ല വകുപ്പ്. കോൺഗ്രസ്, സോഷ്യലിസ്‌റ്റ് വെള്ളം ചേർക്കലൊന്നുമില്ലാത്ത, ആപാദചൂഡ സംഘ പശ്ചാത്തലമുള്ളയാളാണ് പുതിയ ഗവർണർ, ജനനംകൊണ്ട് ഗോവക്കാരനായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കുട്ടിയായിരിക്കുന്ന കാലം തൊട്ടേ ആർഎസ്എസ്. മോദിയോടുള്ള അടുപ്പത്തിലും ആരിഫിനെക്കാൾ മുൻപൻ. ‘കേരളത്തെ മിസ് ചെയ്യും’ എന്നാണ് ബിഹാറിലേക്കു പോകുംമുൻപ് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. ആരിഫിന്റെ പ്രകടനങ്ങൾ മലയാളികളും മിസ് ചെയ്യും.
‘കേക്കാ’ത്ത മേയറോടെന്തിന്...
തൃശൂർ മേയർ എം.കെ.വർഗീസിനു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീട്ടിൽ കൊണ്ടുപോയി ക്രിസ്മസ് കേക്കു കൊടുത്തതിനു മുൻ മന്ത്രിയും സർവോപരി തൃശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ് ഗോപിയോടു തോറ്റ സിപിഐ സ്‌ഥാനാർഥിയുമായ വി.എസ്.സുനിൽകുമാറിനു കൊതിക്കെറുവു തോന്നേണ്ട ഒരു കാര്യവുമില്ലായിരുന്നു. വിശേഷിച്ചും സുരേന്ദ്രന്റെ വീട്ടിൽ സുനിലും സുനിലിന്റെ വീട്ടിൽ സുരേന്ദ്രനുമൊക്കെ പോയി ചായ കുടിച്ചിട്ടുള്ള സാഹചര്യത്തിൽ. തോറ്റതിന്റെ ചൊരുക്കു മാറാത്ത സൂക്കേടാണ് സുനിലിനെന്നാണ് വർഗീസ് പറഞ്ഞത്. തിരഞ്ഞെടുപ്പു കാലത്തുതന്നെ ‘സുരേഷ് ഗോപി എംപിയാകാൻ ഫിറ്റാണ്’ എന്നു സർട്ടിഫിക്കറ്റ് നൽകിയ ഇടതുപക്ഷ മേയറാണ് വർഗീസേട്ടൻ. സുനിൽകുമാർ തോൽക്കുന്നതു സന്തോഷമുള്ള കാര്യമായതിനാലാവണം സിപിഎം അന്ന് കമാന്നു മിണ്ടാൻ പോയതുമില്ല. കേക്ക് മിക്സിങ് അന്നേ തുടങ്ങിയിട്ടുണ്ടാവണമെന്നാണ് ഇപ്പോ സുനിലിന്റെ തോന്നൽ.
ചുട്ടെടുക്കാനും സമ്മാനിക്കാനും പെട്ടെന്നു കഴിയുമെങ്കിലും ഓരോ കേക്കിനും പിന്നിൽ ദീർഘനാളത്തെ പ്ലാനിങ് വേണം. കേരളത്തിൽ എത്രയോ മേയർമാരുണ്ടായിട്ടും വർഗീസിനു മാത്രം ബിജെപി കേക്ക് എന്തിനു കൊടുത്തു എന്നാണ് സുനിലിന്റെ അരിശവും സംശയവും. പറഞ്ഞാൽ കേൾക്കുന്നവർക്കു കേക്ക് കൊടുക്കാനാണ് എല്ലാർക്കും ഇഷ്ടം. കൊതിച്ചിട്ടും കെറുവിച്ചിട്ടും കാര്യവുമുണ്ടോ. തൃശൂർ കോർപറേഷനിൽ 24 സീറ്റു വീതമാണ് ഇടത്, യുഡിഎഫ് മുന്നണികൾക്ക്. ബിജെപിക്ക് ആറും. യുഡിഎഫിന്റെ 24ഉം കോൺഗ്രസിനാണെന്നത് തൃശൂർപൂരം പോലെ മറ്റൊരു ലോകാദ്ഭുതം. കോൺഗ്രസ് സീറ്റു നൽകാതെ വന്നപ്പോൾ വിമതനായി ജയിച്ചുകയറിയ വർഗീസിനാണ് മേയർ സ്ഥാനമെന്ന ലോട്ടറി കിട്ടിയത്. വെറുതേ വെറുപ്പു കാട്ടാമെന്നല്ലാതെ വർഗീസിനെ മേയർ സ്‌ഥാനത്തുനിന്നു തെറിപ്പിക്കാനുള്ള പാങ്ങൊന്നും ഇപ്പോൾ സുനിലിനില്ല. എൽഡിഎഫിന്റെ 24ൽ 15 പേരും സിപിഎമ്മാണ്. നാലെണ്ണമേ ഉള്ളൂ സിപിഐക്ക് സ്വന്തം. ആ നാലുപോലും സുനിലിനൊപ്പം കാണുമോ എന്നു സംശയം. പറഞ്ഞാൽ കേക്കാത്തവരോട് കേക്കിന്റെ കാര്യം പറഞ്ഞ് കൂടുതൽ ഇടയാൻ നിൽക്കാതെ സുനിൽ പിൻവലിഞ്ഞത് ഏതായാലും ബുദ്ധിയായി.
സ്‌റ്റോപ് പ്രസ്
സെക്രട്ടേറിയറ്റിൽ ഒരാഴ്ചയ്ക്കിടെ പഴയ ഫയലുകൾക്കിടയിൽ മൂന്നാമതും പാമ്പ്.
(ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാരോട് നേരത്തേ പറഞ്ഞത് ഒന്നും കാണാതെയല്ല.)